Connect with us

Ongoing News

വൃദ്ധയേയും സഹോദരന്റെ മകനെയും കെട്ടിയിട്ട് സ്വര്‍ണവും കാറും കവര്‍ന്നു

Published

|

Last Updated

തൃശൂര്‍: പട്ടിക്കാട് താണിപ്പാടത്ത് വൃദ്ധയേയും സഹോദരന്റെ മകനെയും കെട്ടിയിട്ട് ആറംഗസംഘം ഒമ്പതരപവന്‍ സ്വര്‍ണാഭരണങ്ങളും കാറും കവര്‍ന്നു. ദേശീയപാതക്ക് സമീപം താണിപ്പാടം പത്താംകല്ലില്‍ തലോക്കാരന്‍ പരേതനായ പത്രോസിന്റെ ഭാര്യ ഏലിയാമ്മ(63)യേയും സഹോദരന്റെ മകന്‍ ആദിന്‍ വില്‍സനെ(14)യും കെട്ടിയിട്ടാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചക്കുശേഷം തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ കാറുമായി മോഷണസംഘം രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ വാതിലുകള്‍ തകര്‍ത്താണ് അകത്തുകടന്നത്. തുടര്‍ന്ന് ഏലിയാമ്മയുടെ കഴുത്തില്‍ തമിഴ് സംസാരിക്കുന്ന സംഘം മൂര്‍ച്ചയേറിയ വാള്‍ വെച്ച് സ്വര്‍ണാഭരണങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ സമയം ഏലിയാമ്മ ശബ്ദമുണ്ടാക്കിയപ്പോള്‍ തലയണയില്‍ വെച്ച് മുഖത്തമര്‍ത്തി സാരികൊണ്ട് കൈയും കാലും വായും കെട്ടി. തുടര്‍ന്ന് കൈയില്‍ കിടക്കുന്ന ഒരു പവന്‍ വീതമുള്ള നാല് വളകളും കിടക്കയുടെ അടിയില്‍ വെച്ചിരുന്ന നാല് പവന്‍ സ്വര്‍ണമാലയും ഒന്നര പവന്റെ മോതിരവും കവര്‍ച്ചാസംഘം കൈക്കലാക്കി. സ്വര്‍ണം കൈക്കലാക്കിയ ശേഷം ഫ്രിഡ്ജില്‍ നിന്നും വെള്ളവും ബിസ്‌കറ്റും എടുത്ത് കഴിച്ച മോഷണസംഘം ആദിനിനെ പിടികൂടുകയായിരുന്നു. മുത്തശ്ശിയെ ആക്രമിക്കുന്നതുകണ്ട് ഭയന്ന് ആദിന്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ആദിനെ കട്ടിലിനടിയില്‍നിന്നും പിടിച്ച് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി കൈയും കാലും മുഖവും ബെഡ്ഷീറ്റുകൊണ്ട് മൂടിക്കെട്ടിയിടുകയായിരുന്നു. ഇതിനിടയില്‍ മോഷ്ടാക്കളില്‍ ചിലര്‍ വീടിനുള്ളിലെ അലമാരയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. തിരച്ചിലിനിടയില്‍ ഏലിയാമ്മ യുടെ സഹോദരന്‍ ജോണ്‍സന്റെ കാറിന്റെ താക്കോല്‍ മോഷ്ടാക്കള്‍ക്ക് ലഭിച്ചു. പിന്നിട് പുറത്തുകടന്ന സംഘം എതിര്‍വശത്തുള്ള വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന സ്വിഫ്റ്റ് കാറെടുത്ത് രക്ഷപ്പെട്ടു .മോഷ്ടാക്കള്‍ രക്ഷപ്പെട്ടശേഷം ഏലിയാമ്മ കെട്ടഴിച്ച് സ്വതന്ത്രയായശേഷം മുകളിലെത്തി പേരക്കുട്ടിയുടെ കെട്ടുകളഴിച്ച് മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തി സംഭവം അറിയിച്ചു. ഉടന്‍തന്നെ പീച്ചി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാറുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ട വിവരം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് അറിയിച്ചു.
ആലത്തൂര്‍ പോലീസ് ചെന്നിമുക്കില്‍ വെച്ച് കാര്‍ കടന്നുപോകുന്നത് കണ്ട് പിന്‍തുടര്‍ന്നു. എരുമയൂര്‍ വരെ രണ്ട് കിലോമീറ്റര്‍ പോയെങ്കിലും ഹൈവേയില്‍ പണി നടക്കുന്നതിന്റെ ഭാഗമായി കൂട്ടിയിട്ട മണ്‍കൂനയുടെ വശത്തുകൂടി കാര്‍ ഉള്‍റോഡിലേക്ക് തിരിച്ചിട്ട മോഷ്ടാക്കള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഏലിയാമ ക്ക് പരുക്കേറ്റിട്ടുണ്ട്. പീച്ചി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. എ എസ് പി. ഹരിശങ്കര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡുംി പരിശോധന നടത്തി.

 

Latest