Connect with us

Malappuram

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മലപ്പുറം: റമസാനിലെ വിശുദ്ധമായ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ച രാവും ഒത്തു ചേരുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ പുലര്‍ച്ചെ ഇഅ്തികാഫ് ജല്‍സയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. 5.30ന് ഹദീസ് പഠന സെഷന്‍ നടക്കും. 10ന് ഖത്മുല്‍ ഖുര്‍ആന്‍ സദസിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടിയും 11ന് അഅഌമു സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹബീബുര്‍റഹ്മാന്‍ ബുഖാരിയും നേതൃത്വം നല്‍കും. 1.30ന് അസ്മാഉല്‍ ബദ്‌രിയ്യീന്‍ സദസ്സ് നടക്കും.
കാലവര്‍ഷം കണക്കിലെടുത്ത് മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ 15 വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന നഗരിയില്‍ ഒരു ലക്ഷം പേര്‍ക്കാണ് നോമ്പു തുറ സൗകര്യമൊരുക്കുന്നത്. വൈകുന്നേരം നാലിന് ബുര്‍ദ പാരായണത്തോടെ പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഭീകരതക്കെതിരെയുള്ള പ്രതിജ്ഞാ ചടങ്ങിനും സമാപന പ്രാര്‍ത്ഥനക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സ്മരണയില്‍ പ്രത്യേക പ്രാര്‍ഥനയും വിഷ്വല്‍ പ്രസന്റേഷനും നടക്കും.