ലൈലതുല്‍ ഖദ്‌റിന്റെ പൊരുള്‍

Posted on: July 25, 2014 2:21 pm | Last updated: July 25, 2014 at 2:21 pm

ramasan nilavലൈലതുല്‍ ഖദ്‌റിന്റെ രാവില്‍ എന്തു ചൊല്ലണമെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുമ്മ ഇന്നക…… ഫഅ്ഫു അന്നീ എന്ന പ്രാര്‍ഥന ചൊല്ലാനാണ് മുത്ത്‌നബി നിര്‍ദേശിച്ചത്. അല്ലാഹുവേ നീ ധാരാളമായി മാപ്പ് നല്‍കുന്നവനാണ്. (ഞങ്ങള്‍ പരസ്പരം) മാപ്പ് നല്‍കുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്ക് മാപ്പാക്കേണമേ. അല്ലാഹുവിനോട് മാപ്പിരക്കുന്നതിന്റെ ഇടയില്‍ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും മാപ്പ് നല്‍കാനും ഞങ്ങള്‍ സന്നദ്ധരാണ്. അതിനാല്‍ നിന്റെ മാപ്പ് ഞങ്ങള്‍ക്കും വേണമെന്ന തേട്ടം അതിലുണ്ട്.
കൊടിയ കുറ്റങ്ങള്‍ക്കു പോലും മാപ്പു കൊടുത്ത അനുഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. തിരുനബിയെ ആക്ഷേപിച്ച് കവിത ചൊല്ലി നടക്കുകയും എവിടെ കണ്ടാലും വധിച്ചുകളയാന്‍ തിരുനബി ഉത്തരവിടുകയും ചെയ്ത കഅ്ബ് ബ്‌നു സുഹൈറിന് അവിടുന്ന് മാപ്പ് നല്‍കിയില്ലേ. രണ്ട് ദിവസമായി ത്വാഇഫിലെ പീക്കിരിക്കുട്ടികളും പോക്കിരി മനുഷ്യരും തിരുനബിയെ കല്ലെറിഞ്ഞു. കൂക്കിവിളിച്ചു. കാലില്‍ നിന്ന് നിണം ഒലിച്ചിട്ടും ആക്ഷേപങ്ങളെമ്പാടും കോരിച്ചൊരിഞ്ഞിട്ടും അവിടുന്ന് മാപ്പ് നല്‍കി. കൊടുംകുറ്റവാളികള്‍ മുഴുവന്‍ തന്റെ മുമ്പില്‍ ഹാജറാക്കപ്പെട്ടിട്ടും കാരുണ്യത്തിന്റെ പ്രവാചകന്‍ അവര്‍ക്കെല്ലാം മാപ്പരുളി. മിസ്തഹ (റ) വിന് ചെലവ് കൊടുത്തിരുന്ന ആളാണ് അബൂബക്കര്‍ (റ). പക്ഷേ സ്വന്തം മകളായ ആഇശാ ബീവിക്കെതിരെ വ്യഭിചാരാരോപണം ഉണ്ടായപ്പോള്‍ കപടന്മാരുടെ പ്രചാരണത്തില്‍ പലരെപ്പോലെ മിസ്തഹ (റ) പെട്ടുപോയി. ഇതറിഞ്ഞ അബൂബക്കര്‍ (റ) മിസ്തഹിന് ഇനിമുതല്‍ ചെലവു കൊടുക്കില്ലെന്നു സത്യം ചെയ്തു. അബൂബക്കര്‍ (റ)വിന്റെ തീരുമാനത്തെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. കഴിവും മഹത്വവുമുള്ള ആളുകള്‍ അശരണര്‍ക്ക് അന്നം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. ഈ സൂക്തം അവതരിച്ചപ്പോള്‍ അബൂബക്കര്‍ (റ) പശ്ചാതപിക്കുകയും മിസ്തഹിന് മാപ്പ് പ്രഖ്യാപിക്കുകയും ചെലവ് പൂര്‍വ്വോപരി ഭംഗിയായി നല്‍കുകയും ചെയ്തു. പശ്ചാതാപം പരിഹാരമല്ലാത്ത ഒരു കുറ്റവും ഇല്ല. അറിയുക നമ്മള്‍ സൃഷ്ടികളോട് മാപ്പ് ചെയ്താല്‍ സ്രഷ്ടാവായ ഉടമ നമ്മോടും മാപ്പ് ചെയ്യും.