മെട്രോ സ്റ്റേഷനുകളില്‍ വിവര വിനിമയ കിയോസ്‌കുകള്‍

Posted on: July 22, 2014 9:27 pm | Last updated: July 22, 2014 at 9:27 pm

ദുബൈ: മെട്രോ സ്റ്റേഷനുകളില്‍ വിവര വിനിമയ കിയോസ്‌കുകള്‍ സ്ഥാപിച്ചതായി ആര്‍ ടി എ റയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി അറിയിച്ചു.
ചുകപ്പ്, പച്ചപ്പാതകളിലെ 23 മെട്രോ സ്റ്റേഷനുകളില്‍ 50 വിവര വിനിമയ സംവിധാനങ്ങളാണ് സ്ഥാപിച്ചത്. മെട്രോ യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് കിയോസ്‌കുകള്‍.
ദുബൈയെ പൂര്‍ണമായും സ്മാര്‍ട് സിറ്റി ആക്കുന്നതിനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പദ്ധതി പ്രകാരമാണ് കിയോസ്‌കുകള്‍.
സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും വിവരങ്ങള്‍ കിയോസ്‌കുകളില്‍ ലഭ്യമാകും. ഫോട്ടോ, വീഡിയോഗ്യാലറികളും മറ്റും വേറെ.
അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭ്യമാണ്. ചുകപ്പുപാതയില്‍ റാശിദിയ, വിമാനത്താവളം, ദേര സിറ്റി സെന്റര്‍, യൂണിയന്‍ തുടങ്ങി 16 ചുകപ്പുപാതാ സ്റ്റേഷനുകളിലും ദുബൈ ഫ്രീസോണ്‍, സ്റ്റേഡിയം, ഫഹീദി തുടങ്ങിയ ഏഴ് പച്ചപ്പാതാ സ്റ്റേഷനുകളിലും കിയോസ്‌കുകള്‍ സ്ഥാപിച്ചുവെന്നും അബ്ദുല്ല യൂസുഫ് അലി അറിയിച്ചു.