Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ പത്രപ്രവര്‍ത്തകനെ കാണാതായി

Published

|

Last Updated

മോസ്‌കോ: കിഴക്കന്‍ ഉക്രൈനിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യന്‍ ചാനല്‍. ഡോണേറ്റ്‌സ്‌ക് വിമാനത്താവളത്തിനു ചുറ്റും നടക്കുന്ന പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഗ്രഹാം ഫിലിപ്‌സുമായി ഇന്നലെ പുലര്‍ച്ചെ മുതല്‍ ബന്ധപ്പെടാനാകുന്നില്ലെന്ന് ചാനലിന്റെ വെബ്‌സൈറ്റിലാണ് വാര്‍ത്ത വന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെ എല്ലാം നല്ലതു പോലെയെന്ന ഫോണ്‍ സന്ദേശമാണ് അവസാനമായി ലഭിച്ചതെന്നും ചാനല്‍ പറയുന്നു. തങ്ങളുടെ സ്ട്രിംഗര്‍ ഗ്രഹാം ഫിലിപ്‌സിനെ കാണാനില്ലെന്ന് ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് മാര്‍ഗരിറ്റ സൈമണ്‍യാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുമുണ്ട്. ഏറെ അപകടകരമായ പോരാട്ടം നടക്കുന്ന വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അങ്ങോട്ടുപോയിരുന്നുവെന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലെ പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും ചാനല്‍ പറയുന്നു. ഇവിടെ റിപ്പോര്‍ട്ടിംഗിനെത്തിയ ഫിലിപ്‌സിനെ മെയ് മാസത്തില്‍ ഉക്രൈന്‍ അധിക്യതര്‍ നിരവധി ദിവസം തടവിലിട്ട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട് കേസുകളൊന്നും ചുമത്താതെ വിട്ടയക്കുകയായിരുന്നു. റഷ്യ ടുഡെ എന്നറിയപ്പെടുന്ന ചാനലിന് അന്താരാഷ്ട്രതലത്തില്‍ പ്രേക്ഷകരുണ്ട്. റഷ്യയുടെ വീക്ഷണം അന്താരാഷ്ട്രാതലത്തില്‍ പ്രചരിപ്പിക്കുന്നതിനാണ് ചാനല്‍ തുടങ്ങിയത്.

Latest