Connect with us

Editorial

വിചാരണാ തടവ് അനന്തമായി നീളുമ്പോള്‍

Published

|

Last Updated

ഭരണകൂടവും നിയമപാലകരും തടവുപുള്ളികള്‍ക്ക് നേരെ കാണിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചില വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരികയുണ്ടായി. രാജ്യത്തെ ജയില്‍ തടവുകാരില്‍ 65 ശതമാനവും വിചാരണ കാത്തു കഴിയുന്നവരാണെന്നും അനിശ്ചിത കാലത്തേക്കാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചതെന്നുമുള്ള മുന്‍വിവരാവകാശ കമ്മീഷനര്‍ ഷൈലേഷ് ഗാന്ധിയുടെ വെളിപ്പെടുത്തലാണ് ഒന്ന്. രണ്ടര ലക്ഷം വരും ഇവരുടെ എണ്ണം. ഓരോ കുറ്റത്തിനും വിചാരണക്കായി എത്രകാലം ജയിലില്‍ പാര്‍പ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പ്രസ്തുത കാലാവധി കഴിഞ്ഞാല്‍ അവരെ വിട്ടയക്കണം. ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി കാലാവധി വിചാരണാ തടവില്‍ കഴിഞ്ഞവരെ മോചിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ സമയപരിധികളെല്ലാം കഴിഞ്ഞവരാണ് നിലവില്‍ ജയിലുകളില്‍ കഴിയുന്നവരില്‍ നല്ലൊരു ഭാഗവും. ജയില്‍ ചട്ടങ്ങളെയും നിയമങ്ങളെയും സംബന്ധിച്ച അജ്ഞത മൂലവും നിയമ സഹായം ലഭ്യമാക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും കാരണമാണ് ഇവരുടെ തടവു ജീവിതം അനിശ്ചിതമായി നീളുന്നത്.
കേരളത്തിലെ ജയില്‍ തടവുകാരില്‍ 40 ശതമാനവും നിരപരാധികളാണെന്ന സംസ്ഥാന ജയില്‍ അധികൃതരുടെ വെളിപ്പെടുത്തലും ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്. കേസ് നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവരും നിയമത്തിലെ പഴുതുകളിലൂടെയും സ്വാധീനങ്ങളുപയോഗിച്ചും രക്ഷപ്പെടുന്ന യഥാര്‍ഥ കുറ്റവാളികളുടെ സ്ഥാനത്ത് ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുമാണ് ഇവരില്‍ ഏറെയും. ജയിലുകളില്‍ ശിക്ഷ അനുഭവിക്കുകയും വിചാരണാ തടവുകാരായി കഴിയുകയും ചെയ്യുന്ന സ്ത്രീകളോടൊപ്പമുള്ള നിഷ്‌കളങ്കരായ കുരുന്നുകളുമുണ്ട് ഈ ഗണത്തില്‍.
രാജ്യത്തെ വിവിധ ജയിലുകളില്‍ അകാരണമായി തടവില്‍ പാര്‍പ്പിച്ചവരില്‍ വലിയൊരു പങ്കും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരാണ്. ഭീകരവാദ കേസുകളില്‍ കേവല സംശയത്തിന്റെയും സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തടവിലാക്കപ്പെട്ടവര്‍. എവിടെ സ്‌ഫോടനങ്ങളുണ്ടായാലും മുസ്‌ലിം തീവ്രവാദികളുടെ പേരില്‍ ചാര്‍ത്തി സംശയം തോന്നുന്നവരെയും സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ബ്യൂറോ ക്രാറ്റുകള്‍ നല്‍കുന്ന വിവരങ്ങളെ അപ്പടി വിശ്വസിക്കുന്ന അന്വേഷണോദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നവരെയും പിടിച്ചു ജയിലിലടക്കുന്ന പ്രവണത രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ അന്നത്തെ ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും അന്യായമായി തടവില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിച്ചു അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങളോട് കത്ത് മുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസും ഭരണാധികാരികളും ചേര്‍ന്നു തങ്ങളെ മന:പൂര്‍വം പീഡിപ്പിക്കുകയാണെന്ന ചിന്ത മുസ്‌ലിം സമൂഹത്തില്‍ ഉണ്ടാകാന്‍ ഇത് ഇടയാക്കുന്ന് ഓര്‍മിപ്പിച്ച ഷിന്‍ഡെ, ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതികളുമായി ആലോചിച്ച് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും കേസിന്റെ നടത്തിപ്പിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍ സംഘ് പരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം മരവിക്കുകയായിരുന്നു.
നീതിന്യായ വ്യവസ്ഥ കുറ്റവാളികള്‍ക്ക് നിര്‍ദേശിച്ച ഒരു ശിക്ഷയാണ് ജയില്‍ തടവ്. പ്രതികളെന്ന് സംശയിക്കുന്നവരെ തടവിലിടാന്‍ നിയമം അനുവാദം നല്‍കിയത് എത്രയും പെട്ടെന്ന് അവരെ വിചാരണ ചെയ്തു കുറ്റവാളികളാണോ അല്ലയോ എന്ന് കണ്ടെത്താനാണ്. ഇപ്പേരില്‍ നിരപരാധികളെ അനിശ്ചിതമായി തടവില്‍ പാര്‍പ്പിക്കുന്നത് നീതിന്യായ വ്യവസ്ഥക്ക് കളങ്കമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇവരിലാരെങ്കിലും നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍, ജയിലില്‍ പാഴായ അവരുടെ കാലം തിരിച്ചു കൊടുക്കാന്‍ ഒരു നിയമത്തിനും സാധിക്കില്ല. മക്കാ മസ്ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം തുടങ്ങി പല കേസുകളിലും ഇത് സംഭവിച്ചിട്ടുണ്ട്. ആര്‍ എസ് എസ് നേതാവ് സ്വാമി അസീമാനന്ദ അന്വേഷണ സംഘത്തിന് മുമ്പാകെ വസ്തുതകള്‍ തുറന്നു സമ്മതിച്ചതു കൊണ്ടാണ് ഈ കേസുകളില്‍ ഏതാനും നിരപരാധികള്‍ക്ക് മോചനം ലഭിച്ചത്. ഈ ഗണത്തില്‍ ഇനിയും ആയിരക്കണക്കിനു പേര്‍ തടവറകളില്‍ ജീവിതം തള്ളി നീക്കുന്നുണ്ട്. ഇവരെ പിടികൂടാനിടയായ സംഭവങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കുറ്റവാളികള്‍ക്ക് അസീമാനന്ദയെ പോലെ ഏതെങ്കിലും ഒരു നിമിഷത്തില്‍ സദ്ബുദ്ധി ഉദിച്ചില്ലെങ്കില്‍ അവരുടെ ജീവിതം തടവറയില്‍ തന്നെ അവസാനിച്ചെന്നു വരാം. വിചാരണാ തടവില്‍ പാര്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്ന സമയപരിധിക്കുള്ളില്‍ അവരുടെ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ എത്രയും വേഗത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത് സാമൂഹിക നീതി ഉറപ്പാക്കാനും ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും അനിവാര്യമാണ്.

Latest