വിമാനയാത്രകള്‍ ദുരിത പൂര്‍ണമായി; ലഗേജുകള്‍ കിട്ടിയില്ല; വിലപ്പെട്ട രേഖകള്‍ കളവ് പോയി

Posted on: July 31, 2014 9:07 pm | Last updated: July 31, 2014 at 9:07 pm

അബുദാബി: പെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കാന്‍ ധൃതി പിടിച്ച് പോയവര്‍ക്ക് കയ്പുറ്റ അനുഭവങ്ങള്‍. പലര്‍ക്കും ലഗേജുകള്‍ നഷ്ടമായി.

വൈകി പറക്കലും സര്‍വീസ് റദ്ദ് ചെയ്യലും നിത്യ സംഭവമാണെങ്കിലും ഇപ്പോള്‍ ലഗേജുകളും കിട്ടുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി, കോഴിക്കോട് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞാണ് ലഗേജുകള്‍ കിട്ടുന്നത്. കൂടാതെ ലഗേജുകളില്‍ മോഷണവും നിത്യ സംഭവം.
ഒരാഴ്ചക്കിടെ കരിപ്പൂരില്‍ എയര്‍ ഇന്ത്യയിലെത്തിയ അഞ്ഞൂറിലധികം പേരാണ് ഇനിയും ലഗേജ് ലഭ്യമാകാതെ വലയുന്നത്. ഹാന്റ് ബാഗുകളടക്കമുള്ളവയില്‍ സൂക്ഷിച്ച വിലപിടിപ്പുള്ളതെല്ലാം നശിപ്പിച്ചതായും ആക്ഷേപമുണ്ട്. പെരുന്നാളിനായി നാട്ടിലെത്തിയവരാണ് അനാസ്ഥ കാരണം വലഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാഴ്ച മുമ്പ് യാത്ര ചെയ്തവര്‍ക്കും ഇതുവരെ ലഗേജ് കിട്ടിയിട്ടില്ല. പലയാത്രക്കാരില്‍ നിന്നും ഹാന്റ് ബാഗു നിര്‍ബന്ധിച്ച് വാങ്ങിയതായും പരാതിയുണ്ട്. തിരിച്ചുകിട്ടിയ ഹാന്റ് ബാഗില്‍ ലാപ്‌ടോപ്പ്, ടാബ്, ഐപാഡ് എന്നിവ നശിപ്പിച്ചതായും പരാതിയുണ്ട്. വിമാന കമ്പനി അധികൃതരുടെ കടുംപിടുത്തം കാരണം നിരവധിപേരുടെ വിലപ്പെട്ട രേഖകള്‍ കാണാതായി. കണ്ണൂര്‍ സ്വദേശി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ കണ്ണൂര്‍ താണ സ്വദേശി ആദില്‍ ഫയാസാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കും എയര്‍പോര്‍ട് മാനേജര്‍ക്കും പരാതി അയച്ചിരിക്കുന്നത്. വിമാനത്തില്‍ കയറുന്ന സമയത്ത് ഇദ്ദേഹമടക്കമുള്ള യാത്രക്കാരില്‍ നിന്നും വിമാന കമ്പനി അധികൃതര്‍ ഹാന്‍ഡ് ബാഗ് പിടിച്ചുവാങ്ങിയത്രെ. കരിപ്പൂരിലിറങ്ങി മറ്റു സാധനങ്ങള്‍ കൈപ്പറ്റിയെങ്കിലും ഹാന്‍ഡ് ബാഗ് മാത്രം കിട്ടിയില്ല.
തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിലയേറിയ രേഖകളടങ്ങിയ ബാഗിന് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം നെട്ടോട്ടത്തിലാണ്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ക്കും ഇതേ അനുഭവമാണ് ഉണ്ടായതെന്ന് ആദില്‍ പറയുന്നു.
ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരുടെ ലഗേജുകള്‍ പിന്നീടാണ് കയറ്റിയയക്കുന്നത്. എന്നാല്‍ ലഗേജുകള്‍ വൈകുന്നതിലും കളഞ്ഞ് പോകുന്നതിലും എയര്‍ ഇന്ത്യക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിന് പിന്നില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അധികൃതരാണെന്നും ദുബൈ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും അറിയിച്ചു.