കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്

Posted on: August 3, 2014 6:00 am | Last updated: August 3, 2014 at 12:25 am

SIRAJ.......ലോക്‌സഭാ തിരഞ്ഞെടുപ്പ്കാലത്ത് പാര്‍ട്ടി അണികളെ ഒന്നിച്ചണിനിരത്താന്‍ എല്ലാ പാര്‍ട്ടികളും ചില്ലറ ചെപ്പടി വിദ്യകള്‍ നടത്തുന്നത് പുതുമയുള്ള കാര്യമല്ല. ഈ വിധം ഒരു കളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കാണിച്ചു. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിസഭാ പുനഃസംഘടന’. അതോടെ മന്ത്രിസ്വപ്‌നവുമായി ചിലരെങ്കിലും കാലം കഴിച്ചു. ഹൈക്കമാന്‍ഡില്‍ നിന്ന് പച്ചക്കൊടി കിട്ടിയതിനാല്‍ അല്‍പ്പം താമസിച്ചാലും പുനഃസംഘടന ഉറപ്പ്. പക്ഷേ, അധികം കഴിയും മുമ്പ് എല്ലാം ദിവാസ്വപ്‌നങ്ങളായിരുന്നുവെന്ന് മന്ത്രിക്കുപ്പായം തയ്ച്ച്‌വെച്ചവരടക്കം എല്ലാവര്‍ക്കും മനസ്സിലായി. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയടക്കമുള്ളവരുമായി പുനഃസംഘടനാകാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് എല്ലാം സംസ്ഥാനത്ത് തീരുമാനിച്ച് ഉറപ്പിച്ചശേഷം ഡല്‍ഹിക്കുവന്നാല്‍ മതിയെന്ന ‘ഉത്തരവ്’ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡ് നല്‍കിയത്. അപ്പോഴേക്കും, നിയമസഭാ സ്പീക്കര്‍ക്ക് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകണം. വകുപ്പ് മാറ്റിക്കിട്ടിയാല്‍ കൊള്ളാമെന്ന് മറ്റു ചിലര്‍. മന്ത്രിമാരെ മാറ്റിയാല്‍ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുമെന്ന് ചിലര്‍ക്ക് പ്രതീക്ഷ. പാരമ്പര്യവും യോഗ്യതയുമുള്ളവരെ അവഗണിക്കുന്നത് ശരിയല്ലെന്ന് മറ്റു ചിലര്‍. അപ്പോഴാണ് പുനഃസംഘടനയല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. ചര്‍ച്ച കഴിഞ്ഞ് അദ്ദേഹം പത്രസമ്മേളനം നടത്തി. പലരും ഇടിവെട്ടിയപോലെയായി. ‘മന്ത്രിസഭാ അഴിച്ചുപണിയെക്കുറിച്ച് വലിയ പ്രതീക്ഷ വെക്കേണ്ടതില്ല’ -ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ എല്ലാം തകിടം മറിഞ്ഞു.
അപ്പോഴാണ് മറ്റൊരു പുനഃസംഘടനയെക്കുറിച്ച് അറിയിപ്പുണ്ടായത്. കോണ്‍ഗ്രസില്‍ സംഘനാ തിരഞ്ഞെടുപ്പ്! ആരും സംശയിക്കേണ്ട, സംഘടനാ പുനഃസംഘടന തന്നെ. കാലാകാലം ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നവര്‍ ഭാരവാഹികളാകുക എന്ന പതിവിന് പകരം നേതാക്കളെ അണികള്‍ നേരിട്ട് തിരഞ്ഞെടുക്കട്ടെ. വി എം സുധീരനെ കെ പി സി സി പ്രസിഡന്റ് ആക്കിയതും ഹൈക്കമാന്‍ഡ് തന്നെ. ഇനി കോണ്‍ഗ്രസില്‍ യോഗ്യതയും അര്‍ഹതയും അനുസരിച്ചേ നിയമനങ്ങള്‍ ഉണ്ടാകൂ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ആഗസ്ത് 10ന് വൈകുന്നേരം നാല് മണിക്ക് ബൂത്ത് തല തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ് തുടങ്ങി പാര്‍ട്ടിയില്‍ അംഗത്വമുള്ളവരെല്ലാം അന്ന് ബൂത്തുകളിലെത്തും. 21,458 ബൂത്ത് കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് മേലോട്ട് ഡി സി സി ഭാരവാഹികള്‍ വരെയുള്ളവരുടെ തിരഞ്ഞെടുപ്പ്. ഇത്തവണ സര്‍വാണി സദ്യയല്ല ചിലമാറ്റങ്ങളുണ്ട്. മദ്യപാനികള്‍, മാഫിയാ ബന്ധമുള്ളവര്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസില്‍ ഭാരവാഹിത്വത്തിന് അര്‍ഹതയില്ല. ഗ്രൂപ്പ് തിരിഞ്ഞ് തിരഞ്ഞെടുപ്പില്ല. യോഗ്യതക്കും പ്രവര്‍ത്തന മികവിനും അംഗീകാരം ലഭിക്കും. സംഘടന ശുദ്ധീകരിക്കാനുള്ള പരിപാടികള്‍ കെ പി സി സി അധ്യക്ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതാവസാനം വരെ ഭാരവാഹിയായി തുടരാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട- പരമാവധി 10 വര്‍ഷം. എം എല്‍ എ, മന്ത്രി എന്നിവരുടെ പരമാവധി കാലാവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനും നിയന്ത്രണം വന്നേക്കും. ഈ വിധം സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ 1885ല്‍ രൂപവത്കൃതമായ, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് ഇനിയുമൊരു അങ്കത്തിന് ശേഷി ലഭിക്കും. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയല്ലെങ്കിലും ഈയിടെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് നടുറോഡില്‍ നടത്തിയ പോരാട്ടം അത്യുഗ്രമായിരുന്നു.
പിന്നെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്, മുഖ്യ രാഷ്ട്രീയ ശത്രുവായ സി പി എമ്മിലും കാര്യങ്ങളെല്ലാം ഏതാണ്ട് ഇതുപോലെയൊക്കെയാണെന്നതാണ്. കോണ്‍ഗ്രസില്‍ എന്തും പറയാന്‍ അവകാശമുണ്ടെന്നിരിക്കെ, സി പി എമ്മില്‍ അത്രകണ്ട് അവകാശമില്ല. വിഭാഗീയത പഴയത് പോലെ രൂക്ഷമല്ലെങ്കിലും മറ്റുരോഗങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു എന്നത് കോണ്‍ഗ്രസിന് ആശ്വാസകരമാണ്. മന്ത്രിസഭാ പുനഃസംഘടനയെന്ന മുറവിളിയുടെ ഗ്യാസ് ചോര്‍ന്ന് പോയത് പോലെ, വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പുനഃസംഘടനാ പദ്ധതിയെ കുറിച്ചും വെച്ചുപുലര്‍ത്തുന്നവര്‍ ഏറെയുണ്ട്. സംഘടനക്ക് നേതൃത്വം നല്‍കുന്നവര്‍ അണികള്‍ ആഗ്രഹിക്കുന്നവരാകണം. എ ഐ സി സി പ്രഖ്യാപിക്കുന്ന ഷെഡ്യൂള്‍ പ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന ഗതകാല ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പ്രത്യാശിക്കാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഹൈക്കമാന്‍ഡിനെ ശരിക്കും ചിന്തിപ്പിക്കേണ്ടതാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി ബി ജെ പിയോട് കെഞ്ചാന്‍ മാത്രം കോണ്‍ഗ്രസ് ശോഷിച്ചുപോയത് അധികാരത്തിലിരിക്കുമ്പോള്‍ അണികളേയും പൊതുജനങ്ങളേയും മറന്നതിനുള്ള ശിക്ഷയാണ്. സുധീരന്‍ ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ല. സംഘടന ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

ALSO READ  പോലീസ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് തന്നെ