Connect with us

Gulf

പുതിയ വിസാ നിയമം നാളെ മുതല്‍

Published

|

Last Updated

അബുദാബി: യു എ ഇ വിസാനിയമത്തില്‍ സമഗ്രമാറ്റം നാളെ മുതല്‍. പുതിയ നിയമപ്രകാരം യു എ ഇയിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകുവാനുള്ള അവസരം ഉണ്ടായിരിക്കും. ഇതുവരെ ഒരു നിശ്ചിത കാലയളവിലുള്ള സന്ദര്‍ശകവിസകളില്‍ എത്തുന്നവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിച്ചിരുന്നില്ല.
ചികിത്സ, വിദ്യാഭ്യാസം, സമ്മേളനങ്ങളില്‍ പങ്കെടുക്കല്‍ എന്നിവയ്ക്ക് പുതിയ നിയമപ്രകാരം പ്രത്യേക വിസ അനുവദിക്കും. ഒരു കമ്പനിയില്‍ നിന്നും മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍വിസ മാറ്റുമ്പോള്‍ ഇനിമുതല്‍ തങ്ങളുടെ കീഴിലുള്ള കുടുംബങ്ങളുടെ വിസ റദ്ദു ചെയ്യണമെന്നില്ല. പകരം 5,000 ദിര്‍ഹം കെട്ടിവെച്ചാല്‍ അതേവിസയില്‍ തന്നെ കുടുംബങ്ങള്‍ക്ക് യു എ ഇ യില്‍ തുടരാന്‍ കഴിയും. പിന്നീട് വിസ റദ്ദു ചെയ്യുമ്പോള്‍ ഈ തുക തിരികെ ലഭിക്കുന്നതായിരിക്കും. കൂടാതെ വനിതാനിക്ഷേപകര്‍ക്ക് പുതിയ നിയമപ്രകാരം തങ്ങളുടെ കുടുംബാംഗങ്ങളെ യു എ ഇ യിലേക്ക് കൊണ്ടുവരാം. ഇതിനായി ആളൊന്നിന് 3,000 ദിര്‍ഹം വീതം തിരിച്ചുകിട്ടാവുന്ന ഡെപ്പോസിറ്റ് തുക നല്‍കിയാല്‍ മതി.
അതേസമയം പുതുക്കിയ നിയമ പ്രകാരം വിസയുടെ ഫീസും നിയമത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള പിഴയും വര്‍ധിക്കും. കമ്പനികള്‍ തൊഴിലാളികളുടെ പേരിലോ കമ്പനിരേഖകളുടെ പേരിലോ കൃത്രിമങ്ങള്‍ നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളും കൂടിയ പിഴയും ഇനിമുതല്‍ നേരിടേണ്ടിവരും. ഇങ്ങനെ ലഭിക്കുന്ന പണം യു എ ഇ താമസ-കുടിയേറ്റ മന്ത്രാലയങ്ങള്‍ നിയമവിരുദ്ധ നടപടികള്‍ നേരിടുന്നവരെ കയറ്റി അയയ്ക്കുന്നതിനായി വിനിയോഗിക്കും.ഇനിമുതല്‍ കമ്പനികള്‍ റസിഡന്‍സി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചാല്‍ 100 ദിര്‍ഹം പിഴ ഈടാക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ശ്രമിച്ച് പിന്നീട് ശ്രമം ഉപേക്ഷിക്കുകയാണെങ്കിലും ഈ പിഴ നല്‍കേണ്ടിവരും. അതുപോലെ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ 500 ദിര്‍ഹം പിഴ ഈടാക്കും.
കോര്‍പ്പറേറ്റ് കമ്പനികള്‍ ഇത്തരം വീഴ്ച വരുത്തുകയാണെങ്കില്‍ പിഴ 2,000 ദിര്‍ഹമായിരിക്കുമെന്നും പുതിയ വിസാനിയമത്തില്‍ പറയുന്നു. തൊഴിലാളി അതാത് കമ്പനികളില്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍ നിയമാനുസൃതമുള്ള തൊഴില്‍ രേഖകളും മറ്റും നിശ്ചിത സമയങ്ങളില്‍ കൃത്യമായി ശരിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആളൊന്നിന് 1,000 ദിര്‍ഹം പിഴ നല്‍കണം. കമ്പനികളിലുള്ള മാറ്റങ്ങള്‍ കൃത്യസമയങ്ങളില്‍ ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങളെ അറിയിച്ചില്ലെങ്കില്‍ 1,000 ദിര്‍ഹം പിഴയും ഈടാക്കുവാന്‍ നിയമമുണ്ട്. അതുപോലെ കമ്പനികള്‍ താമസ കുടിയേറ്റ വകുപ്പിന് തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കില്‍ 5,000 ദിര്‍ഹം പിഴയായി ഈടാക്കും.
വ്യാജരേഖകള്‍ സഹിതം പ്രസ്തുത മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കൂടിയ പിഴയീടാക്കുന്നത്. ഇത്തരം തെറ്റുകള്‍ പ്രസ്തുത കമ്പനികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 50,000 ദിര്‍ഹമായി ഉയര്‍ത്തുവാനും പുതിയ വിസ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പുതിയ നിയമങ്ങള്‍
1. ഒരു നിശ്ചിത കാലയളവില്‍ കുടുംബാംഗങ്ങളുടെ വിസ മാറാതെ തന്നെ താമസ വിസ റദ്ദു ചെയ്യാം. 5,000 ദിര്‍ഹം കെട്ടിവെക്കണം. വനിതാ നിക്ഷേപകയാണെങ്കില്‍ ഓരോ കുടുംബാംഗത്തിനും 3,000 ദിര്‍ഹം കെട്ടിവെക്കണം.
2. വിസാ അപേക്ഷയില്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ 100 ദിര്‍ഹം പിഴ. സാക്ഷ്യപത്രം തെറ്റാണെങ്കില്‍ 500 ദിര്‍ഹം പിഴ. കോര്‍പറേറ്റുകള്‍ക്ക് 2,000 ദിര്‍ഹം പിഴ.
3. ജീവനക്കാരെ സംബന്ധിച്ച തെറ്റായ വിവരം നല്‍കിയാല്‍ ഒരു ജീവനക്കാരന് 1,000 ദിര്‍ഹം എന്ന നിലയില്‍ പിഴ. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 5,000 ദിര്‍ഹം പിഴ.
4. സന്ദര്‍ശനത്തിനും ജോലിക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

Latest