Connect with us

Wayanad

ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ അടച്ചു; നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ പൂര്‍ണമായും അനിശ്ചിതകാലത്തേക്ക് അടച്ചു. ഹരിത ട്രിബ്യൂണല്‍ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയഞ്ചോളം ക്വാറികള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സമരം. ക്വാറികള്‍ അടച്ചുപൂട്ടിയതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന തൊഴിലാളികടക്കമുള്ള നൂറുകണക്കിന് ആളുകള്‍ പട്ടിണിയിലാവും. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന റവന്യൂ ക്വാറികളടക്കം മുഴുവന്‍ ക്വാറികളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ക്വാറി, ക്രഷര്‍ അസോസിയേഷനുകകള്‍ പറയുന്നത്. കരിങ്കല്ലിന്റെ ക്ഷാമം നേരത്തെ തന്നെ ജില്ലയിലെ നിര്‍മാണ മേഖലയെ ബാധിച്ചിരുന്നു. കരിങ്കല്ല് വിലയിലുണ്ടായ വര്‍ധനവ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയായി.
50 ശതമാനം വരെ വില വര്‍ധനവാണ് ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായത്. അമ്പലവയലിലെ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ അനുവദിച്ചിരുന്ന 33 കരിങ്കല്‍ ക്വാറികള്‍ നിര്‍ത്തലാക്കിയതോടെയാമ് വില പൊടുന്നനെ ഉയര്‍ന്നത്. അന്വലവയിലില്‍ നിന്നുള്ള കരിങ്കല്ലാണ് ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഉപയോഗിച്ചിരുന്നത്. 150 അടിയുടെ ഒരു ടിപ്പര്‍ കരിങ്കല്ല് 2000 രൂപ വിലയില്‍ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ലഭിച്ചിരുന്നത് പത്ത് മാസം മുന്‍പ് 3000 രൂപയായി ഉയര്‍ന്നു.
പിന്നീട് കോഴിക്കോട് ജില്ലയില്‍ നിന്ന് അത്യാവശ്യക്കാര്‍ക്കായി എത്തിച്ചപ്പോള്‍ 5000 രൂപയായും വര്‍ധിച്ചു. കല്‍പറ്റയിലെ കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള കല്ല് കഴിഞ്ഞ വര്‍ഷം ട്രാക്ടറിന് 1200 രൂപ വിലയിലാണ് മുനിസിപ്പല്‍ പ്രദേശത്ത് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വില 2600 മുതല്‍ 2700 രൂപ വരെയായി ഉയര്‍ന്നു.
ഏറ്റവും ചെറിയ വീട് പണിക്ക് പോലും പത്തും ഇരുപതും ട്രാക്ടര്‍ കല്ല് ആവശ്യമാണ്. ഈയിനത്തില്‍ മാത്രം എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെയാണ് അധിക ചെലവ്. ജില്ലയില്‍ ത്രിതല പഞ്ചായത്തുകള്‍ മുഖേന അനുവദിച്ച ഇരുപത്തിയെട്ടായിരത്തോളം എം ഇ എസ് ഭവനങ്ങളുണ്ട്. ഇവയില്‍ ചെറിയ ശതമാനം മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. മുക്കാല്‍ പങ്കും തറപ്പണിയോളം എത്തിയതേയുള്ളു.
കാലവര്‍ഷത്തിന് മുമ്പെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിപുറപ്പെട്ടവരാണ് കരിങ്കല്ലിന്റെ വില കൂടിയതോടെ കഷ്ടത്തിലായത്. കൂടിയ വിലയിലും കല്ല് ആവശ്യാനുസരണം കിട്ടുന്നുമിന്നില്ല.

Latest