Connect with us

Articles

ആയുധ വ്യവസായം മുതല്‍ സാമ്രാജ്യത്വത്തിന്റെ ആശയ വ്യവസായം വരെ

Published

|

Last Updated

 

ഇസ്‌റാഈല്‍ പോലീസിന്റെ വിദേശകാര്യ വക്താവ് മിക്കിറോസന്‍ഫീല്‍ഡ് ബി ബി സിയോട് നടത്തിയ വെളിപ്പെടുത്തല്‍ ഇസ്‌റാഈലിന്റെയും യു എസ് മാധ്യമങ്ങളുടെയും നിഷ്ഠൂരമായ നുണ പ്രചരണങ്ങളെ സ്വയം തുറന്നുകാട്ടിയിരിക്കുകയാണ്. ഗാസ ആക്രമണത്തിന് കാരണമായി ഇസ്‌റാഈല്‍ ഉയര്‍ത്തിക്കാട്ടിയ കൗമാരപ്രായക്കാരുടെ തട്ടിക്കൊണ്ടുപോകലും വധവുമായി ഹമാസിന് ബന്ധമില്ലെന്നാണ് റോസന്‍ ഫീല്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ബി ബി സി റിപ്പോര്‍ട്ടര്‍ ജോണ്‍ഡെന്നീസാണ് ട്വിറ്റര്‍ വഴി ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ ബന്ധിയാക്കപ്പെട്ട ഗാലാത്ഷാ, നഫ്താലി ഫ്രാങ്കല്‍, എയാല്‍യി ഫ്രാച്ച് എന്നീകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുള്ള പ്രത്യാക്രമണം എന്ന നിലയിലാണല്ലോ “ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്” ആരംഭിച്ചത്. ഗാസയുടെ മണ്ണില്‍ ഹമാസിനെ അവസാനിപ്പിച്ചാലേ ഇസ്‌റാഈല്‍ പൗരന്മാര്‍ക്ക് ജീവനും സ്വത്തിനും സുരക്ഷയുണ്ടാകൂ എന്ന് പറഞ്ഞ് ഫലസ്തീനികളെ കൊന്നൊടുക്കുന്നതിന് കാരണമായി പറഞ്ഞ സംഭവവുമായി ഹമാസിന് ബന്ധമില്ലെന്ന് ഇസ്‌റാഈല്‍ പോലീസ് കണ്ടെത്തിയിട്ടും നെതന്യാഹു ഭരണകൂടം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇത്തരമൊരു സംഭവത്തെ നിമിത്തമാക്കി സയണിസ്റ്റുകള്‍ ഗാസക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കുട്ടികളുടെ തിരോധാനത്തിനും വധത്തിനും ഹമാസിന് പങ്കുണ്ടാകില്ലെന്ന കാര്യം “ബസ്ഫീല്‍ഡ്” പോലുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഹമാസും ഫത്തയും ചേര്‍ന്നുള്ള അനുരജ്ഞന സര്‍ക്കാര്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അബദ്ധം ഹമാസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് പല അന്തര്‍ദേശീയ നയതന്ത്ര വിദഗ്ധന്മാരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കുട്ടികളുടെ നിര്‍ഭാഗ്യകരമായ കൊലപാതകം നിമിത്തമാക്കി ഫലസ്തീന്‍ ജനതക്കെതിരായ പുതിയൊരു കടന്നാക്രമണത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു സയണിസ്റ്റ് ഭരണകൂടം. ഇസ്‌റാഈലി കുട്ടികളുടെ മരണം ഇസ്‌റാഈല്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അതിനു പകരം വീട്ടണമെന്നുമുള്ള പ്രകോപനപരമായ പ്രസ്താവനകളാണ് നെതന്യാഹുവിന്റെയും തീവ്ര സയണിസ്റ്റ് സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. യഥാര്‍ഥത്തില്‍ ഇസ്‌റാഈലിന്റെ ഇപ്പോഴത്തെ കടന്നാക്രമണം ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനും സ്വയം നിര്‍ണയത്തിനും വേണ്ടിയുള്ള രാഷ്ട്രീയ ചുവട് വെപ്പുകളെ മുളയിലേ നുള്ളിക്കളയുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഹമാസും ഫത്തഹും പരസ്പരം യോജിക്കുന്നത് പശ്ചിമേഷ്യന്‍ മണ്ണിലെ യു എസ്-സയണിസ്റ്റ് ഭൂരാഷ്ട്രതന്ത്രത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് അമേരിക്കയിലെ നവ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫലസ്തീനികളുടെ യോജിച്ച മുന്നേറ്റങ്ങള്‍ ഇസ്‌റാഈലിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെ തന്നെ ഈ ഭൂമുഖത്ത് ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയിലെ ജൂത സംഘടനകളുടെ പബ്ലിക് അഫയേഴ്‌സ് കമ്മറ്റികള്‍ തീവ്ര സയണിസ്റ്റ് വിഭാഗങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി ഐ എയും മൊസാദും കടുത്ത വംശീയ വിദേ്വഷത്തിന്റെ സംഘര്‍ഷ ഭൂമിയാക്കി പശ്ചിമേഷ്യന്‍ മണ്ണിനെ എന്നും നിലനിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
യു എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും ധ്വംസിച്ചുകൊണ്ടാണ് കൗമാര പ്രായക്കാരുടെ മരണത്തെ നിമിത്തമാക്കി ഇസ്‌റാഈല്‍ ഭരണകൂടം ഗാസക്കു നേരെ ആക്രമണം തുടരുന്നത്. അത് വസ്തുതാപരമായി ശരിയല്ലെന്നാണ് ഇപ്പേള്‍ ഇസ്‌റാഈല്‍ പോലീസിലെ വിദേശ മാധ്യമ വക്താവ് തന്നെ ബി ബി സിയോട് വെളിവാക്കിയിരിക്കുന്നത്. കൂട്ടക്കൊലകളും അരക്ഷിതാവസ്ഥയും വിതച്ച് ഫലസ്തീന്‍ മണ്ണിനെ തകര്‍ത്തവര്‍ അതിന് കാരണമായി പറഞ്ഞ കുട്ടികളുടെ വധവും ഹമാസ് ബന്ധവും കെട്ടുകഥയാണെന്ന കാര്യം ലോകത്തിന്റെ മുമ്പില്‍ എത്തിയിട്ടും ആക്രമണം നിര്‍ത്താന്‍ തയ്യാറാകുന്നില്ല. നുണകള്‍ പ്രചരിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് നേരെ നടത്തിയ രക്തപങ്കിലമായ കടന്നാക്രമണങ്ങള്‍ മാപ്പര്‍ഹിക്കാത്ത സാര്‍വദേശീയ പാതകങ്ങളാണ്.
2003ല്‍ ഇറാഖില്‍ സദ്ദാം ഹുസൈന്‍ മനുഷ്യനാശകരികളായ രാസായുധങ്ങളും ജൈവായുധങ്ങളും കുന്നുകൂട്ടിയിരിക്കുന്നു എന്നാരോപിച്ചാണ് അമേരിക്ക അധിനിവേശ യുദ്ധമാരംഭിച്ചത്. ലക്ഷങ്ങളുടെ ജീവഹാനിക്കും ഇറാഖ് എന്ന രാഷ്ട്രത്തിന്റെ അസ്ഥിരീകരണത്തിനും ശേഷമാണ് അമേരിക്കന്‍ ഭരണകൂടവും അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സിയും ഇറാഖിലെ ഭൂഗര്‍ഭ പടയറകളിലും ആണവനിലയങ്ങളിലും മനുഷ്യ നാശകാരികളായ രാസായുധങ്ങളും ആണവായുധങ്ങളും ഇല്ലെന്ന് ലോകത്തെ അറിയിച്ചത്. അത് തങ്ങളുടെ സെന്റര്‍ ഇന്റലിജന്‍സ് ഏജന്‍സിക്കു പറ്റിയ ഒരു തെറ്റായിരുന്നുവെന്നാണ് അമേരിക്കന്‍ ഭരണകൂടം കുറ്റസമ്മതം നടത്തിയത്!
ഫലസ്തീന്‍ ജനതക്കെതിരായി നുണകള്‍ പ്രചരിപ്പിച്ച് നിരപരാധികളെ വേട്ടയാടുന്ന സയണിസ്റ്റ് ഭീകരര്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ അധിനിവേശ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മരണ താണ്ഡവമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൊസാദിന്റെ രഹസ്യാനേ്വഷണ ശൃംഖലകള്‍ എന്നും ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ ഭിന്നിപ്പിച്ച് തകര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പി എല്‍ ഒവിന്റെ മര്‍മ സ്ഥാനങ്ങളെതന്നെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ സയണിസ്റ്റ് തന്ത്രത്തില്‍ കുടുങ്ങി പരസ്പരം ഭിന്നിച്ചു നില്‍ക്കുന്ന ഹമാസും ഫലസ്തീന്‍ അതോറിറ്റിയും ഒത്തുതീര്‍പ്പിലെത്തുന്നത് സയണിസ്റ്റ് ശക്തകള്‍ക്ക് സഹിക്കാകുന്നതല്ല. ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനു വേണ്ടിയുള്ള അഭിലാഷങ്ങളെ തടയാനും മധ്യപൂര്‍വദേശത്ത് ഇസ്‌റാഈലിനെ അവഗണിക്കുന്ന നീക്കങ്ങള്‍ക്ക് ശിക്ഷ നല്‍കാനുമുള്ള നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഗാസക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കു പിറകിലുള്ളത്.
സയണിസ്റ്റുകള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങള്‍ക്കനുകൂലമായ അഭിപ്രായ രൂപവത്കരണമാണ് എക്കാലത്തും നടത്തിപ്പോന്നത്. യു എസിലെ ഒട്ടുമിക്ക മാധ്യമങ്ങളും ജൂത ലോബി നിര്‍ണായകമായി സ്വാധീനം ചെലുത്തുന്നതാണ്. വാര്‍ത്തകളും വിവരങ്ങളും ശേഖരിക്കുന്നതും വിനിമയം ചെയ്യുന്നതും ജൂത സ്വാധീനമുള്ള കമ്പനികളാണ്.
ദൃശ്യ- ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ സയണിസ്റ്റുകള്‍ക്ക് അമേരിക്കന്‍ മാധ്യമങ്ങളില്‍ ഓഹരി ഉടമസ്ഥതയുണ്ട്. റൂപ്പര്‍ട്ട് മര്‍ഡോക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോഴും ജൂതതാത്പര്യങ്ങള്‍ക്ക് അമിതമായ സ്വാധീനം മാധ്യമ വ്യവസ്ഥയില്‍ ചെലുത്താന്‍ കഴിയുന്നുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളെ രാഷ്ട്രീയവും സാമ്പത്തികവുമായി തങ്ങള്‍ക്കനുകൂലമായി ഉറപ്പിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ടൈം വാര്‍ണര്‍, വാള്‍ട്ട് ഡിസ്‌നി, സീഗ്രം, ന്യൂസ്‌കോര്‍പറേഷന്‍, വയകോം, ജനറല്‍ ഇലക്ട്രിക്… ഇതെല്ലാം സയണിസ്റ്റുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ഇത്തരം കോര്‍പ്പറേറ്റുകളുടെ കൂട്ടായ്മയാണ് എ ബി സി, എന്‍ ബി സി, സി ബി എസ്, സി എന്‍ എന്‍ തുടങ്ങിയ ടെലിവിഷന്‍ ചാനലുകള്‍. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്, ടൈം വാരിക, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ലോസ്ആഞ്ചല്‍സ് ടൈംസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങള്‍ ഇതേ ലോബിയുടെ നിയന്ത്രണത്തിലാണ്. വൈക്കിംഗ്, പെന്‍ഗ്വിന്‍ തുടങ്ങിയ പ്രസിദ്ധീകരണ ശാലകളും സയണിസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. ആയുധ വ്യവസായം തൊട്ട് സാമ്രാജ്യത്വത്തിന്റെ ആശയ വ്യവസായം വരെ സയണിസ്റ്റുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. അഭിപ്രായ രൂപവത്കരണത്തിന്റെയും പൊതുജന സമ്പര്‍ക്കത്തിന്റെയും വ്യവസായ മണ്ഡലങ്ങളെ നിയന്ത്രിക്കുന്നത് അമേരിക്കയിലെ ജൂത വ്യവസായ ലോബിയാണ്. ആപ്‌കോ വേള്‍ഡ്‌വൈഡ്, ഹില്‍ആന്റ്‌നോള്‍ട്ടണ്‍ തുടങ്ങയ കുപ്രസിദ്ധങ്ങളായ പബ്ലിക്‌റിലേഷന്‍സ് കമ്പനികളുടെ നിയന്ത്രണവും യു എസ്-ജൂത ലോബിക്കാണ്.
ക്രൂരതയെ ജീവിതമൂല്യമാക്കുന്ന സിയോണിസം ചരിത്രത്തിലെ ഏറ്റവും വലിയ നുണപ്രചാരണത്തിലൂടെയാണ് ഇസ്‌റീഈല്‍ രാഷ്ട്രം രൂപവത്കരിച്ചതു തന്നെ. “രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം” എന്നായിരുന്നു ഫലസ്തീനികളുടെ മാതൃഭൂമി പിടിച്ചെടുത്ത് ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ അതിന്റെ പ്രഥമ പ്രധാനമന്ത്രി ബെന്‍ഗൂരിയന്‍ ലോകത്തോട് പറഞ്ഞത്. ക്രൂരതയുടെയും നുണകളുടെയും ചരിത്രത്തിലെ ഏറ്റവും ഹീനമായ വംശീയതയുടെയും പ്രത്യയശാസ്ത്ര ചേരുവയാണ് ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് സൃഷ്ടിച്ച സയണിസം. പശ്ചിമേഷ്യയിലെ എണ്ണവിഭവങ്ങള്‍ക്കും വാണിജ്യ പാതകള്‍ക്കും മുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ വികസനമോഹങ്ങളാണ് ഇസ്‌റാഈലിനെ സൃഷ്ടിച്ചത്. മൂലധനവും ജൂത മതമൗലികവാദവും ചേര്‍ന്ന് ഫലസ്തീനിലെ അറബ് വംശജരെ കൂട്ടക്കൊലചെയ്യുന്നത് ഈ മേഖലയിലെ വിഭവങ്ങളും സമ്പത്തും കൈയടക്കാനാണ്.
സാമ്രാജ്യത്വ മൂലധന വ്യവസ്ഥക്കകത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഈ നിഷ്ഠൂരമായ അധിനിവേശത്തിന് പ്രത്യയശാസ്ത്രപരിസരം ഒരുക്കുകയാണ് ഹീനമായ വിദേ്വഷ രാഷ്ട്രീയ പ്രചാരണത്തിലൂടെ. (അവസാനിച്ചു)