ഇന്ത്യയും നേപ്പാളും മൂന്ന് കരാറുകളില്‍ ഒപ്പ് വെച്ചു

Posted on: August 4, 2014 10:35 am | Last updated: August 4, 2014 at 10:35 am

India-Nepal_3കാഠ്മണ്ഡു: രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുവരും സുപ്രധാനമായ മൂന്ന് കരാറുകളില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് മോദി നേപ്പാളില്‍ വിമാനമിറങ്ങിയത്. ഇതിന് ശേഷം കൊയ്‌രാളയുമായി ദര്‍ബാര്‍ സെക്രട്ടേറിയറ്റില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക കാര്യങ്ങള്‍, സമാധാന നീക്കങ്ങള്‍, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചക്ക് വന്നു.
പൊതുജനങ്ങളുടെ താത്പര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുഗമമായ ബന്ധത്തെ കുറിച്ചും ചര്‍ച്ച നടത്തിയെന്ന് വാര്‍ത്താവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് നേതാക്കളും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മൂന്ന് കരാറുകളില്‍ ഒപ്പ് വെച്ചത്. 6.9 കോടിയുടെ സാമ്പത്തിക സഹായം നേപ്പാളിന് നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് ഒരു കരാര്‍. രണ്ടാമത്തെ കരാര്‍, പഞ്ചേശ്വര്‍ മള്‍ട്ടിപ്പിള്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 17ന്റെയും 18ന്റെയും ഭേദഗതിയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ സ്റ്റേഷനുകളുടെ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടതാണ് ഒപ്പ് വെച്ച മൂന്നാമത്തെ കരാര്‍.
17 വര്‍ഷത്തിനിടക്ക് നേപ്പാളില്‍ ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് നേപ്പാള്‍ സര്‍ക്കാര്‍ മോദിക്ക് നല്‍കിയത്. പ്രധാനമന്ത്രി കൊയ്‌രാള, ഉപപ്രധാനമന്ത്രിമാരായ ബാം ദേവ് ഗൗതം, പ്രകാശ് മാന്‍ സിംഗ് തുടങ്ങിയ പ്രമുഖര്‍ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. തന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് താന്‍ ആശ്ചര്യപ്പെടുകയാണെന്നും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും നേപ്പാള്‍ സന്ദര്‍ശനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ ദോവാല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.