Connect with us

Wayanad

നേന്ത്രവാഴക്ക് ഉത്പാദനം വര്‍ധിച്ചപ്പോള്‍ വിലയുമില്ല; പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകര്‍ക്ക് നിരാശ

Published

|

Last Updated

കല്‍പ്പറ്റ: മുന്‍വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് നേന്ത്രവാഴ കൃഷിചെയ്ത കര്‍ഷകര്‍ക്ക് തിരിച്ചടി. ഒന്നരമാസത്തോളമായി നേന്ത്രക്കുലയുടെ വില ഉയരാത്തതാണ് കര്‍ഷകര്‍ക്ക് വിനയായിട്ടുള്ളത്.
2028 രൂപയാണ് കഴിഞ്ഞ രണ്ടുമാസത്തോളമായി കുലയുടെ വില. ശനിയാഴ്ച 28 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നേന്ത്രക്കുലക്ക് റെക്കോര്‍ഡ് വിലയായിരുന്നു. കിലോക്ക് 45 രൂപവരെ വില ലഭിച്ചു. വയനാടിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു 45 രൂപ വില ലഭിച്ചത്. ഈ അനുഭവത്തില്‍നിന്നായിരുന്നു കര്‍ഷകര്‍ ഇത്തവണ കൂടതല്‍ കൃഷിയിറക്കിയത്. വിളവെടുപ്പ് ആരംഭത്തില്‍ കര്‍ഷകപ്രതീക്ഷകള്‍ തെറ്റിയില്ല. ഉയര്‍ന്ന വിലയോടെയായിരുന്നു തുടക്കം. നാല്‍പതിനോടടുത്ത് വില ലഭിച്ചു. എന്നാല്‍ പിന്നീട് വില ഇടിയാന്‍ തുടങ്ങി. കിലോ 20ല്‍വരെയെത്തി. വില താഴ്ന്ന് നില്‍ക്കുന്നത് കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്. വന്‍തുക മുടക്കിയാണ് കൃഷി ചെയ്തത്.
വിലക്കുറവ് കര്‍ഷകരെ കടബാധ്യതയിലാക്കും. രാസവളത്തിന്റെ ഉയര്‍ന്നവില കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പാട്ടത്തിന് വയലെടുത്ത് കൃഷിചെയ്യുന്നവരാണ് ജില്ലയില്‍ ഏറെയും. വര്‍ഷക്കാലത്തെ കൃഷിനാശവും സഹിക്കണം. ഉല്‍പ്പാദനവര്‍ധനവാണ് വിലയിടിവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഉല്‍പ്പാദനം കൂടിയത് വയനാടന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം അയല്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറവായിരുന്നു. കാലവര്‍ഷത്തില്‍ വയനാട്ടിലുള്‍പ്പെടെ വന്‍തോതില്‍ വാഴകൃഷി നശിക്കുകയും ചെയ്തു. ഇതും വില ഉയരാന്‍ കാരണമായിരുന്നു. തമിഴനട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കുലകള്‍ ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നതായും കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ഇടനില കച്ചവടക്കാര്‍ ബോധപൂര്‍വം വിലയിടിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കുല തരംതിരിച്ചും കര്‍ഷകരെ ചുഷണം ചെയ്യുന്നു. അല്‍പ്പം വണ്ണം കുറഞ്ഞ കായപോലും “സെക്കന്റ്” വിഭാഗത്തില്‍പെടുത്തി വിലകുറക്കുകയാണ്. മുന്‍കാലങ്ങളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാട്ടില്‍ നിന്നും 300400 ലോഡ് കുലകള്‍ ദിവസവും തെക്കന്‍ ജില്ലകളിലേക്കും മറ്റുസംസ്ഥാനങ്ങളിലേക്കുമായി കയറ്റി പോകുമായിരുന്നു. എറണാകുളം വിപണിയിലേക്കാണ് കൂടുതലായി അയച്ചിരുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കും നേരത്തെ സുലഭമായി കുലകള്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ ഇതിലും കുറവ് വന്നു. കഴിഞ്ഞവര്‍ഷം കുലക്ക് വില ലഭിച്ചപ്പോള്‍ കര്‍ഷകരുടെ കൈയ്യില്‍ ഉല്‍പ്പന്നമുണ്ടായില്ല. ഇത്തവണ ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ വിലയുമില്ല. ഇത് വയനാടന്‍ കര്‍ഷകന്റെ പതിവ് ദുരിതമാകുകയാണ്.

Latest