Connect with us

Malappuram

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കല്‍; അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിവിധ ഘട്ടങ്ങളിലായി നടക്കുകയാണെന്നും അര്‍ഹരായവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും കലക്റ്റര്‍ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ എയ്ഡഡ് സ്‌കൂളുകളില്‍ യൂണിഫോം വിതരണം പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. യൂണിഫോം വിതരണം ചെയ്യേണ്ട 803 എയ്ഡഡ് സ്‌കൂളുകലാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 494 സ്‌കൂളുകളില്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിവരുന്ന 309 സ്‌കൂളുകളില്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എ, ആര്‍ എം എസ് എ പദ്ധതി വഴിയുള്ള ഫണ്ട് പരമരമാധി ചെലവഴിച്ച് ജില്ലയുടെ വിദ്യാഭ്യാസം നിലവാരം കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും യോഗം അഭി പ്രായപ്പെട്ടു. ഏറനാട് മണ്ഡലത്തിലെ മൂര്‍ക്കനാട് മൈത്ര പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌കെച്ച് തയ്യാറാക്കാന്‍ പി കെ ബശീര്‍ എം എല്‍ എ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലത്തിന്റെ പണി അന്തിമ ഘട്ടത്തിലാണ്. അപ്രോച്ച് റോഡിന് സ്ഥലവും നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ റവന്യൂ വകുപ്പ് ഇതിന്റെ സ്ഥലം അളന്നു നല്‍കുവാനോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌കെച്ചു തയ്യാറാക്കി 30ന് ശേഷം എം എല്‍ എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുവാനും തീരുമാനമായി. മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും സമീപ പ്രദേശങ്ങളിലേക്കും ആവശ്യമായ വെള്ളമെത്തിക്കുന്നതിനായി ഗുണനിലവാരമുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയറോട് എം ഉമ്മര്‍ എം എല്‍ എ ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡിനായി പുതുതായി അപേക്ഷ നല്‍കുന്നവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയോ എം എല്‍ എയുടേയോ സാക്ഷ്യപത്രം മതിയെന്നിരിക്കെ രണ്ട് പേരുടെയും സാക്ഷ്യപത്രം നിഷ്‌കര്‍ഷിക്കരുതെന്ന് എം എല്‍ എമാര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചു. ആരോഗ്യവകുപ്പില്‍ സ്ഥലംമാറ്റ നടപടികളും മറ്റ് നിയമനങ്ങളും ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ഒമ്പത് ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവ സ്ഥലം മാറ്റം വഴിയോ വര്‍ക്ക് അറേഞ്ച്‌മെന്റിലോ ജൂലൈ 31 നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു.
കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എമാരായ എം ഉമ്മര്‍, പി കെ ബശീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി കെ സ്രാജൂട്ടി, മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍, എ ഡി എം. എം ടി ജോസഫ്, ലാന്‍ഡ് എക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍മലകുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

 

Latest