Connect with us

Thrissur

വൃദ്ധനെ തലക്കടിച്ച് കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്‌

Published

|

Last Updated

ഇരിങ്ങാലക്കുട : വൃദ്ധനെ തലക്കടിച്ച് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. എലിഞ്ഞിപ്ര കോടശ്ശേരി മാളക്കാരന്‍ അന്തോണിയുടെ മകന്‍ ചാക്കുണ്ണി(52)യെ കൊലപ്പെടുത്തിയ കേസില്‍ മോതിരക്കണ്ണി സ്വദേശിയായ പനങ്ങാടന്‍ പേങ്ങന്‍ മകന്‍ സുബ്രന്‍(54)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി പി രാഗിണി ശിക്ഷിച്ചത്. കേസിലെ കൂട്ടുപ്രതിയായിരുന്ന തമിഴ് സ്ത്രീ അയ്യമ്മയെ(47) കോടതി വെറുതെ വിട്ടു.
കൊരട്ടി വൈഗൈ ത്രെഡ്‌സ് കമ്പനിയുടെ സമീപത്തുള്ള ഷെഡ്ഡിനുള്ളിലാണ് 2011 ഒക്‌റ്റോബര്‍ 23ന് രാത്രിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്.സംഭവദിവസം ഭാര്യയും മക്കളുമായി തെറ്റിപ്പിരിഞ്ഞ് താമസിച്ചിരുന്ന ചാക്കുണ്ണി അയ്യമ്മയെ അന്വേഷിച്ച് ഷെഡില്‍ എത്തുകയായിരുന്നു. ആ സമയയത്ത് അയ്യമ്മയോടൊപ്പം ഷെഡില്‍ മദ്യപിച്ചുകൊണ്ടിരുന്ന സുബ്രനും ചാക്കുണ്ണിയുമായി നടന്ന വാക്കുതര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.ഇയാളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അയ്യമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു, കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ സുബ്രനെ പിന്നീട് ചാലക്കുടി സി.ഐ ആയിരുന്ന സാജന്‍ കോയിക്കല്‍, അന്നത്തെ കൊരട്ടി എസ്.ഐ ദേവസ്സിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതിയില്‍ നിന്നും പിടികൂടുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സജി റാഫേല്‍, അഡ്വക്കേറ്റുമാരായ കെ.ജി അജയകുമാര്‍, എബിന്‍ ഗോപുരന്‍, സി.എം ശ്രീകല എന്നിവര്‍ ഹാജരായി.

Latest