ട്രോളിംഗ് നിരോധത്തിന് അറുതി; കടപ്പുറത്ത് ഇനി സമൃദ്ധി നിറയും

Posted on: July 31, 2014 12:23 am | Last updated: August 1, 2014 at 1:18 am

kerala-fishകൊല്ലം: സംസ്ഥാനത്ത് 45 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധം ഇന്ന് അവസാനിക്കും. ഇതോടെ സംസ്ഥാനത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം സജീവമാകും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇനി സമൃദ്ധിയുടെ കാലമാണ്. ജൂണ്‍ പതിനാലിന് തുടങ്ങിയ ട്രോളിംഗ് നിരോധം തീരുന്നതോടെ 50,000ത്തോളം ബോട്ട് തൊഴിലാളികള്‍ കടലിലിറങ്ങും. ഇതിനു മുന്നോടിയായി മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ഹാര്‍ബറുകളില്‍ എത്തിത്തുടങ്ങി. പുതിയ വലകള്‍ സെറ്റ് ചെയ്യുന്ന പണികളും പഴയ വലകളുടെ അറ്റകുറ്റപ്പണികളും നടത്തി മത്സ്യബന്ധനത്തിന് തയ്യാറായിരിക്കുകയാണ് തൊഴിലാളികള്‍.

ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ചാകരയുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി കടലിലേക്ക് പോകുന്നത്. ഇത്തവണത്തെ ട്രോളിംഗ് നിരോധ കാലം പൊതുവെ സമാധാനപരമായിരുന്നു. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ സെക്യൂരിറ്റി പോലീസ് എന്നിവയുടെ സംയുക്ത പട്രോളിംഗ് സംസ്ഥാനത്തൊട്ടാകെ നടത്തിയിരുന്നു. സംസ്ഥാനത്ത് 3,500 മത്സ്യ ബന്ധന ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ ഭൂരിപക്ഷവും കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. മത്സ്യങ്ങളുടെ പ്രജനനം ഏറ്റവും കൂടുതല്‍ നടക്കുന്നതിനാലാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രോളറുകള്‍ക്കു സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തിയത്.