Connect with us

Wayanad

നോമ്പനുഭവങ്ങള്‍ പങ്കു വെച്ച് അന്യ സംസ്ഥാന തൊഴിലാളികളുടെ ഇഫ്താര്‍ സംഗമം

Published

|

Last Updated

കെല്ലൂര്‍. നാട്ടിലെയും മറു നാട്ടിലെയും നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ ഒരുമിച്ചു കൂടി. കെല്ലൂര്‍ അല്‍ ഹുദാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്ത വിവിധ ദേശങ്ങളിലും സമൂഹങ്ങളിലുമുള്ള മുസ്‌ലിം വിശ്വാസികള്‍ വ്യത്യസ്തവും വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പങ്ക് വെച്ചപ്പോള്‍ അത് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും നേര്‍സാക്ഷ്യമായി.
വിശ്വാസവും അതിജീവനത്തിനു വേണ്ടിയുള്ള പെടാപ്പാടുകളും അതിര്‍ത്തികളെ മായ്ച്ചുകളയുകയും വൈവിധ്യങ്ങളെ കോര്‍ത്തിണക്കുകയും ചെയ്തപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടായ്മ രാജ്യത്തെ ദരിദ്ര ജന വിഭാഗങ്ങളുടെ പൊതുവികാരങ്ങളെ അടയാളപ്പെടുത്തുന്ന സംഗമം കൂടിയായി മാറി.
കേരളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളാണ് ഉത്തരേന്ത്യന്‍ റമദാനിന്റെതെന്നു മാനന്തവാടിയിലെ ഫര്‍ണിച്ചര്‍ കടയില്‍ പോളിഷിംഗ് ജോലികള്‍ ചെയ്യുന്ന ഉത്തര്‍ പ്രദേശിലെ മുസഫര്‍ബാദ് സ്വദേശിയായ അഹ്‌സാന്‍ പറയുന്നു. ഉത്തരേന്ത്യയില്‍ റമസാന്‍ മുസ്‌ലിംകളുടെ ജീവിതത്തെ മാത്രം ബാധിക്കുന്ന അരാധന മാത്രമാണെങ്കില്‍ കേരളത്തില്‍ നോമ്പ് മാസം എല്ലാ ജന വിഭാഗങ്ങളെയും ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ട്. മുസ്‌ലിംകളുടെ ആരാധന എന്നതിനെക്കാളും പ്രാധാന്യത്തോടെയാണ് കേരളത്തിലുള്ളവര്‍ റമസാന്‍ ആചരിക്കുന്നത് അഹ്‌സാന്‍ പറഞ്ഞു.
നോമ്പ് നോല്‍ക്കുന്ന മുസ്‌ലിം തൊഴിലാളികളോട് മലയാളികളായ തൊഴിലുടമകള്‍ കാണിക്കുന്ന താല്പര്യവും പ്രത്യേക പരിഗണനയും ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന് ബീഹാര്‍ സ്വദേശിയായ മുദസ്സിര്‍ അഭിപ്രായപ്പെട്ടു. നോമ്പുകാര്‍ക്ക് തൊഴില്‍ സമയത്തില്‍ പ്രത്യേക ഇളവനുവദിക്കുന്ന വ്യത്യസ്ത മതക്കാരായ മുതലാളിമാര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗ്ലാസ് കട്ടിംഗ് ജോലി ചെയ്യുന്ന മുദസ്സിര്‍ പറഞ്ഞു. ബിഹാറിലെ നക്‌സല്‍ ബാധിത പ്രദേശമായ ജെഹനാബാദുകാരനായ ഷുജാത് മനസമാധാനത്തോടെ നോമ്പെടുക്കാന്‍ തുടങ്ങിയത് കേരളത്തില്‍ വന്നതിനു ശേഷമാണത്രേ. നക്‌സല്‍ ഭീഷണികാരണം ആഴ്ചകളോളം പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടിനകത്ത് തന്നെ കഴിച്ചു കൂട്ടിയ നോമ്പുകാലത്തെ അനുഭവങ്ങളും ഷുജാത് പങ്കു വെച്ചു.
പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഇസ്മായില്‍ വെളിച്ചത്തില്‍ നോമ്പ് തുറക്കാന്‍ തുടങ്ങിയത് കേരളത്തില്‍ വന്നതിനു ശേഷമാണ്. വൈദ്യുതിയോ, ഗതാഗത സൌകര്യങ്ങളോ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ബംഗാളില്‍ ഇപ്പോഴും ഉണ്ടെന്നും ന്യൂന പക്ഷ വിഭാഗങ്ങളാണ് ഇത്തരം പ്രദേശങ്ങളില കൂടുതലായും ഉള്ളതെന്നും ഇസ്മായില്‍ പറഞ്ഞു. അതൊക്കെയായി തട്ടിച്ചു നോക്കുമ്പോള്‍ കേരളം സ്വര്‍ഗ്ഗ തുല്യമാണ് അദ്ദേഹം പറഞ്ഞു. തൊഴിലാളികളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും അവര്ക്ക് വേതനം നല്‍കുന്ന കാര്യത്തിലും മലയാളികള്‍ വളരെ മാന്യന്മാരാണ് എന്നാണ് വിവിധ സംതാനങ്ങളില്‍ ജോലി ചെയ്ത ഹരിയാന സ്വദേശിയായ അഹ്മദ് ഹുസൈന്റെ അഭിപ്രായം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇവിടുത്തുകാര്‍ മലയാളികളോടും അന്യ സംസ്ഥാന തൊഴിലാളികളോടും വിവേചനം കാണിക്കാറില്ലെന്നും ഹുസൈന്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ദല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നായി തൊഴില്‍ തേടിയെത്തിയ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കെല്ലൂര്‍ അല്‍ ഹുദാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ ഒരുക്കിയത്.
നോമ്പ് ഇരുപതോട് കൂടി പെരുന്നാള്‍ ആഘോഷത്തിന് വേണ്ടി നാട്ടിലേക്ക് തിരിച്ചു പോകാന്‍ വേണ്ടിയുള്ള ഒരുക്കത്തിലാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. തിരിച്ചു പോകുമ്പോള്‍ വീട്ടുകാര്‍ക്ക് കൊടുക്കാനായി കോഴിക്കോടന്‍ ഹലുവയും വയനാടന്‍ ചിപ്‌സുമാണ് ഇവര്‍ സമ്മാനമായി കയ്യില കരുതുന്നത്. ചിലര്‍ ഉണക്ക തേങ്ങയും വാങ്ങി വെച്ചിട്ടുണ്ട്.
മസ്ജിദുല്‍ ഹുദയില്‍ നടന്ന ഇഫ്താര്‍ സംഗമത്തിനു മുഹമ്മദ് അലി നദ് വി, അബ്ദുല്‍ ലത്തീഫ് സിദ്ധീഖി, എന്‍ ശംസുദ്ധീന്‍, വി മജീദ്, കെ അബ്ദുള്ള, പി ശംസുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.