ബ്ലെസ്സിംഗ് ഒകാബെര സ്പ്രിന്റ് റാണി

Posted on: August 2, 2014 12:22 am | Last updated: August 2, 2014 at 1:22 am

ഗ്ലാസ്‌ഗോ: വനിതകളുടെ 200 മീറ്ററില്‍ നൈജീരിയയുടെ ബ്ലെസ്സിംഗ് ഒകാബരെക്ക് സ്വര്‍ണം. നേരത്തെ നൂറ് മീറ്ററിലും ജയിച്ച ഒകാബരെ ഗ്ലാസ്‌ഗോയില്‍ സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. 22.25 സെക്കന്‍ഡ്‌സിലായിരുന്നു ബ്ലെസ്സിംഗിന്റെ ഫിനിഷിംഗ്. നൂറ് മീറ്ററിലാകട്ടെ ഗെയിംസ് റെക്കോര്‍ഡായ 10.85 സെക്കന്‍ഡ്‌സിലും. ഈ നേട്ടം ഏതുവിധം ആഘോഷിക്കണമെന്നറിയില്ല, അത്രമേല്‍ സന്തോഷവതിയാണ് – നൈജീരിയന്‍ താരം പറഞ്ഞു. നൂറ് മീറ്ററിന് പിറകെ തന്നെ 200 മീറ്ററിലും മത്സരിക്കേണ്ടി വന്നതു കൊണ്ട് മികച്ച സമയം കുറിക്കാന്‍ സാധിച്ചില്ല. 22 സെക്കന്‍ഡിനുള്ളില്‍ ഓടിയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല – ബ്ലെസ്സിംഗ് പറഞ്ഞു.
ഒളിമ്പിക് ലോംഗ് ജമ്പ് വെങ്കലമെഡല്‍ ജേതാവായ നൈജീരിയന്‍ താരത്തിന് ഗ്ലാസ്‌ഗോയില്‍ മൂന്നാം സ്വര്‍ണം നേടാനുള്ള അവസരം ശേഷിക്കുന്നുണ്ട്. 4-100 റിലേയില്‍ നൈജീരിയ ഫൈനലിലെത്തിയിട്ടുണ്ട്.