കോര്‍പറേഷന്‍ അഴിമതി: കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: July 28, 2014 10:41 am | Last updated: July 28, 2014 at 10:41 am

oommen chandyകോഴിക്കോട്: കോര്‍പറേഷനെതിരായ അഴിമതിക്കേസുകളില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സത്വര നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റപത്രം കോടതിയില്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി.
കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് വിജിലന്‍സ് ഇതിനകം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തിമറിപേര്‍ട്ട് സമര്‍പ്പിക്കുന്ന നടപടികള്‍ നീണ്ടുപോകുന്നതിനെതിരെ അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ ആനന്ദകനകം 2012 നവംബര്‍ രണ്ട് മുതല്‍ 12 വരെയും, കണ്‍വീനര്‍ കെ പി വിജയകുമാര്‍ 2013 നവംബര്‍ 11 മുതല്‍ 17 വരെയും നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് കേസന്വേഷണത്തിന് ഡി വൈ എസ് പി വി ജി കുഞ്ഞനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച മുഖ്യമന്ത്രി ആറ് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ച് എട്ട് മാസമായിട്ടും കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഒരു കേസില്‍ പോലും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തിലാണ് അഴിമതി വിരുദ്ധ ജനകീയ മുന്നണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. അഡ്വ. കെ ആനന്ദകനകം, കെ പി വിജയകുമാര്‍, കെ ഷൈബു, ഇ സുധാകരന്‍, എം സി സുദേഷ്‌കുമാര്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച് വളരെയേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നിരിക്കെ എല്ലാ കേസുകളും അന്വേഷിക്കാന്‍ ഒരേയൊരു ഡി വൈ എസ് പിയെ മാത്രം ചുമതലപ്പെടുത്തിയതാണ് പ്രശ്‌നമായതെന്നും കേസന്വേഷണത്തിന് ഒരു ഡി വൈ എസ് പിയെ കൂടി ഉള്‍പ്പെടുത്തണമെന്നും മുന്നണി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.