Connect with us

National

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാനാവില്ലെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യ സബ്‌സിഡിയെ കുറിച്ചുള്ള ആശങ്കകളും കര്‍ഷകരുടെ താത്പര്യങ്ങളും പരിഗണിക്കാതെ വ്യാപാര നിയമം ലഘൂകരിക്കുന്ന കരാറില്‍ ഒപ്പ് വെക്കാനാകില്ലെന്ന് ഇന്ത്യ. കരാറില്‍ ഒപ്പിടാന്‍ വികസിത രാജ്യങ്ങള്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ജനീവയില്‍ നടന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു ടി ഒ) സമ്മേളനത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യു ടി ഒയില്‍ അംഗങ്ങളായ 160 രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ നടന്ന സമ്മേളനത്തില്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായാണ് വെള്ളിയാഴ്ച ജനീവയില്‍ യോഗം ചേര്‍ന്നത്. അംഗരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഡബ്ല്യു ടി ഒ പരാജയപ്പെട്ടുവെന്നും വികസിത രാജ്യങ്ങളുടെ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഡബ്ല്യു ടി ഒയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ കസ്റ്റംസ് നിയമങ്ങള്‍ ലംഘൂകരിച്ച് പൂര്‍ണമായും തുറന്നു കൊടുക്കണമെന്നാണ് ട്രേഡ് ഫെസിലിറ്റേഷന്‍ എഗ്രിമെന്റ് (ടി എഫ് എ) അനുശാസിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന താങ്ങുവിലയുടെതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിക്കുന്നതു വരെ കരാര്‍ നീട്ടിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് നല്‍കുന്ന താങ്ങുവില നിലവില്‍ ഡബ്ല്യു ടി ഒയുടെ നയങ്ങള്‍ക്ക് എതിരാണ്. പ്രശ്‌നം വ്യാഴാഴ്ച കേന്ദ്ര കാബിനറ്റ് ചര്‍ച്ച ചെയ്തിരുന്നു. ചില താത്പര്യങ്ങളുടെ പേരില്‍ കരാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന വികസിത രാജ്യങ്ങളുടെ ആരോപണം വന്നതിനു പിന്നാലെയാണ് നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നത്.
കരാറിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെന്നും ബാലി സമ്മേളനത്തിലെ മറ്റു നിര്‍ദേശങ്ങള്‍ മുന്നോട്ടു കൊണ്ടുവരണമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. നിലവിലുള്ള കരാറിന്റെ കരട് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും ഡബ്ല്യു ടി ഒയിലെ ഇന്ത്യന്‍ പ്രതിനിധി അഞ്ജലി പ്രസാദ് പറഞ്ഞു. പൊതു ഭക്ഷ്യ സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ വര്‍ഷം ഡിസംബര്‍ 31നകം ശാശ്വത പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നിലപാടിനെതിരെ യു എസും യൂറോപ്യന്‍ യൂനിയനും ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ രംഗത്തെത്തി. ഇന്ത്യയുടെ നിലപാടില്‍ നിരാശയുണ്ടെന്ന് യു എസ് അഭിപ്രായപ്പെട്ടു. ഡബ്ല്യു ടി ഒയിലെ ഇന്ത്യന്‍ നിലപാടിനെ ക്യൂബ, വെനിസ്വേല, ബൊളീവിയ എന്നീ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
കസ്റ്റംസ് ഇളവ് വിഷയത്തില്‍ യു പി എ സര്‍ക്കാറിന്റെ നയം തുടരുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ജനീവയില്‍ കടുത്ത നിലപാടെടുത്തത്.

Latest