Connect with us

Articles

ഗാസയിലെ കൂട്ടക്കൊലകളും യു എസ്- സയണിസ്റ്റ് മാധ്യമങ്ങളും

Published

|

Last Updated

ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് 18 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്കെതിരായ കൂട്ടസംഹാരമാണ്. മൂന്നാഴ്ചക്കാലമായി തുടരുന്ന ആക്രമണം ഫലസ്തീനികളുടെ വംശീയ ഉന്മൂലനം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 1982ലെ സാബ്രാ- ഷാത്തില കൂട്ടക്കൊലക്ക് സമാനമായ നരഹത്യയാണ് ഇപ്പോള്‍ ഗാസയില്‍ തുടരുന്നത്. രണ്ടായിരത്തിലേറെ പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സാബ്രാ-ഷാത്തില കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ സയണിസ്റ്റ് നേതാവ് ഏരിയല്‍ ഷരോണിന്റെ മകന്‍ ഗിലാദ് ഷരോണ്‍ ഗാസയുടെ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റം ബോംബ് പ്രയോഗിക്കലാണെന്നാണ് ഇസ്‌റാഈല്‍ ഭരണകൂടത്തെ ഉപദേശിച്ചത്. ഇതെഴുതുമ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് ഗാസയില്‍ 1200ഓളം പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. 7000 പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിരിക്കുന്നു. രണ്ട് ലക്ഷത്തോളം പേര്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലാണ്. എന്നിട്ടും ഇസ്‌റാഈല്‍ ക്രൂരതയെ കൗശലപൂര്‍വം മറച്ചു പിടിക്കുകയും ഹമാസിനെ ചൂണ്ടിക്കാട്ടി ഫലസ്തീനികളെ ഭീകരവാദികളായി ചിത്രീകരിക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഈദ് ദിനത്തിലെങ്കിലും ഗാസയില്‍ ലോകം ശാന്തത പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര- വേ്യാമ- നാവിക സേനകളെ ഉപയോഗിച്ച് ഇസ്‌റാഈല്‍ ഗാസയെ ചോരയില്‍ കുളിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച ആക്രമണം ആരാധനാലയങ്ങളെ പോലും ബോംബിട്ടു തകര്‍ത്തു. മൈതാനത്ത് പന്ത് കളിച്ചുകൊണ്ടിരുന്ന ഒന്‍പത് ഫലസ്തീന്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറിലേറെ പേരെയാണ് സയണിസ്റ്റ് സേന ഈദ് ദിനത്തില്‍ കൊന്നുകൂട്ടിയത്. ഐക്യരാഷ്ട്ര ഉദേ്യാഗസ്ഥന്മാര്‍ വരെ മിസൈല്‍ വര്‍ഷത്തില്‍ പിടഞ്ഞു വീണു മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളാണ് വേട്ടയാടപ്പെടുന്നത്. ശനിയാഴ്ച യു എന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ശെയ്മ എന്ന യുവതി ഗര്‍ഭിണിയായിരുന്നു. കണ്ണും കരുണയുമില്ലാത്ത ഇസ്‌റാഈലിന്റെ ക്രൂരതയുടെ ബാക്കിപത്രമെന്ന പോലെ മരണപ്പെട്ട ശെയ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഡോക്ടര്‍മാര്‍ ഒരു പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
ഇസ്‌റാഈല്‍ പൈശാചികതയുടെ ഇരയായി സ്വന്തം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുപോകുമായിരുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ഫാദിഅല്‍ക്രോതെ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞത് ഈ കുഞ്ഞ് തങ്ങള്‍ക്ക് സ്വന്തം കുഞ്ഞാണെന്നാണ്. ഇവള്‍ ഇസ്‌റാഈല്‍ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് നടത്തുന്ന ഫലസ്തീന്‍ ജനതക്കെതിരായ കൂട്ടക്കൊലയുടെ ബാക്കിപത്രമായി ഞങ്ങള്‍ക്കിടയില്‍ ജീവിക്കും. കുഞ്ഞിന്റെ ബന്ധു മഹാഷെയ്ക്കലി മാധ്യമങ്ങളോട് പറഞ്ഞത് “ഇസ്‌റാഈല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ ബാക്കിപത്രമാണിവള്‍. ഇവള്‍ ഞങ്ങള്‍ക്ക് ദൈവത്തിന്റെ സമ്മാനമാണ്. കുഞ്ഞിന് പേര്‍ നല്‍കിയിരിക്കുന്നത് അവളുടെ ഉമ്മയുടെ നാമമായ ശെയ്മ എന്നുതന്നെയാണ്.” ഗാസയില്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന ഫലസ്തീനികളോടുള്ള ബഹുമാനാര്‍ഘമാണ് ഉമ്മയുടെ പേര്‍തന്നെ കുഞ്ഞിന് നല്‍കിയിരിക്കുന്നതെന്നാണ് ഷെയ്ക്കലി വിശദീകരിച്ചത്. അധിനിവേശ ഭീകരതയില്‍ പിടയുന്ന ഒരു ജനതയുടെ പ്രതീകമായി ലോകത്തിന്റെ മുമ്പില്‍ ശെയ്മ ഇന്നൊരു ചോദ്യചിഹ്നമായ് അവശേഷിക്കുന്നു. ചോരയും കണ്ണീരും ചേര്‍ന്ന ഗാസയുടെ ദുര്‍വിധിയെ പ്രതിരോധിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതിനിധിയാണവള്‍.
ഫലസ്തീനുകള്‍ക്കെതിരായ വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള സയണിസ്റ്റ് ആക്രമണങ്ങള്‍ക്ക് സാമ്രാജ്യത്വ മാധ്യമങ്ങള്‍ എന്നും പിന്തുണ നല്‍കിപ്പോന്നിരുന്നു. 1886ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഫലസ്തീന്‍ മണ്ണില്‍ ജൂത കുടിയേറ്റം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ശക്തമായ പ്രതിരോധം തദ്ദേശീയ ജനതയില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ നടത്തിയിരുന്ന “അല്‍-കാര്‍മല്‍”, “ഫലസ്തീന്‍” എന്ന പത്രങ്ങളും റഷീദ് റിളാ നടത്തിയിരുന്ന “അല്‍-മനാര്‍” എന്ന പത്രവും കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഫലസ്തീനിന്റെ മണ്ണില്‍ ജൂത കുടിയേറ്റത്തിനെതിരെ പ്രക്ഷോഭ രംഗത്തേക്ക് വന്നപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍ സ്വാധീനമുള്ള ജൂത ലോബിയും അവരുടെ മുന്‍കൈയിലുള്ള മാധ്യമങ്ങളും കുടിയേറ്റത്തിനനുകൂലമായ പ്രചാരണം ആരംഭിക്കുകയായിരുന്നു. ഉദ്ദേശം 18 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജൂത ഭരണം ഫലസ്തീനിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നുവെന്ന് ജൂത കുടിയേറ്റത്തെ ന്യായീകരിക്കാനായി പ്രചരിപ്പിക്കുകയായിരുന്നു. സയണിസ്റ്റുകളുടെ അധിനിവേശത്തെ ചരിത്രവിരുദ്ധമായ വാദങ്ങളിലൂടെ ന്യായീകിക്കുകയായിരുന്നു ബ്രിട്ടീഷ്- യു എസ്- സയണിസ്റ്റ് മാധ്യമങ്ങള്‍ ചെയ്തത്. ജൂതകുടിയേറ്റത്തിനെതിരെ നിലപാട് സ്വീകരിച്ച തദ്ദേശീയ പത്രങ്ങളെയെല്ലാം നിശ്ശബ്ദമാക്കിയും വിലക്കെടുത്തുമാണ് സയണിസ്റ്റ് അധിനിവേശ ശക്തികള്‍ തങ്ങളുടെ കടന്നുകയറ്റത്തിന് എതിരായ ജനകീയ പ്രതിരോധങ്ങളെ അതിജീവിച്ചത്. ഇന്നിപ്പോള്‍ ഫലസ്തീനനുകൂലമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ മിസൈല്‍ ആക്രമണങ്ങളിലൂടെ തകര്‍ത്തുകൊണ്ടാണ് ഇസ്‌റാഈല്‍ സേന തങ്ങളുടെ ആക്രമണപരമ്പര തുടരുന്നത്.
ഈദ് ദിനത്തില്‍ ഗാസ സിറ്റിയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കുനേരെയാണ് ഇസ്‌റാഈല്‍ സേന മിസൈല്‍ ആക്രമണം നടത്തിയത്. ഒന്‍പത് പേര്‍ മൈതാനിയില്‍ തന്നെ മരിച്ചുവീണു. പരിക്കു പറ്റിയ മറ്റ് കുട്ടികളെ പ്രവേശിപ്പിച്ച അല്‍-ഷിഫ ആശുപത്രിയുടെ ഔട്ട്‌പേഷ്യന്റ് വിഭാഗം കെട്ടിടത്തിലും ഇസ്‌റാഈല്‍ സേന തുടര്‍ന്ന് ബോംബ് വര്‍ഷിച്ചു. വടക്കന്‍ ഗാസാ മുനമ്പിലും കുട്ടികള്‍ക്കുനേരെയാണ് ആക്രമണം നടന്നത്. അവിടെ ജബലയില്‍ നാല് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളെ ചാര പേടകങ്ങളുപയോഗിച്ച് തെരഞ്ഞു പിടിച്ച് കൊന്നുകൂട്ടുന്നത് ഫലസ്തീന്‍ ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണ്. ഫലസ്തീനിന്റെ വര്‍ത്തമാനത്തെ മാത്രമല്ല ഭാവിയെയുമാണ് ഇസ്‌റാഈല്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നത്. ഗാസയിലെ ജനജീവിതത്തിന്റെ ജീവനാഡിയായ ഊര്‍ജ നിലയങ്ങള്‍ ബോംബിട്ടു തകര്‍ത്തിരിക്കുകയാണ്. ഊര്‍ജനിലയം തകര്‍ത്ത സയണിസ്റ്റ് സേന ഫലസ്തീനികള്‍ക്ക് വെള്ളവും വെളിച്ചവും നിഷേധിച്ച് കൂട്ടസംഹാരത്തിനൊരുങ്ങുകയാണെന്നാണ് ഹമാസ് നിയന്ത്രണത്തിലുള്ള അല്‍-അത്‌സ് ടെലിവിഷനെ ഉദ്ധരിച്ച് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ അല്‍-അത്‌സ് ടെലിവിഷന്റെയും റേഡിയോവിന്റെയും നിലയങ്ങള്‍ ഇസ്‌റാഈല്‍ സേന തകര്‍ത്തിട്ടുണ്ട്.
ഇസ്‌റാഈല്‍ പാര്‍ലമെന്റിലെ വനിതാ എം പി അയലെന്ത് ഷാക്കിദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ഫലസ്തീന്‍ സ്ത്രീകളെ ഒന്നാകെ കൊന്നുതീര്‍ക്കണമെന്നും അവരാണ് കുഴപ്പക്കാരായ പാമ്പുകളെ പെറ്റുകൂട്ടുന്നതെന്നുമായിരുന്നു അയലെന്തയുടെ പോസ്റ്റ്. കടുത്ത വംശീയ വിദേ്വഷം പ്രചരിപ്പിച്ചുകൊണ്ടാണ് ഇസ്‌റാഈല്‍ ഭരണകൂടവും അവരെ പിന്തുണക്കുന്ന യു എസ് മാധ്യമങ്ങളും ഫലസ്തീന്‍ ജനതക്കെതിരായ കൂട്ടക്കൊലക്ക് അന്തര്‍ദേശീയ സമൂഹത്തിനുമുമ്പില്‍ ന്യായം ചമക്കുന്നത്. തികഞ്ഞ പക്ഷപാതിത്വത്തോടെയാണ് യു എസ് മാധ്യമങ്ങള്‍ ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പല സാമ്രാജ്യത്വ മാധ്യമങ്ങളും ഇസ്‌റാഈല്‍ സംഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുകയല്ല സയണിസ്റ്റുകള്‍ക്കായി ക്യാമ്പയിന്‍ നടത്തുകയാണ്. ഹമാസിന്റെ ഭീകരതക്കെതിരാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഫലസ്തീനുകള്‍ക്കെതിരായ വംശീയ വിദേ്വഷമാണ് മാധ്യമങ്ങള്‍ പടര്‍ത്തുന്നത്.
യു എസ് മാധ്യമങ്ങളുടെ പക്ഷപാതിത്വപരമായ സമീപനം അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ തന്നെ പ്രതിഷേധവും അസ്വസ്ഥതയും ഉണര്‍ത്തിയിരിക്കുകയാണ്. ഇസ്‌റാഈല്‍ അക്രമണത്തെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഫലസ്തീനികള്‍ക്കെതിരായ വിദേ്വഷ രാഷ്ട്രീയ നിര്‍മിതിയായി മാറ്റിയിരിക്കുന്നു എന്ന് തുറന്ന് പറയുകയാണ് പല മാധ്യമ പ്രവര്‍ത്തകരും. എം എസ് എന്‍ ബി സി എന്ന മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റൂലാഗബ്രിയേല്‍ എന്ന റിപ്പോര്‍ട്ടര്‍ ഫലസ്തീന്‍ സംഭവങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സമ്മര്‍ദത്തിലാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെന്നാണ് തുറന്നെഴുതിയിരിക്കുന്നത്. റോനന്‍ ഫാറോ ഡെയ്‌ലിയില്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ ഫലസ്തീന്‍ വിരുദ്ധത നിഷ്ഠൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു. റൂലാഗബ്രിയേല്‍ ഫലസ്തീനില്‍ ജനിച്ച ഇസ്‌റാഈല്‍ പൗരയാണ്. ഇറ്റലിയില്‍ പോയി ജര്‍ണലിസം പഠിച്ച അവര്‍ ഇറ്റാലിയന്‍, ഈജിപ്ഷ്യന്‍ രാഷ്ട്രീയ മേഖലയാണ് സവിശേഷമായി എടുത്തിരിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്‌റാഈല്‍ നേതാക്കള്‍ക്കും വലിയ കവറേജും അഭിമുഖ അവസരങ്ങളും നല്‍കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ഫലസ്തീന്‍ നേതാക്കളെ തിരസ്‌കരിക്കുകയാണ്. വാര്‍ത്തകളിലും അഭിമുഖങ്ങളിലും അവര്‍ക്ക് കാര്യമായി ഇടം കൊടുക്കുന്നില്ലെന്നു മാത്രമല്ല അവര്‍ക്കെതിരായ വിദേ്വഷബോധവും അവമതിപ്പും വളര്‍ത്തുന്ന മാധ്യമ തന്ത്രങ്ങളാണ് നിരന്തരമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
2001 സെപ്തംബര്‍ 11ന്റെ വേള്‍ഡ്‌ട്രേഡ് സംഭവം പ്രക്ഷേപണം ചെയ്ത രീതി അമേരിക്കന്‍ മാധ്യമങ്ങളുടെ സയണിസ്റ്റ് സ്വാധീനം അനാവരണം ചെയ്യുന്നതായിരുന്നു. അമേരിക്കന്‍ ട്രേഡ് സെന്റര്‍ തകര്‍ത്തതില്‍ ദുഃഖിതരും രോഷാകുലരുമായ കാഴ്ചക്കാരുടെ മുമ്പില്‍ സി എന്‍ എന്‍ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളും വാര്‍ത്തകളും അങ്ങേയറ്റം വിദേ്വഷം ചീറ്റുന്നതായിരുന്നു. സി എന്‍ എന്‍ പ്രക്ഷേപണം ചെയ്ത ദൃശ്യം വേള്‍ഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണ്‍ കോംപ്ലക്‌സിന്റെയും തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്ന ടെലിവിഷന്‍ സെറ്റിനു മുമ്പില്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന ഒരു ഫലസ്തീന്‍ സ്ത്രീയുടേതായിരുന്നു. തങ്ങളുടെ ദുരന്തത്തിലും ദുഃഖത്തിലും സന്തോഷിക്കുന്നവരാണ് ഫലസ്തീനുകളെന്ന നീചമായ സന്ദേശമാണ് സി എന്‍ എന്‍ ഈയൊരു ദൃശ്യവും വാര്‍ത്തയും വഴി ജനങ്ങള്‍ക്കുമുമ്പില്‍ എത്തിച്ചത്. യു എസ്- സയണിസ്റ്റ് ആക്രമണങ്ങളുടെ ഇരകളായി ദശകങ്ങളായി പീഡനങ്ങളനുഭവിക്കുന്ന ഒരു ജനസമൂഹത്തിന്റെ ഭാഗത്തു നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഈ ഫലസ്തീന്‍ സ്ത്രീയുടെ ദൃശ്യമെന്ന് പല സ്വതന്ത്ര നിരീക്ഷകരും അപ്പോള്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കന്‍ മാധ്യമവ്യവസ്ഥയുടെ കടുത്ത വിമര്‍ശകരായ ജോണ്‍മാര്‍ക്ക് അര്‍തറിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്തക്കു പിറകിലുള്ള നിജസ്ഥിതി പിന്നീട് പുറത്തുകൊണ്ടുവന്നത്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഫലസ്തീനിലെ ഒരു ആഘോഷചടങ്ങിനിടയില്‍ ബന്ധുക്കള്‍ക്കൊപ്പം സന്തോഷം പങ്ക് വെക്കുന്ന ഫലസ്തീന്‍ സ്ത്രീയുടെ ചിത്രമായിരുന്നു അത്. ഈ ചിത്രം മോര്‍ഫ് ചെയ്ത് വേള്‍ഡ്‌ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ സന്തോഷിക്കുന്നു എന്ന രീതിയില്‍ മാറ്റിയെടുത്താണ് സി എന്‍ എന്‍ വിദേ്വഷ പ്രചാരണം നടത്തിയത്.
ഇപ്പോള്‍ ഗാസയിലെ കൊടും ക്രൂരതകളെ ന്യായീകരിക്കാനായി ഇസ്‌റാഈല്‍ ഭരണകൂടവും അന്താരാഷ്ട്ര മാധ്യമങ്ങളും ജൂണ്‍ 12ന് തട്ടിക്കൊണ്ടുപോയ ജൂത കുഞ്ഞുങ്ങളുടെ കഥയാണ് പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹമാസാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നതെന്ന പ്രചാരണത്തിലൂടെ ഫലസ്തീനികള്‍ക്കെതിരായ വിദേ്വഷത്തിന്റെ ഉന്മാദം പടര്‍ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത്തരം പ്രചാരണമാണ് പിന്നീട് ഫലസ്തീനിലെ നിരപരാധികള്‍ക്കെതിരായ അക്രമണപരമ്പരകള്‍ക്ക് പ്രേരണയായത്. പ്രത്യാക്രമണങ്ങളുടെ തരംഗം തന്നെ സൃഷ്ടിക്കപ്പെട്ടു. മൂന്ന് ജൂത കുട്ടികളുടെ തിരോധാനത്തിനും ദാരുണമായ മരണത്തിനും ഉത്തരവാദികള്‍ ഫലസ്തീനികളാണെന്നും അവര്‍ക്ക് കൂട്ട ശിക്ഷ നല്‍കണമെന്നുമാണ് സയണിസ്റ്റ് മാധ്യമങ്ങള്‍ നിരന്തരം ഉല്‍ബോധിപ്പിച്ചത്. പതിനേഴ് വയസ്സുകാരനായ മുഹമ്മദ് അഖദീര്‍ എന്ന യുവാവിന്റെ ദാരുണമായ വധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും ഈ പാശ്ചാത്യ മാധ്യമ പ്രചാരണമായിരുന്നു. യാതൊരു തെളിവുകളുമില്ലാത്ത ഒരു കൊലപാതകത്തിനുത്തരവാദികള്‍ ഹമാസാണെന്ന് വരുത്തിതീര്‍ക്കുന്ന ഉന്മാദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
സയണിസ്റ്റുകളുടെ ഈ മാധ്യമ തന്ത്രം സ്വന്തം പൗരന്മാരുടെ സംരക്ഷണത്തിന് ഇസ്‌റാഈല്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്നും അതിന് ഏതറ്റം വരെ പോകുന്നതിനും തെറ്റില്ലെന്നുമുള്ള അഭിപ്രായ നിര്‍മാണമാണ് ലക്ഷ്യം വെച്ചത്. സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്‌റാഈല്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്ന സമ്മതനിര്‍മിതിയാണ് മാധ്യമങ്ങള്‍ കുത്സിതമായ പ്രചാര വേലയിലൂടെ സൃഷ്ടിച്ചെടുത്തത്. വെസ്റ്റ് ബേങ്ക് മുതല്‍ കിഴക്കന്‍ ജറുസലേം വരെ ഫലസ്തീനികള്‍ക്കെതിരായ വികാരപരമായ അന്തരീക്ഷം ജൂത സമൂഹത്തിനിടയില്‍ ഇളക്കിവിടുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. നൂറു കണക്കിന് ഫലസ്തീനികളെ ഹമാസ് ബന്ധമാരോപിച്ച് വേട്ടയാടി. ഇസ്‌റാഈല്‍ പൗരന്മാരുടെ സുരക്ഷക്ക് എന്ന ന്യായം പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഗാസയില്‍ കൂട്ടക്കൊല നടത്തുകയാണ് ഇസ്‌റാഈല്‍ ഭരണകൂടം. ക്ഷുദ്ര വികാരമുണര്‍ത്തുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും പ്രചാരണത്തിനെതിരെ ഉയര്‍ന്നുവന്ന സ്വതന്ത്ര നിരീക്ഷകരുടെ കണ്ടെത്തലുകളെയെല്ലാം ബോധപൂര്‍വം നിരാകരിക്കുകയായിരുന്നു. ഇസ്‌റാഈലി കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും സംഘടിതമായ ഏതെങ്കിലും ഫലസ്തീന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളല്ലെന്നും സാധാരണ രണ്ട് ഫലസ്തീന്‍ പൗരന്മാരാണ് ഇത്തരം ഒരു കൃത്യം ചെയ്തതെന്നുമായിരുന്നു സ്വതന്ത്രനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. അവര്‍ക്ക് ഹമാസുമായി ഒരു ബന്ധവുമില്ലെന്നും സ്വതന്ത്ര നിരീക്ഷകര്‍ ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അതിനൊന്നും ഒരു വിലയും കല്‍പിക്കാതെ കൂട്ടക്കൊലകള്‍ ഒരു പ്രത്യാക്രമണം എന്ന നിലയില്‍ ആസൂത്രണം ചെയ്ത് തുടരുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്.
(തുടരും)

Latest