Connect with us

Malappuram

മഴ കനത്തു: മലയോരത്ത് വ്യാപക നാശനഷ്ടം

Published

|

Last Updated

നിലമ്പൂര്‍: മഴ കനത്തതോടെ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. നിലമ്പൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. മേഖലയില്‍ തുടരുന്ന കനത്ത മഴയും നിര്‍മാണത്തിലെ അപാകവുമാണ് വീട് തകരാന്‍ കാരണമെന്നാണ് നിഗമനം.
നിലമ്പൂര്‍ ആംഡ് ബറ്റാലിയന്‍ ക്യാമ്പിലേക്കുള്ള റോഡിനോട് ചേര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തെ ഒരു ഡോക്ടറുടെ വീടാണ് ഇന്നലെ പുലര്‍ച്ചയോടെ തകര്‍ന്നത്. വലിയ ശബ്ദത്തോടെ വീട് തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പലര്‍ക്കും ആദ്യം മനസ്സിലായില്ല. രണ്ട് നിലയില്‍ നിര്‍മിക്കുന്ന വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ചാലിയാര്‍ പഞ്ചായത്തിലെ വൈലാശ്ശേരി ആദിവാസി കോളനിയിലെ പരട്ടയില്‍ മുണ്ടിയുടെ വീടും തകര്‍ന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി നശിച്ചു. ബന്ധുവായ മാതിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയായിരുന്നു മുണ്ടിയും മകളും. ഇതിനാല്‍ അപകടമുണ്ടായില്ല. ഓടുകള്‍ ഭൂരിഭാഗവും നശിച്ചു. പച്ചമണ്‍കട്ട ഉപയോഗിച്ച് നിര്‍മിച്ചതാണ് വീട്.
പഴക്കം ചെന്ന വീടായതിനാല്‍ പുതിയ വീട് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തില്‍ മൂന്ന് തവണ മുണ്ടി വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മുണ്ടിക്ക് പുതിയ വീട് അനുവദിച്ചിട്ടില്ല. വീട് പൂര്‍ണമായി തകര്‍ന്നതോടെ ബന്ധുവായ മാതിയുടെ വീട്ടിലാണ് മുണ്ടിയുടെ താമസം.
ശക്തമായ കാറ്റില്‍ നിലമ്പൂരില്‍ തെങ്ങ് വീണ് ഭജനമഠം തകര്‍ന്നു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താനിയിലെ ദേവീക്ഷേത്രത്തിന്റെ ഭജനമഠമാണ് തകര്‍ന്നത്. ഞായറാഴ്ച 11 മണിയോടെ വീശിയ ശക്തമായ കാറ്റിലാണ് സമീപവാസിയുടെ പറമ്പിലുണ്ടായിരുന്ന തെങ്ങ് മുറിഞ്ഞ് വീണത്. അമ്പലം അടച്ച് ഭക്തരില്ലാതിരുന്ന സമയമായതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല.

കാളികാവ്: ശനിയാഴ്ച രാത്രി ഉണ്ടായ കനത്തമഴയില്‍ കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനി ഒറ്റപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. 13 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്ക് എത്തിപ്പെടാനുള്ള ഏക വഴിയായ ചിങ്കക്കല്ല് റോഡിന് കുറുകെയുള്ള കാട്ടുചോല കരകവിഞ്ഞൊഴുകിയതോടെയാണ് കോളനി പ്രദേശം ഒറ്റപ്പെട്ടത്.
ചിങ്കക്കല്ല് കോളനിക്ക് സമീപത്തായി താമസിക്കുന്ന കുട്ടശ്ശേരി അയ്യപ്പന്‍, തടിയന്‍ മുഹമ്മദ്, ബാബു, ചുണ്ടിയംമൂച്ചി അബ്ദുട്ടി, സാജന്‍ തുടങ്ങിയവരുടെ വീടുകളും ഒറ്റപ്പെട്ടു. വള്ളിപ്പൂള പുഴയോരത്തെ നിസ്‌കാര പള്ളി, ഭൂമിക്കാരന്‍ ശങ്കരന്‍, മാഞ്ചേരി ഫൈസല്‍, അയ്യണന്‍ അയ്യപ്പന്‍, പിലാക്കാടന്‍ ഹംസ, കോരനാത്ത് സാജിര്‍ തുടങ്ങിയവരുടെ വീടുകളും ഭീഷണിയിലാണ്. ചോക്കാട് പൊട്ടി, പുല്ലങ്കോട് സ്രാമ്പിക്കല്ല്, പെരുങ്ങപ്പാറ, മേഖലയിലും കഴിഞ്ഞ ദിവസം വെള്ളം കയറി.
കനത്ത മഴയില്‍ പ്രദേശത്ത് നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. ചോക്കാട് ഗിരിജന്‍ കോളനിയിലെ കവള മുണ്ടി എന്നവരുടെ വീട് തകര്‍ന്നു. വീട് ചോര്‍ന്നൊലിക്കുന്നത് കാരണം ശനിയാഴ്ച രാത്രി ഏറെ പ്രയാസപ്പെട്ടാണ് അന്തിയുറങ്ങിയത്. മകന്‍ ശ്രീകുമാര്‍ എസ് ടി പ്രൊമോട്ടറാണെങ്കിലും വീട് തകര്‍ന്നത് നന്നാക്കാന്‍ അധികൃതര്‍ കനിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ കൂടുതല്‍ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചുമരിന് വിള്ളല്‍ വന്ന് ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. രണ്ട് കുടുംബങ്ങള്‍ വീതം താമസിക്കുന്ന വീടുകളില്‍ ഒരു ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണമായി തകര്‍ന്നിരുന്നു. വീടിനുള്ളില്‍ ചോര്‍ന്നൊലിക്കുന്നത് കാരണം പാത്രങ്ങല്‍ നിരത്തിയിരിക്കുകയാണ്.
കോളനിയിലെ മറ്റ് ഇരുപത് വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. 1976 ലാണ് കോളനിയില്‍ വീടുകള്‍ നിര്‍മിച്ചത്. അതിന് ശേഷം അറ്റകുറ്റപ്പണികളൊന്നും കാര്യമായി ചെയ്തിട്ടില്ല. മൃഗ തുല്ല്യരായി ജീര്‍ണിച്ച വീടുകളില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് കോളനിക്കാര്‍ നയിക്കുന്നത്. മിക്ക വീടുകളും മരക്കൊമ്പ് കൊണ്ട് താങ്ങി നിര്‍ത്തിയ നിലയിലുമാണ്. ആദിവാസി വിഭാകക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ ആദിവാസികളെ ചൂഷണം ചെയ്യാന്‍ മാത്രമാണ് ഉള്ളതെന്നാണ് കോളനിക്കാര്‍ പറയുന്നത്.
കൊണ്ടോട്ടി: കനത്ത കാറ്റിലും മഴയിലും വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് പൂളക്കത്തടം പെരിമ്പിലായി ചോലക്കാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഓട് വീട് തകര്‍ന്നുവീണത്. മകന്‍ വീരാന്‍കുട്ടിയും കുടുംബവും മുഹമ്മദിന്റെ അസുഖബാധിതയായ ഭാര്യ ആഇശയും മാനസിക നില തെറ്റിയ മൂന്ന് മക്കളായ അബ്ദു, ജമാല്‍, നസീറ എന്നിവരുമാണ് വീട്ടില്‍ താമസിക്കുന്നത്.
അപകട സമയത്ത് ഇവര്‍ അടുക്കള ഭാഗത്തായതിനാല്‍ വന്‍ദുരന്തം വഴിമാറി. വീരാന്‍കുട്ടിയുടെ ഏക വരുമാനത്തില്‍ കഴിയുന്ന കുടുംബം വീട് കൂടി തകര്‍ന്നതോടെ പ്രതിസന്ധിയിലാണ്. സംഭവസ്ഥലത്ത് വാര്‍ഡ് അംഗം എന്‍ ബേബി കമലം, മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു.

Latest