ബീച്ചനഹള്ളി ഡാം നിറയുന്നു; തര്‍ക്കാറയിലേക്ക് കര്‍ണാടക വീണ്ടും പമ്പിംഗ് തുടങ്ങി

Posted on: July 23, 2014 11:34 am | Last updated: July 23, 2014 at 11:36 am

dddaകല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി തകര്‍ത്തു പെയ്യുന്ന മഴയുടെ ഗുണം കര്‍ണാടകയ്ക്ക് ലഭിച്ചുതുടങ്ങി.
കബനി ജലം സംഭരിക്കുന്ന കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാം ഏറെക്കുറെ നിറഞ്ഞു. ഇപ്പോള്‍ അന്തര്‍സന്തയിലെ പമ്പുഹൗസില്‍ നിന്ന് തര്‍ക്കാറ ഡാമിലേക്ക് കര്‍ണാടക വെള്ളം പമ്പുചെയ്യുന്നത് പുനരാരംഭിച്ചു. 98 അടി ഉയരത്തില്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ് തര്‍ക്കാറ ഡാം. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഡാമിലേക്ക് കര്‍ണാടക സര്‍ക്കാര്‍ വെള്ളം പമ്പ് ചെയ്തുതുടങ്ങിയത്.
2000 കുതിരശക്തിയുള്ള നാല് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചാണ് പമ്പിംഗ്. 150 അടി സംഭരണ ശേഷിയുള്ള ബീച്ചനഹള്ളി ഡാമില്‍ മുഖ്യമായും വെള്ളം ഒഴുകിയെത്തുന്നത് വയനാട്ടില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ റെക്കോര്‍ഡ് മഴ ലഭിച്ചതിനാല്‍ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് തവണ തുറക്കേണ്ടിവന്നു. വയനാട്ടില്‍ ഇത്തവണയും തുടര്‍ച്ചയായി മഴ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ബീച്ചനഹള്ളി ഡാമിനടുത്തുള്ള കര്‍ണാടക ഗ്രാമീണ ജനത. ഡാമിനടുത്തുള്ളവര്‍ക്ക് മല്‍സ്യബന്ധനത്തിലെ ചാകരയാണിപ്പോള്‍. ഡാം പൂര്‍ണമായും നിറഞ്ഞുകഴിഞ്ഞാല്‍ കര്‍ണാടക മുഖ്യമന്ത്രിയും മന്ത്രിമാരും ജലപൂജക്കായി ബീച്ചനഹള്ളിയിലെത്തും.
ബീച്ചനഹള്ളി ഡാമിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഡാമിന്റെ ഷട്ടര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേയ്ക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഡാമിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കര്‍ണാടകയിലെ എച്ച് ഡി കോട്ട, മൈസൂര്‍ പട്ടണം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിയെള്ളത്തിനും ഗ്രാമീണ മേഖലയിലെ കൃഷിയിടങ്ങളിലേക്കും ബീച്ചനഹള്ളി ഡാമിനെയാണ് കര്‍ണാടക ആശ്രയിക്കുന്നത്.