Connect with us

Editorial

പ്ലസ്ടു: ക്രമക്കേടുകള്‍ അന്വേഷിക്കട്ടെ

Published

|

Last Updated

വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ കച്ചവടച്ചരക്കാക്കി മാറ്റുകയാണെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളൂകളും ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍. പുതുതായി പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിന് ഭരണകക്ഷിയിലെ ചിലര്‍ കോഴ ആവശ്യപ്പെട്ടെന്നും ഇക്കാര്യം മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ആരോപിച്ചതിന് പിറകെ പല സ്‌കൂള്‍ ഭാരവാഹികളും പത്രസമ്മേളനത്തിലും അല്ലാതെയും കോഴ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തുകയുണ്ടായി. താന്‍ ആരോടും കോഴ വാങ്ങിയിട്ടില്ലെന്നും ആരെങ്കിലും വാങ്ങിയെങ്കില്‍ അതത് പാര്‍ട്ടികള്‍ കമ്മീഷനെ വെച്ച് അന്വേഷിക്കട്ടെയെന്നുമാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ഈ ആരോപണത്തോട് പ്രതികരിച്ചത്. അബ്ദുര്‍റബ്ബ് നിരപരാധിയായിരിക്കാം. എന്നാല്‍ പാര്‍ട്ടി നേതാക്കളില്‍ കിട്ടിയ അവസരം ചൂഷണം ചെയ്തവരുണ്ടോയെന്ന് നേതൃത്വം അന്വേഷിക്കേണ്ടതുണ്ട്. മുസ്‌ലിം ലീഗിനെ മാത്രമാണ് പലരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെങ്കിലും കോഴയുടെ പങ്ക് പറ്റിയവര്‍ എല്ലാ കക്ഷികളിലുമുണ്ടെന്നാണ് പറയുന്നത്.
എസ് എസ് എല്‍ സി പാസായ 80,000ല്‍ പരം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം തുടര്‍വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുമെന്ന് കണ്ടാണ് പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ ആവശ്യം പരിഗണിച്ചായിരിക്കണം ഇവ അനുവദിക്കേണ്ടെതെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രധാനമായും വടക്കന്‍ കേരളത്തിലാണ് ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കുറവ്. എന്നാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ അവഗണിച്ചും സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും ബാഹ്യ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ഉപസമിതി സ്‌കൂളുകളും ബാച്ചുകളും നിര്‍ണയിച്ചത്. മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസൃതം സീറ്റുകള്‍ ലഭിച്ചില്ല. മലപ്പുറത്ത് പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കപ്പെട്ട ശേഷവും ഉയര്‍ന്ന ഗ്രേഡ് നേടിയവര്‍ ഉള്‍പ്പെടെയുള്ള 13,000 വിദ്യാര്‍ഥികള്‍ ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ നിലവില്‍ തന്നെ എസ് എസ് എല്‍ സി പാസായ കുട്ടികളേക്കാള്‍ പ്ലസ് വണ്‍ സീറ്റുകള്‍ വളരെക്കൂടുതലുള്ള ചില തെക്കന്‍ ജില്ലകളില്‍ വീണ്ടും വാരിക്കോരി നല്‍കുകയും ചെയ്തു. വിഭജനം മാനദണ്ഡങ്ങള്‍ പാലിച്ചും ന്യായമായ രീതിയിലുമല്ലെന്നും ഘടക കക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വിട്ടുവീഴ്ചകള്‍ക്ക് താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണ്.
തെക്കന്‍ പ്രതിനിധികളുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് തെക്കന്‍ കേരളത്തില്‍ സീറ്റ് ക്ഷാമമില്ലാത്ത പ്രദേശങ്ങളില്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അവഗണിക്കാനും ഉപസമിതി നിര്‍ബന്ധിതരായതെന്നാണ് വിവരം. ഇതോടെ സീറ്റ് ക്ഷാമം പരിഹരിക്കുകയെന്ന പഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് കച്ചവട താത്പര്യത്തിലേക്ക് വിഭജനം വഴിമാറുകയാണുണ്ടായത്. മാത്രമല്ല, അര്‍ഹമായ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ഉണ്ടായിട്ടും പല ഭാഗങ്ങളിലും അധികബാച്ചുകളെല്ലാം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കാണ് നല്‍കിയത്. കോഴയുടെ തോതും കനവുമായിരിക്കണം ഇവിടെ മാനദണ്ഡം. ചില സാമുദായിക സംഘടനകളും മാനേജ്‌മെന്റും നടത്തുന്ന സ്‌കൂളുകള്‍ക്കും പ്രത്യേക പരിഗണന നല്‍കി. പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് കോഴ വാങ്ങിയും പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചും കാശുണ്ടാക്കാന്‍ അവര്‍ക്കൊക്കെ അവസരം നല്‍കണമല്ലോ.
പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാറിനു മേല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് വന്നുചേരുന്നത്. ഒരു പുതിയ ബാച്ചില്‍ അഞ്ച് അധ്യാപകര്‍ വേണം. 699 പുതിയ ബാച്ചുകളിലേക്ക് കുറഞ്ഞത് മൂവായിരത്തിലേറെ അധ്യാപകര്‍ വേണ്ടിവരും. ഇവര്‍ക്ക് ശമ്പള ഇനത്തില്‍ മാത്രം ഒരു വര്‍ഷത്തെ ചെലവ് 80 കോടിയിലേറെയാണ്. ഉപരിപഠനത്തിന് മാര്‍ഗമില്ലാതെ പ്രയാസപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നെതങ്കില്‍ അതില്‍ യാതൊന്നുമില്ല. എന്നാല്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കും എന്നും സമ്മര്‍ദ ഗ്രുപ്പുകളായി നിലയുറപ്പിച്ചു സര്‍ക്കാറില്‍ നിന്ന് അനര്‍ഹമായ ആനുകുല്യങ്ങള്‍ നേടിയെടുക്കുന്ന ചില സാമുദായിക സംഘടനകള്‍ക്കും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതാണ് ഖേദകരം. പുതിയ ഹയര്‍ സെക്കന്‍ഡറി വിഭജനത്തിലെ ക്രമക്കേടുകളെക്കുറിച്ചു സമഗ്ര അന്വേഷണം ആവശ്യമാണ്.