Connect with us

Palakkad

100 കോടി നിക്ഷേപം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ സംഭവം: ഐ ജി അന്വേഷിക്കും

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയില്‍ നിന്ന് ബിസിനസ് ആവശ്യത്തിലേക്കായി 100 കോടി രൂപ നിക്ഷേപം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് തൃശൂര്‍ മേഖലാ ഐ ജി അന്വേഷിക്കും.
ചെന്നൈ ആസ്ഥാനമായുള്ള വി എസ് എ അസോസിയേറ്റ്‌സ് ഉടമ ഡോ. വി വിജയകുമാറില്‍ നിന്നും മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി പരമ്പൂര്‍ മുഹമ്മദ് ബാബുവാണ് 3.66 കോടി രൂപ തട്ടിയെടുത്തതത്രെ. ഇതുസംബന്ധിച്ച് വിജയകുമാര്‍ ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവായത്.
കോഴിക്കോട് ആസ്ഥാനമായ ഓര്‍ബിറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണെന്നു പറഞ്ഞ് മുഹമ്മദ് ബാബുവും മലപ്പുറം ചെപ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ വലിയമണ്ണില്‍ മുഹമ്മദലിയും ചേര്‍ന്നാണ് വിജയകുമാറിന്റെ സ്ഥാപനത്തിലേക്ക് മന്ത്രിയില്‍ നിന്നും 100 കോടി രൂപ നിക്ഷേപമായി വാങ്ങിത്തരാമെന്ന് ധരിപ്പിച്ച് പണം വാങ്ങിയതത്രെ. വിശ്വാസം വരുത്തുവാനായി പ്രസ്തുത മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുമായി ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ വിജയകുമാറിന് നല്‍കിയിരുന്നു. പുതുപ്പരിയാരം ചെറുപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹിയായ സൂര്യനാരായണന്‍ മുഖേനയാണ് വിജയകുമാര്‍ ഇവരുമായി പരിചയപ്പെടുന്നത്.
മുഹമ്മദ് ബാബുവിനെ വിശ്വാസിച്ച് പണം നല്‍കിയ വിജയകുമാര്‍ അവര്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചുവെങ്കിലും 45 കോടി രൂപ ഇവര്‍ക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞ് കള്ള പരാതി നല്‍കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്ന് ഹാജരാക്കിയ രേഖകളുടെയും ചെക്കുകളുടെയും കോപ്പിയുമായി വിജയകുമാര്‍ ചെന്നൈ കെ കെ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയതോടെ വിജയകുമാര്‍ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുവാനും തുടങ്ങി. ഇതിനുപുറമെ വിജയകുമാറിന്റെ കാര്‍ ഡ്രൈവറെയും കഴിഞ്ഞ ദിവസം വിളിച്ച് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇതുസംബന്ധിച്ച് ഡ്രൈവര്‍ ഹേമാംബിക നഗര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘത്തെ വെച്ച് തന്നെയും തന്റെ കുടുംബത്തെയും അവസാനിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് വിജയകുമാര്‍ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയത്. പരാതിയുടെ ഗൗരവം മനസിലാക്കിയാണ് ആഭ്യന്തരമന്ത്രി ഈ കേസ് അന്വേഷിക്കാന്‍ തൃശൂര്‍ റെയ്ഞ്ച് ഐ ജിയെ ചുമതലപ്പെടുത്തിയത്.