പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: July 28, 2014 11:42 am | Last updated: July 29, 2014 at 10:28 am

rapeകോട്ടയം: പതിനാറുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ ഇടനിലക്കാരിയും കൂട്ടാളിയും പിടിയിലായി. കാണക്കാരി സ്വദേശിനി ശരണ്യ, മറിയപ്പളളി സ്വദേശി സോമന്‍ എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കാലത്ത് അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെയും കൊണ്ട് ഒരു സംഘം കാണക്കാരി ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ സൂചന അനുസരിച്ച് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന കാണക്കാരി സ്വദേശി ശരണ്യയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ശരണ്യ പെണ്‍കുട്ടിയെ കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന് ഇരുവരേയും ഗാന്ധിനഗര്‍ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്.

മാസങ്ങളായി പലരും തന്നെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറിയപ്പളളി സ്വദശി സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് കാരിയായ ശരണ്യ പെണ്‍കുട്ടിയുമായി നേരത്തെ അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ച വെച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിരവധിയാളുകള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.