Connect with us

Eranakulam

കുഫോസില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം

Published

|

Last Updated

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) എല്ലാ ബിരുദ, ബിരുദാന്തര ബിരുദ, ഡിപ്ലോമാ കോഴ്‌സുകളിലേക്കും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരരണം നല്‍കും. വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ് അധ്യക്ഷനായ സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ ആണ് ഈ തീരുമാനമെടുത്തത്. ഇതുപ്രകാരം, ബി എഫ് എസ് സി, 10 എം എഫ് എസ് എസി കോഴ്‌സുകള്‍, 10 എം എസ് സി കോഴ്‌സുകള്‍, എം ബി എ, എം ടെക്, എല്‍ എല്‍ എം, നാല് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ലഭിക്കും. റിസര്‍വേഷന്‍ മൂലം ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍കക്ക് അവസരം നിഷേധിക്കാതിരിക്കാനായി ബി എഫ് എസ് സി കോഴ്‌സിന്റെ സീറ്റ് 50 ല്‍ നിന്നും 55 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. നേരത്തെ, സര്‍വകലാശാല പ്രോ-ചാന്‍സലര്‍ കൂടിയായ മന്ത്രി കെ ബാബു കുഫോസിലെ കോഴ്‌സുകള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം നല്‍കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെ 24 തസ്തികകളില്‍ അധ്യാപകരുടെ സ്ഥിരനിയമനം നടത്താനും സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു.
കുഫോസിലെ 14 വകുപ്പുകള്‍ക്ക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചു. ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെ നിയമനത്തിനുള്ള അപേക്ഷ ഫോം, സ്‌കോര്‍ കാര്‍ഡ് എന്നിവ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ചു. ഡോ. പ്രസാദ് റാവുവിനെ ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ഓഷ്യന്‍ മോഡലിംഗ് മേധാവിയായും ഡോ. വെങ്കിട്ടരമണിയെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് വകുപ്പ് മേധാവിയായും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ക്ലൈമറ്റ് സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ മൈക്രോബയോളജി ആന്‍ഡ് മറൈന്‍ ഡ്രഗ്‌സ്, ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍, അക്വേറിയം സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വകുപ്പുകളില്‍ അക്കാദമിക് കണ്‍സല്‍ട്ടന്റുമാരെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി.
പ്രമുഖ അഭിഭാഷകന്‍ ജേക്കബ് പി അലക്‌സിനെ സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിക്കാനും ഭരണ സമിതി തീരുമാനിച്ചു.

Latest