ഗോവ മന്ത്രിമാരുടെ ഹിന്ദു രാഷ്ട്ര പരാമര്‍ശം: സഭാ നേതൃത്വം രംഗത്ത്

Posted on: July 27, 2014 10:41 am | Last updated: July 27, 2014 at 10:41 am

പനാജി: ഗോവ മന്ത്രിമാരുടെ ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ സഭാ നേതൃത്വം രംഗത്ത്. ഹിന്ദു രാഷ്ട്രം സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അവര്‍ക്ക് ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കാന്‍ യോഗ്യതയില്ലെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് വക്താവ് ഫാദര്‍ മാവറിക് ഫെര്‍ണാണ്ടസ് പറഞ്ഞു. സഹകരണ മന്ത്രി ദീപക് ധാവലികാറിനെയും ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയെയും പോലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അജ്ഞത കൊണ്ടാണെന്നും അത് ഇന്ത്യയില്‍ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധാവലികറാണ് ആദ്യം ഹിന്ദു രാഷ്ട്ര പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ സാധിക്കുമെന്നും അതിനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്നും ദീപക് നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷമായ കോണ്‍്ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദു രാഷ്ട്രമാണ്. അത് എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഡിസൂസയുടെ മൊഴി. ഗോവന്‍ ബി ജെ പിയിലെ ന്യൂനപക്ഷാംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്നയാളായ ഡിസൂസ താനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. ഇത്തരം പരാമര്‍ശം നടത്തുന്ന ഒരു വ്യക്തിക്ക് സര്‍ക്കാറില്‍ അംഗമാകാനുള്ള യോഗ്യതയില്ലെന്ന് ഫാദര്‍ മാവറിക് പറഞ്ഞു. രാജ്യത്തെ ഭരണഘടനക്ക് എതിരാണ് ഇത്തരക്കാര്‍. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 26 ശതമാനം ക്രിസ്ത്യാനികള്‍ ആണ്.