ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

Posted on: July 22, 2014 1:06 am | Last updated: July 22, 2014 at 11:42 pm

glasgow-1405328276ഗുസ്തിയില്‍ പുത്തന്‍ പ്രതീക്ഷകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഗുസ്തി. 2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത് ഗുസ്തി പിടിച്ചായിരുന്നു. ഇത്തവണ പക്ഷേ, ഗ്രീക്കോ റോമന്‍ ഗുസ്തി മത്സര ഇനമല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഡല്‍ഹിയില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തിലെ ആകെ പത്തൊമ്പത് മെഡലുകളില്‍ ഏഴും സ്വന്തമാക്കിയത് ഇന്ത്യയായിരുന്നു. അതിനര്‍ഥം, ഉറച്ച ഏഴ് മെഡലുകള്‍ ഗ്ലാസ്‌ഗോ ഗെയിംസിന് തിരിതെളിയും മുമ്പെ ഇന്ത്യക്ക് നഷ്ടമായി എന്നാണ്.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറും ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തുമാണ് ഗുസ്തി ടീമിന്റെ ആവേശം. എന്നാല്‍, ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഇത് ഇവരുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. കാരണം, ഇറ്റലിയിലെ സസാരിയില്‍ പുതിയ വെയിറ്റ് കാറ്റഗറിയില്‍ ആദ്യമായി മത്സരിച്ച യോഗേശ്വറും സുശീലും തിളങ്ങി. 65 കിഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ 74 കി.ഗ്രാമില്‍ സുശീല്‍ കുമാര്‍ വെള്ളിയും സ്വന്തമാക്കി. ഡല്‍ഹിയില്‍ സുശീല്‍ കുമാര്‍ 60 കിഗ്രാമിലും യോഗേശ്വര്‍ 66 കി.ഗ്രാമിലുമാണ് മത്സരിച്ചത്.. അന്നവര്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തു.
ഗുസ്തി ടീം മികച്ചതാണെന്ന് ഇന്ത്യന്‍ റെസ്‌ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ രാജ് സിംഗ് അവകാശപ്പെടുന്നു.
യുവതാരങ്ങളായ അമിത് കുമാര്‍, ബജ്‌രംഗ് പൂനിയ, പവന്‍ കുമാര്‍, സത്യവ്രത് എന്നിവര്‍ക്ക് ഗുസ്തിയിലെ മാറിയ വെയിറ്റ് കാറ്റഗറി നിയമം ബാധകമാകില്ലെന്നത് അനുകൂലഘടകമാണ്. പത്തൊമ്പതുകാരനായ അമിത് ബുഡാപെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവാണ്. ഹരിയാനയിലെ പാല്‍ക്കാരന്റെ മകനായ അമിത് ഇന്ത്യയുടെ ഷുവര്‍ ബെറ്റാണ്. കഴിഞ്ഞ വര്‍ഷംബുഡാപെസ്റ്റില്‍ ബജ്‌രംഗ് വെങ്കലമെഡല്‍ ജേതാവായാണ് വരവറിയിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയതോടെ ലോകറാങ്കിംഗില്‍ ആറാം സ്ഥാനത്ത്. ഗുസ്തി സംഘത്തിലെ ഉയര്‍ന്ന റാങ്കുകാരനും ബജ്‌രംഗാണ്. അമിതിന്റെ ലോകറാങ്കിംഗ് ഒമ്പതാണ്.
2013 ജോഹന്നസ്ബര്‍ഗ് കോമണ്‍വെല്‍ത്ത് റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കലം ഉള്‍പ്പടെ ഫ്രീസ്റ്റൈലില്‍ മെഡല്‍ക്കൊയ്ത്ത് നടത്തിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.
ഏഷ്യയിലെ മൂന്നാം നമ്പര്‍ താരമായ സത്യവ്രതിന്റെ ഹെവിവെയ്റ്റ് കാറ്റഗറി സ്വര്‍ണം, ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യത്തേതായി. ലോകറാങ്കിംഗില്‍ സത്യവ്രത് പതിമൂന്നാം സ്ഥാനത്താണ്. 74 കിഗ്രാമില്‍ പതിനേഴാം റാങ്കിലുള്ള പവന്‍ ഗ്ലാസ്‌ഗോയില്‍ മത്സരിക്കുന്നത് 86 കിഗ്രാമിലാണ്.
വനിതാ വിഭാഗത്തിലും ഇന്ത്യ കുറേ മെഡലുകള്‍ പ്രതീക്ഷിക്കുന്നു. നാല് വര്‍ഷം മുമ്പ് ഡല്‍ഹി ഗെയിംസില്‍ മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പടെ ആറ് മെഡലുകളാണ് വനിതകള്‍ നേടിയത്. 55 കിഗ്രാമില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ബബിത ഉറച്ച് വിശ്വസിക്കുന്നു.ഗീഥിക, നവ്‌ജ്യോത്, ജ്യോതി, വിനേഷ എന്നിവരും മെഡല്‍ ലക്ഷ്യമിടുന്നു.

സ്‌ക്വാഡ് :
പുരുഷ ടീം: അമിത് കുമാര്‍ (57കി.ഗ്രാം), ബജ്‌രംഗ് പൂനിയ (61 കി.ഗ്രാം), യോഗേശ്വര്‍ ദത്ത് (65 കി.ഗ്രാം), സുശീല്‍ കുമാര്‍ (74 കി.ഗ്രാം), പവന്‍ കുമാര്‍ (86 കി.ഗ്രാം), സത്യവന്ദ് കര്‍ദിയാന്‍ (97 കി.ഗ്രാം), രാജീവ് തോമര്‍ (125 കി.ഗ്രാം).

വനിതാ ടീം: വിനേഷ (48 കി.ഗ്രാം), ലളിത (53 കി.ഗ്രാം), ബബിത കുമാരി (55 കി.ഗ്രാം), ഗീഥിക ജാഖര്‍ (63 കി.ഗ്രാം), നവ്‌ജ്യോത് കൗര്‍ (69 കി.ഗ്രാം), ജ്യോതി (75 കി.ഗ്രാം).