Connect with us

Gulf

കനാല്‍ നിര്‍മാണം; ശൈഖ് സായിദ് റോഡില്‍ ഗതാഗതം വഴിതിരിച്ചുവിടല്‍ തുടങ്ങി

Published

|

Last Updated

ദുബൈ: കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ ഗതാഗതം വഴിതിരിച്ചുവിടല്‍ തുടങ്ങിയതായി ആര്‍ ടി എ ട്രാഫിക് ആന്റ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത മുഹമ്മദ് ബിന്‍ത് ഉദായ് അറിയിച്ചു.

സഫ പാര്‍ക്കിന് സമീപം അബുദാബി ഭാഗത്തേക്കുള്ള ഗതാഗതമാണ് വഴിതിരിച്ചുവിടുന്നത്. ഒക്‌ടോബര്‍ അവസാനത്തോടെ ഇവിടെ നിര്‍മാണം പര്‍ത്തിയാകും. ഒരു കിലോമീറ്റര്‍ നീളത്തില്‍ ആണ് വാഹനങ്ങള്‍ വഴിമാറിപ്പോകേണ്ടത്. സുഗമമായ വാഹന ഗതാഗതത്തിന് തടസം നേരിടാത്ത തരത്തിലാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. നിലവിലെ ആറുവരിക്ക് സമാനമാണ് താത്കാലിക പാത. അതേസമയം, ശൈഖ് സായിദ് റോഡില്‍ അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള വാഹനങ്ങള്‍ തത്കാലം വഴിതിരിച്ചുവിടുന്നില്ല.
കനാലിന്റെ ഭാഗമായുള്ള വടക്കന്‍ പാലത്തിന്റെ നിര്‍മാണം ഇതോടൊപ്പം തുടങ്ങും. മൂന്നു കരാറുകളാണ് ദുബൈ കനാല്‍ പദ്ധതിക്ക് നല്‍കിയിരിക്കുന്നത്. ശൈഖ് സായിദ് റോഡില്‍ എട്ടുവരികളുള്ള പാലം നിര്‍മിക്കുകയാണ് അതിലൊന്ന്. എട്ടുമീറ്റര്‍ ഉയരത്തിലായിരിക്കണം പാലം. ഇതിനടിയിലൂടെ 24 മണിക്കൂറും നൗകകള്‍ക്കും മറ്റും സഞ്ചരിക്കാന്‍ കഴിയണം. കനാലിനു ഇരുവശങ്ങളിലും അനുബന്ധ റോഡുകള്‍ പണിയണം. ജുമൈറ റോഡിലും അല്‍ വാസല്‍ റോഡിലും മൂന്നുവരികളുള്ള പാലങ്ങള്‍ നിര്‍മിക്കാനാണ് മറ്റൊരു കരാര്‍. അല്‍വാസല്‍ റോഡിനും ഹദീഖ റോഡിനും മധ്യേ നടപ്പാലം പണിയണം. ഇവിടങ്ങളിലും ഗതാഗതം വഴിതിരിച്ചുവിടും. 3.2 കിലോമീറ്ററിലാണ് കനാല്‍ നിര്‍മാണം. ഇരു ഭാഗത്തും മതില്‍ പണിയുന്നതിനടക്കമുള്ള കരാറാണ് മൂന്നാമത്തേത്. വാട്ടര്‍ ബസ് ഫെറി, നടപ്പാലങ്ങള്‍ എന്നിവ പണിയുമെന്നും മൈത്ത ബിന്‍ത് ഉദായ് അറിയിച്ചു.