വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ തിരക്ക് അനുഭവപ്പെട്ടില്ല

Posted on: July 22, 2014 11:04 am | Last updated: July 22, 2014 at 11:04 am

VALAYARപാലക്കാട്: പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ഇ- ഡിക്ലറേഷന്‍ പദ്ധതിയ്ക്കു തുടക്കം. ആദ്യദിനം ചെക്‌പോസ്റ്റില്‍ തിരക്ക് അനുഭവപ്പെട്ടില്ല.
തമിഴ്‌നാട്ടില്‍ നിന്നും ചരക്കുലോറികള്‍ വരുന്നതില്‍ ഗണ്യമായ കുറവാണ് ഇന്നലെ അനുഭവപ്പെട്ടത്. വന്‍ തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇ- ഡിക്ലറേഷനിലെ പരിചയക്കുറവും ആശങ്കകളുമാണ് ചരക്കുനീക്കം കുറച്ചതിനു കാരണമെന്നു സൂചനയുണ്ട്. അരകിലോമീറ്ററോളം മാത്രമാണ് ലോറികളുടെ നീണ്ട നിരയുണ്ടായിരുന്നത്.
ലോറിക്കാരുടെ പരിചയക്കുറവ് പരിഗണിച്ച് ഇന്നലെ സമ്പൂര്‍ണമായി ഇ- ഡിക്ലറേഷന്‍ പദ്ധതി നടപ്പാക്കിയില്ല. തുടക്കത്തില്‍ പഴയപടി ബില്ലടിച്ചു നല്‍കുന്ന രീതിയാണ് അവലംബിച്ചത്. ഇന്നു പൂര്‍ണമായി പദ്ധതി പ്രാബല്യത്തിലാക്കാനാണു തീരുമാനം. പുതിയ നിയമപ്രകാരം ഇ-ഡിക്ലറേഷനുള്ള വാഹനങ്ങളെ മാത്രമേ ചെക്കുപോസ്റ്റുകടത്തിവിടുകയുള്ളുവെന്നാണ് അധികൃതരുടെ ഉത്തരവ്. വാഹനപരിശോധന വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനുമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.