ഹത്തയുടെ പുരാതന ചരിത്രശേഖരവുമായി കള്‍ച്ചറല്‍ സൊസൈറ്റി

Posted on: July 21, 2014 8:34 pm | Last updated: July 21, 2014 at 8:34 pm

hattafort1_innerbigദുബൈ: യു എ ഇയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യമുള്ള, ഒമാന്‍ അതിര്‍ത്തി പ്രദേശമായ ഹത്തയുടെ പുരാതന ചരിത്രം വെളിച്ചം കാണുന്നു. ഹത്തയുടെ പഴയതും പുതിയതുമായ ചരിത്രങ്ങള്‍ ഗവേഷണം നടത്തി പുറംലോകത്തെത്തിക്കുന്നത് ഹത്ത കള്‍ച്ചര്‍-ആര്‍ട്-ഹെറിട്ടേജ് സൊസൈറ്റിയാണ്.

രണ്ടു വര്‍ഷത്തിലധികം നീണ്ടു നിന്ന പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായാണ് ഹത്തയുടെ ഇന്നലെകളെ പുതിയ ചരിത്രാന്വേഷകര്‍ക്കായി വെളിച്ചം കാണിക്കാനായത്. പ്രദേശത്ത് ജീവിച്ചിരിക്കുന്ന പ്രായം ചെന്നവരെയും പ്രദേശത്തിന്റെ പൈതൃകത്തെക്കുറിച്ച് പഴമക്കാര്‍ എഴുതിവെച്ച ചരിത്രരേഖകളും കവിതാ സമാഹാരവുമൊക്കെ വിവരശേഖരത്തിന് പ്രത്യേകം നിയോഗിക്കപ്പെട്ട സംഘം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ആധുനികതയും വികസനങ്ങളും കടന്നുവന്ന 1980 നു മുമ്പും ശേഷവുമുള്ള ഹത്തയുടെ രണ്ടു മുഖങ്ങളായാണ് കള്‍ച്ചറല്‍ അതോറിറ്റി ചരിത്രം ശേഖരിച്ചിരിക്കുന്നത്. ഇസ്‌ലാമിക യുഗത്തിനു മുമ്പ് മുതല്‍ 1980 വരെയുള്ള ഹത്തയുടെ മുഖവും അതിനുശേഷമുള്ള മുഖവും വെവ്വേറെ ക്രോഡീകരിച്ചിട്ടുണ്ട്. ഹത്തയിലെ പുരാതന സാംസ്‌കാരിക-സാമൂഹിക-കുടുംബ ജീവിത സാഹചര്യങ്ങളാണ് ഒന്നാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇക്കാലത്ത് പ്രദേശത്ത് ലഭ്യമായിരുന്ന ഔഷധച്ചെടികളും അവ ഉപയോഗിച്ച് നിലനിന്നിരുന്ന ചികിത്സാ രീതികളും ഈ ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. ആദ്യകാലത്ത് ഹത്തയില്‍ വിളഞ്ഞിരുന്ന വിവിധ തരം ഈത്തപ്പഴങ്ങള്‍, ഈത്തപ്പന മരത്തിന്റെ തടി, ഓല തുടങ്ങിയവയെക്കൊണ്ട് പൂര്‍വികര്‍ നിത്യോപയോഗത്തിനായി ഉണ്ടാക്കിയിരുന്ന പായ, വിശറി തുടങ്ങിയ വസ്തുക്കളെക്കുറിച്ചും ഈ ഭാഗത്ത് പരാമര്‍ശമുണ്ട്.
പൂര്‍വികരുടെ ഭക്ഷണ-വസ്ത്രധാരണ രീതികള്‍, വീടുകളില്‍ വളര്‍ത്തിയിരുന്ന പക്ഷി-മൃഗാദികള്‍, അക്കാലത്തെ വിവാഹ ആഘോഷങ്ങളും അനുബന്ധ ആചാരങ്ങളും തുടങ്ങി നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഹത്തയിലെ ജനജീവിതം കൃത്യമായി വരച്ചുകാണിക്കുന്നതാണ് കള്‍ച്ചറല്‍ സൊസൈറ്റി തയാറാക്കിയ വിജ്ഞാന കോശം.
പൂര്‍വികരുടെ വഴിമറന്ന ഒരു സമൂഹത്തിനും പുരോഗതിപ്പെടാന്‍ കഴിയില്ലെന്ന തത്വത്തിനടിസ്ഥാനത്തില്‍, രാജ്യത്ത് പുതിയ തലമുറക്ക് മുമ്പോട്ട് അതിവേഗം നടക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി വെളിച്ചം വീശിയ ഈ ചരിത്ര സംരംഭം വഴികാട്ടും.