Posted on: July 28, 2014 9:16 am | Last updated: July 28, 2014 at 9:16 am

iftharഇഫ്താറിന്റെ തിരക്കായിരുന്നു കേരളത്തിലിന്നലെ വരെ. മന്ത്രിമാര്‍ മുതല്‍ ചെറിയ സംഘടനകള്‍ വരെ ഇഫ്താര്‍ സംഗമത്തിന് വേദിയൊരുക്കുന്ന കാഴ്ച. മുമ്പ് രണ്ട് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിക്കുകയുണ്ടാായി.
2006ലെ ഒകോടബര്‍ മാസം. തീയതി ഇരുപത്. സമയം 17.45. അന്നാണ് ഞാന്‍ ആദ്യ തവണ പ്രധാനമന്ത്രി ഒരുക്കിയ ഇഫ്താറില്‍ പങ്കെടുക്കുന്നത്.കെ പി സി സിയാണ് എന്നെ ഈ സംഗമത്തില്‍ പങ്കെടുക്കുന്നതിന് അയച്ചത്.മന്‍മോഹന്‍ സിംഗാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വസതിയായ റേസ്‌കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വീടിന്റെ പുല്‍ത്തകിടിയിലായിരുന്നു ഇഫ്താര്‍ വിരുന്ന്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ക്ഷണിക്കപ്പെട്ട 150 ഓളം പേരാണ് അന്ന് വിരുന്നില്‍ പങ്കെടുത്തത്.ദേശീയ നേതാക്കന്മാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, വിദേശ അംബാസഡര്‍മാര്‍, എം പിമാര്‍ തുടങ്ങി പ്രത്യേക സുരക്ഷാ വലയത്തിനുള്ളിലുള്ളവരായിരുന്നു ധാരാളം പേര്‍.ആ വലയമില്ലാതെ ഒറ്റക്കായിരുന്നു അവര്‍ ഈ ചടങ്ങില്‍.അവിടെ ആദ്യം എത്തിയവരില്‍ ഒരാള്‍ ഞാനായിരുന്നു. നേരം സന്ധ്യ ആകുന്നതേയുള്ളു. എങ്ങും ശാന്തത.നോമ്പ് തുറക്കാനും നിസ്‌കരിക്കാനുമുള്ള സംവിധാനങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ അതിഥിയായാണ് ഞാന്‍ നില്‍ക്കുന്നത് എന്ന തിരിച്ചറിവ് എന്നില്‍ അഭിമാനം ഉണ്ടാക്കി.
അല്‍പ്പം കഴിഞ്ഞ് എ കെ ആന്റണി വന്നു. പിന്നീട് സി പി ഐ നേതാവ് ഡി രാജ, സോണിയാ ഗാന്ധി, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കാശ്മീരിലെ മെഹബൂബ മുഫ്തി, ജ്യോതിരാദിത്യ സിന്ധ്യ ഇങ്ങനെ നിര നീളു കയാണ്. എല്ലാവരുമായും ഞാന്‍ സംസാരിച്ചു.കാശ്മീരിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കിലും അവിടുത്തെ സ്ഥിതികള്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് എന്ന് മെഹബൂബ മുഫ്തിയോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ”മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയൊന്നും അവിടെയില്ല. ധൈര്യമായി വരാം.തീര്‍ച്ചയായും വരണം.’സോണിയാ ഗാന്ധിയുമായി മൂന്ന് തവണ അന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഷീലാ ദീക്ഷിത്, സിന്ധ്യ തുടങ്ങിയവരുമായി ഏറെ നേരം സംസാരി ക്കാന്‍ അവസരമുണ്ടായി.ഡി രാജയോടൊപ്പമാണ് ആദ്യം ഞാന്‍ നിന്നിരുന്നത്.അദ്ദേഹവുമായും വര്‍ത്തമാനങ്ങള്‍ പങ്ക് വെച്ചു.ആറ് മണിയോടെ പ്രധാനമന്ത്രി വന്നു. ഓരോരുത്തര്‍ക്കും അദ്ദേഹം ആശംസ നേര്‍ന്നു. പുല്‍ത്തകിടിയില്‍ ചുറ്റി നടന്ന് ധാരാളം നേതാക്കളെ കണ്ട് സംസാരിക്കാനും ചില പഴയ പരിചയങ്ങള്‍ പുതുക്കാനും എനിക്ക് കഴിഞ്ഞു.ആ ചടങ്ങിനിടയിലും ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.അതിഥികളില്‍ എല്ലാവരുടെയും ബഹുമാനം ലഭിച്ച ഒരാളെ; അത് സാക്ഷാല്‍ ആന്റണി തന്നെ. അന്ന് ആ സായംസന്ധ്യയില്‍, റമസാന്‍ നിലാവില്‍, പ്രധാനമന്ത്രി മുതല്‍ അവിടെ കൂടിയ എല്ലാ പേരും സമന്മാരായിരുന്നു. എല്ലാവരും തുല്യര്‍.ആര്‍ക്കും വലിപ്പച്ചെറുപ്പമില്ല.കേരളത്തിന് പ്രധാന മന്ത്രി ഒരു ഇഫ്താര്‍ സമ്മാനവും തന്നു.രണ്ടാം ദിവസം, ആ സമ്മാനമാണ് എ കെ ആന്റണിയുടെ പ്രതിരോധ മന്ത്രി പദം.
സ്വാദിഷ്ടമായ ആഹാരമാണ് തയ്യാറാക്കിയിരുന്നത്.സസ്യാഹാരവും സസ്യേതരാഹാരവും. ബുഫെ ആയിരുന്നു.ഒരു ദേശീയ സംഗമമായിരുന്നു അന്ന് അവിടെ നടന്നത്.
2007ലെ പ്രധാനമന്ത്രിയുടെ ഇഫ്താറിലും ഞാന്‍ പങ്കെടുത്തിരുന്നു. ഇത്തവണ മാധ്യമങ്ങള്‍ക്ക് പ്രത്യേക വേദി ഒരുക്കി കൊടുത്തിരുന്നു. കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള ഇന്ത്യന്‍ ദേശീയതയായിരുന്നു 2007 ഒക്ടോബര്‍ആറിന് നടന്ന ആ ഇഫ്താറില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്.ഒരു ദേശീയ നേതൃത്വ കൂട്ടായ്മയായിരുന്നു അത്.അവിടെവച്ച് ആന്റണി എനിക്ക് ഒരു ബഹുമതിയും തന്നു.ബോണ്‍ ഫൈറ്റര്‍.തലേക്കുന്നില്‍ ബഷീറും ജമീലാ ഇബ്‌റാഹീമും കൂടി കേരളത്തില്‍ ഞാന്‍ നല്‍കിയ ദേശാഭിമാനി കോഴക്കേസിനേയും മെര്‍ക്കിസ്റ്റണ്‍ കേസിനേയും ഉദ്ദേശിച്ചുകൊണ്ട് കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാറിനെതിരെ ലീഗല്‍ ഫൈറ്റ് നടത്തുന്നത് റഹീം ആണെന്ന് പറഞ്ഞപ്പോള്‍ ആന്റണിയുടെ കമന്റ് ‘റഹീം ഒരു ബോണ്‍ ഫൈറ്ററാണ്” എന്നായിരുന്നു.ആന്റണി നല്‍കിയ ബഹുമതിയും പ്രധാനമന്ത്രി നല്‍കിയ സസ്യാഹാരവും കഴിച്ച് ആ ദേശീയ സംഗമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഈ ദേശീയത ഒരു വിഘടനവാദത്തിനും തകര്‍ക്കാനാകില്ല എന്ന ദൃഢവിശ്വാസം എന്നില്‍ പതിഞ്ഞിരുന്നു.
2008ലെ ഇഫ്താറിനും എനിക്കു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അത് റദ്ദാക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ഇപ്പോഴത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു കെ പി സി സി പ്രസിഡന്റ്. എനിക്ക് ഇഫ്താറുകളില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിത്തന്നതും രമേശ് ചെന്നിത്തല തന്നെ.ഒരിക്കലും മറക്കാത്ത, മായാത്ത ഓര്‍മകളായി ഈ ഇഫ്താറുകള്‍ എന്നും മനസ്സില്‍ ജീവിക്കും.