Connect with us

Kozhikode

സൗകര്യങ്ങളില്ല; ലോ കോളജില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ലോ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്കെതിരെ വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.
അധ്യയനം തടസ്സപ്പെടുത്താതെ ക്ലാസുകളില്‍ ഹാജരാകുന്ന സമരക്കാര്‍ നിരാഹാരം തുടര്‍ന്നുകൊണ്ട് വേറിട്ട ശൈലിയിലാണ് സമരം നടത്തുന്നത്.
ബുധനാഴ്ച രാവിലെ യൂനിറ്റ് പ്രസിഡന്റ് കെ വി സുധീര്‍, എം എസ് എഫ് യൂനിറ്റ് സെക്രട്ടറി അഹമ്മദ് സാലി, കെ എസ് സി നേതാവ് ജെറി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. എന്നാല്‍ തന്റെ മുറിക്ക് മുമ്പില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ പോലീസിനെ വിളിക്കുകയായിരുന്നു. ക്യാമ്പസിലെത്തിയ ചേവായൂര്‍ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം ആര്‍ ഷഹിന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്തു.
കോളജിലെ വാട്ടര്‍ ടാങ്ക് വര്‍ഷങ്ങളോളം ശുചീകരിക്കാതെ കിടക്കുകയാണെന്നും കാന്റീനിലെ വൃത്തിഹീനമായ അന്തരീക്ഷം മാറ്റാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് അധ്യയനം തടസ്സപ്പെടുത്താതെ സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അവര്‍ അറിയിച്ചു. നിരാഹാരം നടത്തുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ പകരം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.

 

Latest