Connect with us

Gulf

ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് വന്‍ കുതിപ്പ്; നേട്ടം 11,300 കോടി

Published

|

Last Updated

ദുബൈ: റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് വന്‍ കുതിപ്പ് സമ്മാനിച്ചുകൊണ്ട് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ദുബൈ നേടിയത് 11,300 കോടി ദിര്‍ഹം. ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ്(ഡി എല്‍ ഡി) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജനുവരിക്കും ജൂണിനും ഇടയില്‍ മൊത്തം 22,096 ഇടപാടുകളാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് ദുബൈയിലേക്ക് നിക്ഷേപകര്‍ എത്തുന്നതെന്നും ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയോടുള്ള താല്‍പര്യവും മികച്ച വരുമാനവുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളെന്നും ഡി എല്‍ ഡി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മുജ്‌റിന്‍ വ്യക്തമാക്കി. ദുബൈക്ക് വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യം അരുളാന്‍ അവസരം ലഭിച്ചതാണ് നിക്ഷേപകരെ ആകര്‍ഷക്കുന്നതില്‍ പ്രധാന ഘടകമാവുന്നത്. ഇതോടൊപ്പം ദുബൈ ലോകത്തിലെ മികച്ച വിനോദസഞ്ചാര മേഖലകളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്നതും അനുകൂല ഘടകമാണ്. നിക്ഷേപകര്‍ക്കായി വൈവിധ്യമാര്‍ന്ന സാധ്യതകളാണ് ദുബൈ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ മാറിയതും അദ്ദേഹം അനുസ്മരിച്ചു.

2014ന്റെ ആദ്യ ആറു മാസങ്ങളില്‍ റിയല്‍ എറ്റേറ്റ് മേഖല മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ മിന ക്രെയ്ഗ് പ്ലമ്പ് തലവന്‍ ജോണ്‍സ് ലാംഗ് ലസല്ലെ വ്യക്തമാക്കി. മേഖലയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ശക്തിയാണ് ഇത് വ്യക്തമാക്കുന്നത്. പ്രദേശികമായും രാജ്യാന്തര തലത്തിലുമുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമായ കേന്ദ്രമാണ് ദുബൈ എന്നതാണ് ഇതിന് ഇടയാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 6,100 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് നടന്നത്.
നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ദുബൈ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പിന് വഴിവെച്ചിരിക്കുന്നത്. ഇതിനായി മികച്ചതും അതിവേഗം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതുമായ നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വസ്തു രജിസ്റ്റര്‍ ചെയ്യുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ സഹായകമാവുന്നതും അനുകൂല ഘടകമാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നല്‍കുന്ന പിന്തുണയും ശൈഖ് മുഹമ്മദിന്റെ വീക്ഷണവും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കരുത്തു പകരുന്ന ഘടകമാണ്. ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയത് ഭൂമി കൈമാറ്റമാണ്. 5,516 ഇടപാടുകളാണ് ഇതില്‍ നടന്നത്. യൂണിറ്റുകളുടെ വില്‍പനയാണ് രണ്ടാം സ്ഥാനത്ത് 15,997 ഇടപാടുകളാണ് ഇതില്‍ നടന്നത്.

 

Latest