Connect with us

Kozhikode

സി എം വലിയ്യുല്ലാഹി ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തി

Published

|

Last Updated

മടവൂര്‍: മൂന്ന് ദിവസമായി മടവൂര്‍ ചിറ്റടിമീത്തലില്‍ നടന്നു വന്നിരുന്ന 24-ാമത് സി എം വലിയ്യുല്ലാഹി ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തി. വഫാത്ത് ദിവസമായ ഇന്നലെ രാവിലെ മുതല്‍ സ്വന്തം വീടായിരുന്ന മടവൂര്‍ ചിറ്റടിമീത്തലില്‍ നടന്ന സമാപന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കുകൊണ്ടു. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് രാവിലെ നടന്ന ആത്മീയ സമ്മേളനം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു.
യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പകര മുഹമ്മദ് അഹ്‌സനി, ഇബ്‌റാഹീം സഖാഫി വള്ളിയോട്, ഹാഫിള് അബൂബക്കര്‍ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ഇ കെ മുഹമ്മദ് ദാരിമി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ദിക്‌റ് ദുആ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജഅ്ഫര്‍ കോയ തങ്ങള്‍ തൊടുപുഴ, മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
ത്വാഹിര്‍ സഖാഫി മഞ്ചേരി, ഹസന്‍ സഖാഫി തറയിട്ടാല്‍, കെ എം അഹ്മദ് ബാഖവി കളരാന്തിരി, അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, അലവി സഖാഫി കായലം സംബന്ധിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. അഞ്ച് മണി വരെ നടന്ന അന്നദാനത്തോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്.