Connect with us

National

യു പി എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് നിയമ മന്ത്രി

Published

|

Last Updated

ന്യുഡല്‍ഹി: അഴിമതിയുടെ നിഴലിലായിരുന്ന തമിഴ്‌നാട്ടിലെ ഒരു ജഡ്ജിയുടെ സേവന കാലാവധി നീട്ടിക്കൊടുക്കാന്‍ യു പി എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നതായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പ്രസ്താവിച്ചു. ഈ വിഷയത്തില്‍ എ ഐ എ ഡി എം കെ അംഗങ്ങള്‍ സൃഷ്ടിച്ച ബഹളം കാരണം രണ്ടാം ദിവസവും പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.
മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടിയെ തുടര്‍ന്ന്, അഴിമതിക്കാരനായ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ സമ്മര്‍ദം ചെലുത്തിയ കേന്ദ്രത്തിലെ ഡി എം കെക്കാരനായ മന്ത്രിയുടെ പേര്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ അംഗങ്ങള്‍ രോഷാകുലരായി ലോക്‌സഭയുടെ നടുത്തളത്തിലേക്കിറങ്ങി. സഭാതലം ബഹളമയമായതോടെ സ്പീക്കര്‍ക്ക് രണ്ട് തവണ സഭാനടപടികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.
ഈ വിഷയത്തില്‍ രാജ്യസഭയിലും നടപടികള്‍ തടസ്സപ്പെട്ടു. എ ഐ എ ഡി എം കെ അംഗങ്ങള്‍ക്കൊപ്പം ഡി എം കെ അംഗങ്ങളും ബഹളത്തില്‍ പങ്ക് ചേര്‍ന്നതോടെ ഹൃസ്വനേരത്തേക്ക് അധ്യക്ഷന് സഭ നിര്‍ത്തിവെക്കേണ്ടിവന്നു.
വിവാദപുരുഷനായ തമിഴ്‌നാട്ടിലെ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കുന്ന കാര്യത്തില്‍ കൊളീജിയത്തിന് എതിര്‍പ്പുണ്ടായിരുന്നു. 2003ലായിരുന്നു സംഭവം. തുടര്‍ന്ന് കൊളീജിയം ചില അന്വേഷണങ്ങള്‍ നടത്തി, തത്കാലം ഈ ജഡ്ജിയുടെ കാര്യം പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് എ ഐ എ ഡി എം കെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ മറുപടി നല്‍കി. പിന്നീട് യു പി എ ഭരണകാലത്ത്, എന്തുകൊണ്ട് പ്രസ്തുത ജഡ്ജിയെ പരിഗണിച്ചുകൂടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൊളീജിയത്തോട് ആരാഞ്ഞു. ഒരു കാരണവശാലും പരിഗണിക്കരുതെന്ന് കൊളീജിയം വീണ്ടും നിര്‍ദേശിച്ചു.
എന്നാല്‍, വിവാദ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് കാണിച്ച് നിയമ മന്ത്രാലയത്തിന്റെ നീതിവകുപ്പ് സുപ്രീം കോടതി കൊളീജിയത്തിന് ഒരു കുറിപ്പ് അയച്ചു. കാര്യങ്ങള്‍ അങ്ങനെ അവസാനിച്ചുവെന്ന് നിയമ മന്ത്രി പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.
ജഡ്ജി സര്‍വീസില്‍ നിന്ന് പിരിയുകയും മരിക്കുകയും ചെയ്തു. കൊളീജിയത്തിലെ ജഡ്ജിമാരും പിരിഞ്ഞു. “ഘടികാര സൂചി പിന്നോട്ട് തിരിച്ചുവെക്കാനാകില്ലെ”ന്ന, ശാന്തി ഭൂഷണ്‍ കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചുകൊണ്ട് നിയമ മന്ത്രി പറഞ്ഞു.
പ്രശ്‌നം ഉന്നയിച്ച് ആശങ്കയറിയിച്ച എ ഐ എ ഡി എം കെ അംഗങ്ങളെ ശ്ലാഘിച്ച മന്ത്രി, ജഡ്ജിമാരുടെ നിയമനത്തിനുള്ള സംവിധാനം മെച്ചപ്പെടുത്തേണ്ടത് അടിയന്തര കാര്യമാണെന്ന് പ്രസ്താവിച്ചു. ഇത്തരം നിയമനങ്ങള്‍ നടത്താന്‍ ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാറിന് അതിയായ താത്പര്യമുണ്ടെന്ന് നിയമമന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച്, ജുഡീഷ്യറിയെക്കുറിച്ചും ജഡ്ജിമാരെ ക്കുറിച്ചും പാര്‍ലിമെന്റില്‍ ചര്‍ച്ച നടത്തുന്നതിന് നിയന്ത്രണമുണ്ടെന്ന് അറിയിച്ചു. ജഡ്ജിയുടെ പെരുമാറ്റം സംബന്ധിച്ച് താന്‍ ഒരു നിരീക്ഷണവും നടത്തിയിട്ടില്ലെന്ന് നിയമ മന്ത്രി മറുപടിയും നല്‍കി.
ഈ വിഷയത്തില്‍ സ്പീക്കര്‍ കഴിഞ്ഞ ദിവസം റൂളിംഗ് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടി ഖാര്‍ഗെ, അത് വീണ്ടും ഉന്നയിക്കുന്നതില്‍ തടസ്സവാദം ഉന്നയിക്കുകയും ചെയ്തു.
ശൂന്യവേളയില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കരുതെന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം റൂള്‍ ചെയ്തതെന്നും പുതിയ വിവരങ്ങള്‍വെച്ച് മറ്റു വിധത്തില്‍ പ്രശ്‌നം ഉന്നയിക്കാമെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ വിശദീകരിച്ചു.

Latest