Connect with us

Editorial

വിമാന ദുരന്തവും വന്‍ശക്തികളും

Published

|

Last Updated

ഒരു മലേഷ്യന്‍ വിമാനം കൂടി ദുരന്തത്തിനിരയായിരിക്കുന്നു. റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ഉക്രൈനിലെ കിഴക്കന്‍ മേഖലയിലാണ് ഇത്തവണ മലേഷ്യന്‍ വിമാനം തകര്‍ന്നുകത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചുവെന്നാണ് സ്ഥിരീകരണം. വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന നിഗമനം ശക്തമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനെ ശരിവെക്കുന്ന തെളിവുകള്‍ നിരത്തുന്നുണ്ട്. എന്നാല്‍ റഷ്യയും ഉക്രൈനിലെ ഡൊണറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളിലെ പ്രദേശിക ഭരണം കൈയാളുന്ന വിമതരും ഈ തെളിവുകള്‍ വകവെക്കുന്നില്ല. അമേരിക്ക മുന്‍ധാരണയോടെയും ഉത്തരവാദിത്വമില്ലാതെയുമാണ് പെരുമാറുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ പരാതിപ്പെടുന്നു. ശരിയായ അന്വേഷണം നടക്കുന്നതിന് പകരം തുടക്കത്തിലേ കുറ്റവാളികളെ പ്രഖ്യാപിക്കുന്ന സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുറത്തെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവിടെ ഒരു കാര്യം ഉറപ്പാണ്. ഉക്രൈനിലെ ആഭ്യന്തര സംഘര്‍ഷത്തിനും അതില്‍ റഷ്യയുടെയും പാശ്ചാത്യ ശക്തികളുടെയും ഇടപെടലിനും ഈ ദുരന്തത്തില്‍ പങ്കുണ്ട്. ആ പങ്ക് പൂര്‍ണമായി പുറത്തു വരുന്നില്ലെങ്കില്‍ ഈ ദുരന്തവും കുറേ മനുഷ്യരുടെ കണ്ണുനീരായി മാത്രം അവസാനിക്കും.
രാജ്യങ്ങള്‍ക്കകത്തും രാജ്യങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷം ആകാശ മാര്‍ഗങ്ങളെ ബാധിക്കാത്ത വിധം ക്രമീകരണങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. അത്തരമൊരു സുരക്ഷിത പാത ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍ തങ്ങളുടെ ആകാശ അതിര്‍ത്തിയില്‍ കൂടി വിമാന സഞ്ചാരങ്ങള്‍ നടത്തേണ്ടതില്ലെന്ന് തുറന്നു പ്രഖ്യാപിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണം. അതിവേഗം കുതിക്കുന്ന ആധുനിക ജീവിതത്തിന് അനിവാര്യമായ വേഗയാത്ര സമ്മാനിക്കുന്നത് വ്യോമ പാതകള്‍ തന്നെയാണ്. വിമാന യാത്രകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. പുതിയ വിമാനക്കമ്പനികള്‍ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും വരുന്നു. ലോകത്തിന്റെ മുക്കും മൂലയും വ്യോമ സര്‍വീസുകളാല്‍ ബന്ധിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ലോകത്തിന്റെയാകെ ബാധ്യതയാണ്. യന്ത്രത്തകരാറും കാലാവസ്ഥയിലെ മാറ്റവും വൈമാനികരുടെ വ്യക്തിപരമായ പിഴവുകളുമെല്ലാം അപകടങ്ങള്‍ വരുത്തിവെക്കുന്നുണ്ട്. എന്നാല്‍ ഉക്രൈനിലെ വിമത മേഖലയില്‍ മലേഷ്യന്‍ വിമാനത്തിനുണ്ടായ ദുരന്തം തികച്ചും വ്യത്യസ്തമാണ്. മിസൈല്‍ ആക്രമണത്തിലാണ് എം എച്ച് 17 തകര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് മിസൈല്‍ തൊടുത്തു വിട്ടത് എന്നതിലേ തര്‍ക്കം നിലനില്‍ക്കുന്നുള്ളൂ. തെളിവുകള്‍ മുഴുവന്‍ റഷ്യക്കും റഷ്യന്‍ അനുകൂല വിമതര്‍ക്കും എതിരാണ് താനും. അങ്ങനെ വരുമ്പോള്‍ കരുതിക്കൂട്ടി നടത്തിയ കൂട്ടക്കുരുതിയാണിത്. ദുരന്തമെന്ന പദം പോലും ഇവിടെ അപ്രസക്തമാണ്.
സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും എണ്ണത്തുണിയേറില്‍ തന്നെയാണ് വന്‍ ശക്തികള്‍. ഇതിനിടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയാണ്. വിമാനം തകര്‍ന്നു വീണ ഗ്രാബോവോ പാടശേഖരത്തിലേക്ക് തങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നിരവധി മൃതദേഹങ്ങള്‍ വിമതര്‍ സ്വന്തം താവളത്തിലേക്ക് മാറ്റിയിട്ടിണ്ടെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ ആരോപിച്ചിട്ടുമുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് തങ്ങള്‍ മോസ്‌കോയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിമതരുടെ വാദം. എന്നാല്‍ വിമാന സര്‍വീസിന്റെ ഉടമസ്ഥരായ തങ്ങളുടെ അനുമതിയില്ലാതെ ഒരാള്‍ക്കും ബ്ലാക്ക് ബോക്‌സോ മറ്റേതെങ്കിലും അവിശിഷ്ടങ്ങളോ കൈകാര്യം ചെയ്യാനാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് തുറന്നടിച്ചു. ചുരുക്കത്തില്‍ അവകാശവാദങ്ങളും കുറ്റപ്പെടുത്തുലുകളും മാത്രമേ നടക്കുന്നുള്ളൂ. സത്യം പുറത്തു വരുന്നില്ല. ഇരകളോട് ചെയ്യുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് ഇത്. മുതലെടുപ്പും ഒഴുഞ്ഞുമാറലും നിര്‍ത്തി വെച്ച് റഷ്യയടക്കമുള്ളവയുടെ സഹകരണത്തോടെ തടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അമേരിക്കയും ഉക്രൈനുമൊക്കെ ശ്രമിക്കേണ്ടത്. സംഭവം നടന്ന പ്രദേശത്ത് സുരക്ഷിത വ്യോമ മേഖല സംയുക്തമായി പ്രഖ്യാപിക്കാന്‍ ഉക്രൈനും വിമതര്‍ക്കും സാധിച്ചത് ഈ ദിശയിലേക്കുള്ള ചുവടുവെപ്പാണ്.
ഇവിടെ മലേഷ്യയുടെ അവസ്ഥയാണ് പരമ ദയനീയം. മലേഷ്യന്‍ എയര്‍ലൈന്‍സ് എന്ന പേര് തന്നെ ദുരന്ത സൂചകമായി മാറിയിരിക്കുന്നു. മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായി ബീജിംഗിലേക്ക് പറന്ന എം എച്ച് 370 ഫ്‌ളൈറ്റിന് എന്ത് സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമാണ്. ഈ സംഭവത്തിലും മലേഷ്യ നിസ്സഹായാവസ്ഥയിലാണ്. അന്താരാഷ്ട്ര സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. ഏറ്റവും പുതിയ സംഭവത്തിലാകട്ടെ ഉക്രൈനിന് മുകളില്‍ കൂടി പറക്കരുതെന്ന് ഒരു അന്താരാഷ്ട്ര ഏജന്‍സിയും മലേഷ്യന്‍ വിമാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. എയര്‍ ഇന്ത്യയടക്കമുള്ളവയുടെ വിമാനങ്ങള്‍ അതുവഴി സുരക്ഷിതമായി കടന്നു പോകുകയും ചെയ്തിരുന്നു. അപ്പോള്‍ ഈ ദുരന്തത്തിലും പല തലങ്ങളില്‍ അന്താരാഷ്ട്ര ഉത്തരവാദിത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വിക്ടര്‍ യാനുക്കോവിച്ചിന്റെ കാലത്തെ ഉക്രൈന്‍ റഷ്യന്‍ അനുകൂല സമീപനം പുലര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ വലിച്ച് താഴെയിട്ടത് മുതല്‍ ക്രിമിയ വേര്‍പെട്ടുപോയത് വരെയുള്ള സംഭവപരമ്പരകളില്‍ അമേരിക്കക്കും യൂറോപ്യന്‍ യൂനിയനും പങ്കുണ്ട്. റഷ്യക്കെതിരെ ഇപ്പോഴും ശക്തമായ ഉപരോധം കൊണ്ടുവരികയാണ് അവര്‍. റഷ്യയാകട്ടെ ഉക്രൈനിനെ ശിഥിലമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. അതിനവര്‍ പ്രദേശിക, ഭാഷാ വികാരങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട്, പ്രമാണിമാരുടെ അധികാര ദുരയുടെ ഇരകളാണ് ആ വിമാന യാത്രികര്‍.

Latest