Connect with us

National

പ്രതിപക്ഷ നേതൃസ്ഥാനം സ്പീക്കര്‍ വിവേചനാധികാരം ഉപയോഗിക്കണം: സോമനാഥ് ചാറ്റര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ വ്യക്തമായ നിയമങ്ങളില്ലെങ്കില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്വന്തം നിലക്ക് ഒരു പ്രതിപക്ഷ അംഗത്തെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്ന് മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാവില്ലാതിരിക്കുകയെന്നത് ഭൂഷണമല്ല. അത് ജനാധിപത്യ സംവിധാനത്തെ ദുര്‍ബലമാക്കും. ഈ സാഹചര്യം ഒഴിവാക്കാനുള്ള ബാധ്യത സ്പീക്കര്‍ക്കുണ്ടെന്നും 2004-2009 കാലത്ത് 14ാം ലോക്‌സഭയുടെ സ്പീക്കറായിരുന്ന ചാറ്റര്‍ജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആകെ അംഗസംഖ്യയുടെ പത്ത് ശതമാനം അംഗങ്ങളുള്ള രണ്ടാമത്തെ കക്ഷിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവാക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം ഉണ്ട്.
പാര്‍ലിമെന്റിലെ നടപടിക്രമങ്ങള്‍ ശരിയായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷ നേതൃ സ്ഥാനത്ത് ഒരു അംഗം ഉണ്ടായിരിക്കുന്നതാണ് നല്ലത്. ചട്ടങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ പോലും ഒരു അംഗത്തെ സ്പീക്കര്‍ നിശ്ചയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 44 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയതിന് പിറകേയാണ് ചാറ്റര്‍ജിയുടെ പ്രതികരണം. എ ജി മുകുള്‍ റോഹ്തഗി നല്‍കിയ നിയമോപദേശം രാഷ്ട്രീയ യജമാനന്‍മാരെ സന്തോഷിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്.

---- facebook comment plugin here -----

Latest