Connect with us

Malappuram

ഒരു വര്‍ഷത്തിലധികമായി ജഡ്ജിയില്ല; കേസുകള്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

മഞ്ചേരി: മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതിയിലെ ന്യായാധിപന്റെ കസേര ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞു കിടക്കുന്നു. വാഹനപകട നഷ്ടപരിഹാരത്തിനായി കാത്തുനില്‍ക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം പ്രതിസന്ധിയില്‍. 2013 മെയ് മുതല്‍ സ്ഥിരമായി ഇവിടെ ഒരു ജഡ്ജി നിയമിക്കപ്പെട്ടിട്ടില്ല. വാഹന അപകടത്തില്‍ മരണം സംഭവിച്ചതും അംഗവൈകല്യം നേരിട്ടതുമായ 2010 മുതലുള്ള കേസുകള്‍ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇത് പരാതിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം വാഹനാപകട നഷ്ടപരിഹാര കേസുകള്‍ ഫയല്‍ ചെയ്യുന്നത് മഞ്ചേരി എം എ സി ടി കോടതിയിലാണ്. മഞ്ചേരിയില്‍ മൂന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയിലൊന്നും വാഹന അപകട കേസുകള്‍ പരിഗണിക്കുന്നില്ല. ഈ മൂന്ന് കോടതികളുടെ ബോര്‍ഡുകളിലും എം എ സി ടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചില്ലെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാര കേസുകള്‍ പരിഗണനക്കെടുക്കാത്തത്. ഈ സാഹചര്യത്തില്‍ ഒരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് വാഹന അപകട കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനുള്ള ചുമതല കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. എം എ സി ടി കോടതിയില്‍ സ്ഥിരം ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി അഭിഭാഷക സംഘടകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ മഞ്ചേരി ചാപ്റ്റര്‍ യോഗം ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ തീരൂമാനിച്ചു. യോഗത്തില്‍ അഭിഭാഷകരായ സി ഹരിഗോവിന്ദ്, സന്തോഷ് ലൂക്ക്, എം മുഹമ്മദ് റാഫി, സുരേഷ് കാര്‍ത്തല, പി സി പ്രമോദ്, മുസ്തഫ കൂത്രാടന്‍, കെ കെ സമദ് പ്രസംഗിച്ചു.