പാഠ്യപദ്ധതിക്ക് പിന്നാലെ പരീക്ഷാ രീതിയും പരിഷ്‌കരിക്കുന്നു

Posted on: August 1, 2014 1:37 am | Last updated: August 1, 2014 at 1:37 am

മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിക്ക് പിന്നാലെ പരിഷ്‌കരിച്ച പരീക്ഷാ രീതിയും നടപ്പിലാക്കുന്നു. വിമര്‍ശനാത്മക ബോധന രീതിയും പ്രശ്‌നാധിഷ്ഠിത പാഠ്യപദ്ധതിക്കും പകരം ജ്ഞാനനിര്‍മ്മിതിവാദവും പഠനനേട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയുമായുമാണ് ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പരീക്ഷാ രീതിക്കും മാറ്റം വരുന്നത്. ടേം മൂല്യനിര്‍ണയങ്ങളോടൊപ്പം നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയ രീതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിധമാണ് മൂല്യനിര്‍ണയ രീതി പരിഷ്‌കരിച്ചിരിക്കുന്നത്.

സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ക്ക് പകരം പാഠഭാഗങ്ങളിലെ ഉള്ളടക്കത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയായിരിക്കും ടേം മൂല്യനിര്‍ണയം നടക്കുക. താഴെ ക്ലാസുകളില്‍ നിന്ന് വര്‍ഷങ്ങളായി എടുത്തു മാറ്റപ്പെട്ട ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തും. മത്സര പരീക്ഷകളെല്ലാം ഒബ്ജക്ടീവ് രീതിയിലായതിനാല്‍ ചെറിയ ക്ലാസുകള്‍ മുതല്‍ വിദ്യാര്‍ഥികളെ ഇതിനായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. താഴ്ന്ന ക്ലാസുകളില്‍ വ്യവഹാര രൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിലവിലെ രീതിക്ക് പുതിയ രീതിയില്‍ പ്രാധാന്യം കുറയും. പുതിയ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷതയായ പഠനനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മൂല്യനിര്‍ണയവും നടക്കുക. ഓരോ പാഠഭാഗവും വിനിമയം ചെയ്തു കഴിഞ്ഞാല്‍ എന്ത് നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന വ്യക്തമായി കുട്ടിക്കും രക്ഷിതാവിനും അധ്യാപകര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് പഠന നേട്ടത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയുട സവിശേഷതയായി പറയുന്നത്. പുതിയ പാഠപുസ്തകങ്ങളില്‍ ഓരോ പാഠഭാഗങ്ങളുടെയും അവസാനഭാഗത്ത് പഠനനേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്.
സഹ വൈജ്ഞാനിക മേഖലയിലായിരുന്ന കലാ-കായിക പഠനം പുതിയ രീതിയനുസരിച്ച് വൈജ്ഞാനിക മേഖലയിലുള്‍പ്പെടും. ഇതോടെ കലാ കായിക പഠനവും മൂല്യനിര്‍ണയത്തിന് വിധേയമായകും. നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയ രീതിയായീരിക്കും ഇതിനായി സ്വീകരിക്കുക. കലാ-കായിക പഠനത്തിന് ടേം മൂല്യനിര്‍ണയം ഉണ്ടാകുകയില്ല.
പുതിയ രീതിയില്‍ ക്ലാസെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി അവധിക്കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
രണ്ട് മാസത്തെ അധ്യയനത്തിന്റെ വിലയിരുത്തലിനും പുതിയ മൂല്യനിര്‍ണയ രീതി പരിചയപ്പെടുത്തുന്നതിനുമായി നാളെ സംസ്ഥാനത്തെ എല്ലാ ബി ആര്‍ സി കേന്ദ്രങ്ങളിലും അധ്യാപകര്‍ക്കായി ഈ വര്‍ഷത്തെ ആദ്യക്ലസ്റ്റര്‍ പരിശീലനം നടക്കുകയാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിട്ടുള്ളൂ എങ്കിലും മറ്റു ക്ലാസുകളിലും പുതിയ പരീക്ഷാ രീതി നിലവില്‍ വരും. മാറിയ രീതിക്കനുസരിച്ച് അധ്യയനം നടത്താനാവശ്യമായ പരിശീലനം എല്ലാ അധ്യാപകര്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. അടുത്ത വര്‍ഷം രണ്ട,് നാല്, ആറ്, എട്ട് ക്ലാസുകളിലും അതിനടുത്ത വര്‍ഷങ്ങളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലും പരിഷ്‌കരിച്ച പാഠ്യപദ്ധതി നിലവില്‍ വരും.