വിദേശ നിക്ഷേപത്തില്‍ വിപണിക്ക് മുന്നേറ്റം

Posted on: July 21, 2014 8:18 am | Last updated: July 21, 2014 at 8:18 am

share marketവിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും മുന്നേറി. വിദേശത്തു നിന്നുള്ള പ്രതികൂല വാര്‍ത്തകളെ മറി കടന്ന് ബോംബെ സെന്‍സെക്‌സ് 617 പോയിന്റ് മുന്നേറി. നിഫ്റ്റിയും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചു.
ഉക്രൈന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ യാത്ര വിമാനത്തിനു നേരിട്ട ദുരന്തം ലോക രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാവസ്ഥക്ക് കാരണമാക്കുമോയെന്ന ആശങ്കയിലാണ് നിക്ഷേപ ലോകം. ഇത് മുലം അതീവ ജാഗ്രതയോടെയാണ് സാമ്പത്തിക മേഖല ഓരോ നീക്കത്തെയും വിലയിരുത്തുന്നത്. ഉക്രൈന്‍-റഷ്യ ബന്ധങ്ങളിലെ ഉലച്ചിലും ഇറാഖിലെ സംഘര്‍ഷാവസ്ഥയും ഇസ്രയില്‍- ഗാസ പോരാട്ടവും ഇടപാടുകാരെ ഓഹരി വിപണികളില്‍ നിന്ന് അല്‍പ്പം പിന്തിരിപ്പിക്കാം.
ബോംബെ സെന്‍സെക്‌സ് 25,093 ല്‍ നിന്ന് 24,896 ലേക്ക് തുടക്കത്തില്‍ ഇടിെഞ്ഞങ്കിലും തിരിച്ചു വരവില്‍ 25,713 ലേക്ക് കയറി. വാരാവസാനം സൂചിക 25,641 ലാണ്. ഈ വാരം സൂചികക്ക് 25,125-24,609 താങ്ങ് പ്രതീക്ഷിക്കാം. മുന്നേറിയാല്‍— 25,928-26,215 തടസ്സം അനുഭവപ്പെടാം.
നിഫ്റ്റി സൂചിക 7423ല്‍ നിന്ന് 7680 വരെ ഉയര്‍ന്നു. ഈ അവസരത്തിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ക്ലോസിംഗ് വേളയില്‍ 7664 ലേക്ക് താഴ്ന്നു. നിഫ്റ്റി ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ജൂലൈ സെറ്റില്‍മെന്റ് അടുക്കുകയാണ്. വിദേശ ഫണ്ടുകള്‍ വാരത്തിന്റെ ആദ്യ പകുതിയില്‍ വില്‍പ്പനക്ക് ഉത്സാഹിച്ചെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ നിക്ഷേപകരായി. ഈ മാസം വിദേശ നിക്ഷേപം 22,000 കോടി രൂപയായി. 1.45 ലക്ഷം കോടി രൂപയാണ് വിദേശത്തു നിന്ന് പ്രവഹിച്ചത്.
മലേഷ്യന്‍ വിമാനത്തിനു നേരെയുണ്ടായ കടന്നാക്രമണം ഏഷ്യയിെലയും യുറോപ്പിലെയും പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളില്‍ സമ്മര്‍ദമുളവാക്കി. വിമാന കമ്പനികളുടെ ഓഹരികളില്‍ വില്‍പ്പനയും അനുഭവപ്പെട്ടു. അമേരിക്കന്‍ ഇന്‍ഡക്‌സുകളും ചാഞ്ചാടിയെങ്കിലൂം വ്യാപാരാന്ത്യം ഡൗജോണ്‍സ് സൂചിക 17,100 പോയിന്റിലാണ്.
ലണ്ടന്‍, ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ വാരാന്ത്യം ഫണ്ടുകള്‍ ക്രൂഡ് ഓയിലില്‍ ലാഭമെടുപ്പ് നടത്തി. എണ്ണ വില ബാരലിനു 103 ഡോളറാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില വാരാന്ത്യം ട്രോയ് ഔണ്‍സിന് 1310 ഡോളറിലാണ്.