കനത്ത മഴ: രണ്ട് മരണം

Posted on: August 2, 2014 9:02 am | Last updated: August 2, 2014 at 9:02 am

പാലക്കാട്: ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി തുടരുന്ന കനത്തമഴയില്‍ രണ്ട് പേര്‍മരിച്ചു.
ചുമരിടിഞ്ഞുവീണ് മക്കളോടൊപ്പം ഒറ്റമുറി വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന അച്ഛന്‍ ദാരുണമായി മരിച്ചു. മക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടായി അയ്യങ്കുളം ഓടനിക്കാട് കോളനിയില്‍ പരേതനായ വേലന്റെ മകന്‍ സുബ്രഹ്മണ്യനാണ് (45) തകര്‍ന്നുവീണ വീടിന്റെ ചുമരിനടിയില്‍ കുടുങ്ങി മരിച്ചത്. മുണ്ടൂരിലെ ഓട്ടോഡ്രൈവറായ ബിജുവിന്റെ മകള്‍ അമിത ഒഴുക്കില്‍പ്പെട്ട് മരിച്ചു. കഴിഞ്ഞ ദിവസം വീട്ട് മുറ്റത്ത് കളിച്ചിരുന്ന കുട്ടി അബദ്ധത്തില്‍ തോട്ടില്‍ വീഴുകയായിരുന്നു.
ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ചെറുകുന്നം പുഴയില്‍ കാണതായ ഇളവപാടം മണ്ണടി പരേതനായ കണ്ടന്റെ ഭാര്യ കണ്ണുമണി(90)യെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ നദികളുടെയും കനാലിന്റെയും സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
റോഡുകളിലും മറ്റും വെളളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ വേഗത പരമാവധി കുറക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ശിരുവാണി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഡാം കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട് ശിരുവാണി പുഴയുടെ തീരത്തുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഒറ്റപ്പാലം: കനത്തമഴയെ തുടര്‍ന്ന് വീടുകളും റോഡുകളും പാലവും വെള്ളത്തിലായി. റോഡില്‍ വെള്ളം കയറിയതിനാല്‍ പലപ്രദേശത്തും ഗതാഗതം സ്തംഭിച്ചു.
കണ്ണിയംപുറം ജയതേജസ് രാധാകൃഷ്ണന്റെ വീട് മുക്കാല്‍ ഭാഗവും വെള്ളത്തില്‍ മുങ്ങി. രാധാകൃഷ്ണനും കുടുംബവും വാണിയംകുളം ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സൗത്ത് പനമണ്ണ ചക്കുള്ളിപറമ്പ് ഉഷാപ്രഭാകരന്‍, ലക്ഷ്മി, കൊച്ചപ്പന്‍ എന്നിവരുടെ വീടുകളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. തോട്ടക്കര പാടശേഖര സമിതിയുടെ കീഴിലുള്ള വയലുകള്‍ വെള്ളത്തിലാമ്. അനങ്ങനടി ചേറുമ്പറ്റകാവ് ജംഗ്ഷന്‍, സൗത്ത് പനമണ്ണയില്‍ റോഡിലും പാലത്തിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം എടുക്കാട് തൊടി കണ്ണയുടെ വീടിന്റെ മോന്തായം തകര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി എ ഷൗക്കത്തലി സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര സഹായം നല്‍കി. വീട് നിര്‍മിച്ച് നല്‍കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ചെറകുന്നം പുഴയില്‍ കാണാതായ വൃദ്ധയെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചെറുകുന്നം പുഴയില്‍ കാണതായ ഇളവപാടം മണ്ണടി പരേതനായ കണ്ടന്റെ ഭാര്യ കണ്ണുമണി(90)യെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുഴയില്‍ അമിതമായി വെള്ളം യറിയതിനാലും അമിതമായ ഒഴുക്കും മൂലം വെള്ളിയാഴ്ച തിരച്ചില്‍ നടത്താനായില്ല. പുഴകളും തോടുകളും കരകവിഞ്ഞൊഴുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയായി. ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.
ജലനിരപ്പ് 77.60 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിന്റെ അഞ്ച് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്നു. 76 മില്ലിമീറ്റര്‍മഴയാണ് വ്യാഴാഴ്ച രാത്രി ലഭിച്ചത്. അണക്കെട്ട് ആകെ 6ഷട്ടറുകളുണ്ടെങ്കിലും ഒരെണ്ണം തകരാറിലായതിനാല്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
പുഴകള്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വടക്കഞ്ചേരി സെന്റ് ഫ്രാന്‍സീസ് സ്‌കൂളിനും കിഴക്കഞ്ചേരി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിനും അവധി നല്‍കി. മഴ തുടരുന്ന സഹാചര്യത്തില്‍ മംഗലം പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുതുക്കോട് തെക്കേപ്പൊറ്റയില്‍ ഏഴര ഏക്കറോളം പയര്‍ കൃഷി വെള്ളത്തില്‍ മുങ്ങി. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് തെക്കേപ്പൊറ്റ വി എഫ് സി കെ യുടെ കീഴിലുള്ള കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. തെക്കേപ്പൊറ്റ സ്വദേശികളായ അപ്പുണ്ണി, കെ കുമാരന്‍, സൈതലവി, കാദര്‍, ചന്ദ്രന്‍, പ്രീത, മണികണ്ഠന്‍, ബാബു, വാസുദേവന്‍, ലത, ചാമിക്കുട്ടി, കുമാരന്‍, പ്രഭാകരന്‍ എന്നിവരുടെ കൃഷി സ്ഥലങ്ങളാണ് നശിച്ചിരിക്കുന്നത്. പയര്‍ കൃഷി ചെയ്ത് രണ്ട് മാസം കഴിഞ്ഞ് വിളവെടുക്കേണ്ട സമയത്തുണ്ടായ നഷ്ടം കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്. നിരവധി നെല്‍പ്പാടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
മണ്ണാര്‍ക്കാട്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായി പെയ്ത് കൊണ്ടിരിക്കുന്ന മഴയില്‍ മണ്ണാര്‍ക്കാട് മേഖലയിലെ പ്രധാന നദികളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെളളിയാര്‍പ്പുഴ തുടങ്ങിയവയിലെ ജല നിരപ്പ് വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഒന്നര പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് വെളളിയാര്‍പ്പുഴ ദിവസങ്ങളോളം നിറഞ്ഞ് കവിഞ്ഞൊഴുകിയത്. ഇതോടെ കണ്ണംകുണ്ട് കോസ്‌വെ വഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മേഖലകളിലെ ചെറുതോടുകളിലേയും ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ കൃഷി നാശത്തിനും കാരണമായിട്ടുണ്ട്. മഴ ശക്തമായതില്‍ വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവയുടെ കൃഷികള്‍ക്കാണ് ഏറെ ദോഷം വരുത്തിയിരിക്കുന്നത്. മഴക്കൊപ്പമുളള ശക്തമായ കാറ്റില്‍ വന്‍ മരങ്ങള്‍ അടക്കമുളളവ കടപുഴകി വീഴുന്നത് മിക്കപ്രദേശങ്ങളിലും ഗതാഗത തടസ്സത്തിനും വൈദ്യുതി ബന്ധം താറുമാറാകുന്നതിനും ഇടയാകുന്നുണ്ട്. മഴ ശക്തമായി തുടരുന്നത് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്.