ഫോക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഈ വര്‍ഷം മുതല്‍

Posted on: July 21, 2014 8:00 pm | Last updated: July 21, 2014 at 8:32 pm

ദുബൈ: വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഫോക്കസ് ഫൗണ്ടേഷന്റെ പ്രഥമ സംരംഭം ഫോക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളജ് തൃശൂരിലെ പൂമലയില്‍ ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡയറക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോളജിനോട് ചേര്‍ന്ന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫോക്കസ് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറും പ്രവര്‍ത്തനം ആരംഭിക്കും. ഗഹനമായ അക്കാദമിക് പഠനത്തിനായി വിദ്യാര്‍ഥികളെ മാനസികമായും ഭൗതികമായും ശാരീരികമായും പ്രാപ്തരാക്കുകയാണ് സ്ഥാപനങ്ങളുടെ ലക്ഷ്യം.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ അഞ്ച് എന്‍ജിനീയറിംഗ് ബ്രാഞ്ചുകളില്‍ ഓരോന്നിനും 60 വീതം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കേരള സര്‍ക്കാറിന്റെ ഉപദേശ പ്രകാരവും 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ പ്ലസ് ടു മാര്‍ക്കിന്റെയും കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലും വിദ്യാര്‍ഥികളെ ചേര്‍ക്കും. ബാക്കിവരുന്ന 15 ശതമാനം എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രസ്തുത നിയമങ്ങള്‍ക്ക് വിധേയമായി വിദ്യാര്‍ഥികളെ ചേര്‍ക്കുമെന്നും ഡയറക്ടര്‍മാര്‍ അറിയിച്ചു.
ഡയറക്ടര്‍മാരായ സഹീദ് കെ കെ, മനോജ് കുമാര്‍ ഗോവന്ദ്, ജോണ്‍ ഇമ്മാനുവല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ശങ്കരനാരായണന്‍ പി, ജോസ് ജോര്‍ജ്ജ്, ജാബിര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.