Connect with us

Gulf

ദുബൈ-ഷാര്‍ജ അതിര്‍ത്തിയില്‍ കൂടുതല്‍ നടപ്പാലങ്ങള്‍ വേണമെന്ന്

Published

|

Last Updated

ദുബൈ: ഷാര്‍ജ-ദുബൈ റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ മതിയായ തോതില്‍ നടപ്പാലങ്ങളില്ലാത്തത് അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നത് വര്‍ധിക്കാന്‍ ഇടയാക്കുന്നു. അല്‍ നഹ്ദ മേഖലയിലാണ് കൂടുതല്‍ പേരും ജീവന്‍ പണയപ്പെടുത്തി റോഡ് മുറിച്ചു കടക്കുന്നത്. ഈ മേഖലയില്‍ കിലോമീറ്ററുകള്‍ അകലെപ്പോലും റോഡ് മുറിച്ചു കടക്കാന്‍ സീബ്ര ക്രോസിംഗോ റോഡിന് മുകളിലൂടെ നടപ്പാലമോ മതിയായ തോതില്‍ നിര്‍മിക്കപ്പെടാത്തതാണ് ഇത്തരം ഒരു സാഹചര്യത്തിന് ഇടയാക്കുന്നത്.
അല്‍ നഹ്ദയില്‍ ഷാര്‍ജ ഭാഗത്ത് റോഡ് മുറിച്ചു കടക്കാന്‍ ഒരൊറ്റ മേല്‍പ്പാലവുമില്ലെന്ന് താമസക്കാര്‍ പറയുന്നു. അല്‍ നഹ്ദയില്‍ ആകെ ഒരു നടപ്പാലം മാത്രമാണ് ഉള്ളത്. ഇത് ദുരെ ആയതിനാലാണ് അത്യാവശ്യങ്ങള്‍ക്കായി ഇറങ്ങുന്നവരില്‍ മിക്കവരും അനധികൃതമായി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത്. ഷാര്‍ജക്കും ദുബൈക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന അല്‍ നഹ്ദ താമസ മേഖലയില്‍ കൂടുതല്‍ നടപ്പാലങ്ങള്‍ ആവശ്യമാണെന്ന് താമസക്കാര്‍ പറയുന്നു. ഈ മേഖലയില്‍ റോഡ് മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അപകടത്തില്‍ അകപ്പെടുന്നതും ചിലര്‍ മരിക്കാന്‍ ഇടയാവുകയും ചെയ്ത സാഹചര്യം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ നടപ്പാലങ്ങള്‍ക്കായി താമസക്കാരില്‍ നിന്നും മുറവിളി ഉയരുന്നത്. നടപ്പാലങ്ങള്‍ നിര്‍മിക്കാന്‍ കാലതാമസം വരുമെങ്കില്‍ സീബ്ര ക്രോസിംങ്ങെങ്കിലും സ്ഥാപിച്ചാല്‍ ഇവിടെ ആളുകള്‍ അപടകത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. അമ്മാന്‍ സ്ട്രീറ്റിലെ ഡി 97 മേഖലയിലാണ് കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്.
സഹാറ സെന്ററിന് സമീപത്തും ആളുകള്‍ വന്‍തോതില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കാറുണ്ട്. സഹാറ സെന്ററിന് എതിര്‍വശത്താണ് മിക്കവരുടെയും താമസമെന്നതാണ് ജീവന്‍ പണയംവെച്ചും റോഡ് മുറിച്ചു കടക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ദുബൈയില്‍ നിന്നും മറ്റും വരുന്നവരാണ് ഇതില്‍ അധികവും. ഇവിടെ നിന്നു റോഡ് മുറിച്ചു കടന്നാല്‍ ടാക്‌സിക്ക് 20 ദിര്‍ഹം നല്‍കുന്നത് ലാഭിക്കാമെന്ന മെച്ചവും ആളുകളെ റോഡ് മുറിച്ചു കടക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ ഭാഗത്ത് ഓരോ മിനിട്ടിലും നിറഞ്ഞൊഴുകന്ന വാഹനങ്ങള്‍ വകവെക്കാതെ ആളുകള്‍ റോഡ് മുറിച്ചു കടക്കുന്ന കാഴ്ച ഭീതിജനകമാണ്. സഹാറ സെന്ററിനരുകില്‍ ഇറങ്ങുന്നവര്‍ക്ക് കിലോമീറ്ററുകളോളം നടന്നാലെ റോഡിന് മുകളിലൂടെയുള്ള നടപ്പാലത്തിലൂടെ നിയമാനുസൃതം റോഡ് മുറിച്ചു കടക്കാന്‍ സാധിക്കൂവെന്നതും അപകടം വകവെക്കാതെ മറുഭാഗത്തെത്താന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
സഹാറ സെന്റര്‍ പോലുള്ള അനുവദനീയമല്ലാത്ത മേഖലയില്‍ റോഡ് മറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പൊന്നും റോഡ് മുറിച്ചു കടക്കുന്നതിന് അറുതിയുണ്ടാക്കുന്നില്ല. ഈ മേഖലയിലൂടെ വാഹനം ഓടിക്കുന്നത് ശ്രമകരമാണ്. പലരും വാഹനങ്ങള്‍ വരുന്നത് വകവെക്കാതെയാണ് റോഡിലൂടെ ഓടുന്നതെന്ന് ഇതുവഴി പതിവായി യാത്രചെയ്യുന്നവരില്‍ ഒരാള്‍ വ്യക്തമാക്കി.

Latest