Connect with us

Palakkad

താലൂക്ക് ആശുപത്രി പ്രസവ വാര്‍ഡ് പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

ആലത്തൂര്‍: താലൂക്കാശു പത്രിയിലെ പ്രസവവാര്‍ഡില്‍ 16 കിടക്കകളില്‍ കിടത്തിച്ചികിത്സ നല്‍കുന്നത് 61 പേര്‍ക്ക്. പ്രസവ വാര്‍ഡില്‍ ചികിത്സതേടി എത്തുന്നവരുടെ എണ്ണക്കൂടുതല്‍ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച പ്രസവശുശ്രൂഷാ ചെലവും താലൂക്കാശുപത്രിയില്‍ 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകുന്നതുംമൂലം ഇവിടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഒരു എന്‍ ആര്‍ എച്ച് എം ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഗൈനക്കോളജിസ്റ്റ് ഇപ്പോള്‍ താലൂക്കാശുപത്രിയിലുണ്ട്.
സ്ഥിരം അനസ്‌തേഷ്യനിസ്റ്റ് ഇല്ലെങ്കിലും ജനനി ശിശുസുരക്ഷാകാരിക്രമിന്റെ (ജെ എസ് എസ് കെ) ഭാഗമായി അനസ്‌തേഷ്യനിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചികിത്സാസൗകര്യം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിയാണ് പ്രസവവാര്‍ഡിന്.
വാര്‍ഡില്‍ 16ഉം പോസ്റ്റ്ഓപ്പറേറ്റീവ് വാര്‍ഡില്‍ 14ഉം കിടക്കകളുണ്ട്. വാര്‍ഡിലെ കിടക്കകളില്‍ മാത്രമാണ് കൂടുതല്‍ ആളുകളെ കിടത്തേണ്ടിവരിക. ഇതോടൊപ്പം കുട്ടികളും കൂട്ടിരിപ്പുകാരും ഉണ്ടാകും. കഴിഞ്ഞദിവസം 16 കിടക്കകളിലായി 61 രോഗികളാണ് ഉണ്ടായിരുന്നത്.
പ്രസവവാര്‍ഡ് പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. മൂന്ന് നിലകളിലായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്രാഥമിക എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി വരികയാണ്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി വേണം പുതിയത് നിര്‍മിക്കാന്‍. ഇതിന് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. കെട്ടിടനിര്‍മാണത്തിന്റെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുകയും ചെയ്യും. ഇത് വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Latest