ഇറാഖിലെ ഇസില്‍ വിമതര്‍ യുനൂസ് (അ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പള്ളി തകര്‍ത്തു

Posted on: July 25, 2014 11:51 pm | Last updated: July 25, 2014 at 11:51 pm
download
മൂസ്വിലില്‍ വിമതര്‍ തകര്‍ത്ത യൂനുസ് (അ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പള്ളി. ഇന്‍സെറ്റില്‍ പള്ളി തകര്‍ക്കപ്പെടുന്നതിന് മുമ്പ്‌

ബഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസ്വിലില്‍ യൂനുസ് നബി(അ)മിന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന പുരാതന പള്ളി ഇസില്‍ വിമതര്‍ തകര്‍ത്തു. ജൂണില്‍ മൂസ്വില്‍ പിടിച്ചടക്കിയ ഇസില്‍ വിമതര്‍ തങ്ങളുടെ കടുത്ത നിയമങ്ങള്‍ നടപ്പാക്കുകയാണെന്നും പള്ളിയിലുള്ള മുഴുവന്‍ ആളുകളേയും പുറത്തിറക്കിയ ശേഷമാണ് പള്ളി തകര്‍ത്തതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
ബി സി എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് പള്ളി. ക്രിസ്ത്യന്‍ മതവിശ്വാസികളുടെയും സന്ദര്‍ശനകേന്ദ്രമായ പള്ളി 1990ല്‍ അന്നത്തെ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്‍ പുതുക്കിപ്പണിതിരുന്നു. പള്ളി തകര്‍ക്കാന്‍ നടത്തിയ സ്‌ഫോടനത്തില്‍ സമീപത്തുള്ള നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
വിമതര്‍ കഴിഞ്ഞ ദിവസം സമീപത്തെ മറ്റൊരു പള്ളിയും തകര്‍ത്തിരുന്നു. കുര്‍ദ് രാഷ്ട്രീയ നേതാവായ ഫുആദ് മസ്ഊമിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കകമാണ് ് ആക്രമണം.