ഹയര്‍ സെക്കന്‍ഡറി വിവാദം: സര്‍ക്കാര്‍ വിദ്യാര്‍ഥിപക്ഷത്ത് നില്‍ക്കണം- എസ് എസ് എഫ്

Posted on: July 21, 2014 8:19 am | Last updated: July 21, 2014 at 8:20 am

കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വിവാദങ്ങളില്‍ തളച്ചിടാനുള്ള നീക്കങ്ങള്‍ ദുരൂഹമാണെന്ന് എസ് എസ് എഫ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുണ്ടാകുന്ന തീരുമാനങ്ങള്‍ക്ക് സാമുദായിക നിറം നല്‍കാനുള്ള നീക്കങ്ങള്‍ ഈയിടെയായി ശക്തിപ്പെട്ടുവരികയാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷത്തെ അപകടപ്പെടുത്തുന്ന ഇത്തരം അപക്വമായ നടപടികളില്‍ നിന്ന് രാഷ്ട്ട്രീയ നേതൃത്വവും മാധ്യമങ്ങളും വിട്ടുനില്‍ക്കണം. പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതും സീറ്റ് വര്‍ധിപ്പിച്ചതും വിവാദമായതിനു പിറകില്‍ സവര്‍ണ ലോബിയുടെ സങ്കുചിത താത്പര്യങ്ങളാണുള്ളത്.
കാലങ്ങളായി നിലനില്‍ക്കുന്ന മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീതിയുടെ പക്ഷത്ത് നില്‍ക്കേണ്ടവര്‍ തന്നെ പുതിയ തീരുമാനങ്ങളുടെ പേരില്‍ വകുപ്പ് മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ കൂടിയാണ്.
മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മതിയായ വിദ്യാര്‍ഥികളെ ലഭിക്കാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മലബാറിലാകട്ടെ എസ് എസ് എല്‍ സി പരീക്ഷ പാസ്സായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ഇപ്പോഴും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ദുര്‍ഗതി നിലനില്‍ക്കുന്നു. സീറ്റുകള്‍ അനുവദിച്ചതിലെ ഈ അസന്തുലിതത്വം മറച്ചുവെക്കുന്നതിനാണ് വിവാദങ്ങള്‍ക്ക് സാമുദായിക നിറം നല്‍കുന്നതെന്ന് സംശയിക്കേണ്ടതുണ്ട്.
മലബാറിനെ എന്നും പിന്നാക്ക മേഖലയായി നിലനിര്‍ത്താനുള്ള സവര്‍ണ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.
ഇക്കാര്യത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിലപാടുകളാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്- യോഗം വിലയിരുത്തി.