തവനൂര്‍ കോളജ്; സര്‍ക്കാര്‍ ഉത്തരവായി

Posted on: July 23, 2014 11:19 am | Last updated: July 23, 2014 at 11:19 am

എടപ്പാള്‍: തവനൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആരംഭിക്കുന്നതിന് അനുമതി നല്‍കികൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിന്റെ പകര്‍പ്പ് എം എല്‍ എ ഡോ. കെ ടി ജലീലിന് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് നടന്ന മന്ത്രിസഭ യോഗം കോളജ് ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ബി കോം വിത്ത് കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ്, ബി എ സോഷ്യോളജി എന്നീ കോഴ്‌സുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്ഥിര നിയമനത്തിനായി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നതുവരെ ഗസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് കോഴ്‌സുകള്‍ നടത്തുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഹിസ്റ്ററി വിഭാഗം അസി.പ്രൊഫസര്‍ എ പി അമീന്‍ദാസിനെ സ്‌പെഷ്യല്‍ ഓഫീസറായി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എം നന്ദകുമാര്‍ നിയമിക്കുകയും ചെയ്തു. കോളജിന്റെ പ്രവര്‍ത്തനം ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഫര്‍ണിച്ചറുകള്‍ സ്‌പോണ്‍സര്‍ വഴി ലഭ്യമാക്കുമെന്നും എം എല്‍ എ അറിയിച്ചു.