കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം: ജീവപര്യന്തം കഠിന തടവ് ലഭിക്കാവുന്ന കുറ്റം

Posted on: July 31, 2014 11:17 am | Last updated: July 31, 2014 at 11:17 am

CHILDകല്‍പ്പറ്റ: 12 വയസ്സില്‍ താഴെയുള്ളവര്‍ ശാരീരിക, മാനസിക വൈകല്യങ്ങളുള്ള കുട്ടികള്‍ ക്കെതിരെ അവരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ നടത്തുന്ന ലൈംഗിക പീഡനം പോസ്‌കോ നിയമപ്രകാരം പരമാവധി ജീവപര്യന്തം കഠിന തടവ് ലഭിക്കാവുന്ന കുറ്റം. ജില്ലയിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കായി ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരുമായി സഹകരിച്ച് പോസ്‌കോ നിയമത്തെക്കുറിച്ച് ആര്‍.എം.എസ്.എ. നടത്തിയ പരിശീലനത്തില്‍ സി.ഡബ്ല്യു.സി. ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചതാണിത്.
കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ ‘സീറോ ടോളറന്‍സ്’ നയമാണ് നിയമത്തിനുള്ളതെന്നും നിയമത്തിലുള്ള അജ്ഞത ശിക്ഷ ലഭിക്കാതിരിക്കാന്‍ കാരണമാവില്ലെന്നും അദ്ദേഹം അറിയിച്ചു. ശാരീരിക പീഡനത്തിനപ്പുറം കുട്ടികള്‍ കേള്‍ക്കണമെന്ന ആഗ്രഹത്തോടുകൂടി സഭ്യമല്ലാതെ സംസാരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും ശരീരഭാഗങ്ങളുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നതും ഈ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റും ശല്യപ്പെടുത്തുന്നതും പീഡനമായി കണ്ട് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കി കേസ് ചാര്‍ജ്ജ് ചെയ്യാം.
കുട്ടികള്‍ക്ക് പരാതിയില്ലെങ്കില്‍പോലും ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ല. വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍ അടക്കമുള്ള സ്ഥാപനമേധാവികള്‍ തങ്ങളുടെ കീഴ്ജീവനക്കാര്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുകയോ നടത്താന്‍ സാധ്യതയുണ്ടെങ്കിലോ പോലും പോലീസില്‍ അറിയിക്കണമെന്നാണ് പോക്‌സോ നിയമം അനുശാസിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷനംഗം ഗ്ലോറി ജോര്‍ജ്ജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മേരി ജോസ്, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി സുരേഷ്ബാബു, ആര്‍.എം.എസ്.എ. എ.പി.ഒ. അബ്ബാസ് അലി തുടങ്ങിയവര്‍ സംസാരിച്ചു.